റോഡിലൂടെ നടന്നു പോവുകയായിരുന്ന കുഞ്ഞാലന്റെ കഴുത്തിലാണ് വലിയ തകര ഷീറ്റ് വന്ന് പതിച്ചത്
മലപ്പുറം: കാറ്റിൽ പറന്നുവന്ന തകര ഷീറ്റ് കഴുത്തിൽ പതിച്ച് വയോധികന് ദാരുണാന്ത്യം. മേലാറ്റൂർ സ്വദേശി കുഞ്ഞാലനാണ് മരിച്ചത്. ഇന്ന് വൈകിട്ടോടെയാണ് സംഭവം നടന്നത്. മേലാറ്റൂർ ചെമ്മണിയോട് പാലത്തിലെ റോഡിലൂടെ നടന്നു പോവുകയായിരുന്ന കുഞ്ഞാലന്റെ കഴുത്തിലാണ് വലിയ തകര ഷീറ്റ് വന്ന് പതിച്ചത്. സമീപത്തെ കെട്ടിടത്തിൽ നിന്ന് ശക്തമായ കാറ്റിൽ ഇളകിയ തകര ഷീറ്റ് പറന്നു വന്നതാണെന്നാണ് നിഗമനം. മുറിവേറ്റ് വീണ കുഞ്ഞാലനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
അതിനിടെ കോട്ടയം പാമ്പാടി എട്ടാം മൈലിൽ ടാങ്കർ ലോറി ചായക്കടയിലേക്ക് ഇടിച്ചു കയറി അപകടമുണ്ടായി. അപകടത്തിൽ അഞ്ചു പേർക്ക് ഗുരുതരമായി പരിക്കേറ്റു. വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു അപകടം. നിയന്ത്രണം നഷ്ടമായ ലോറി റോഡിന് മറുവശത്തുള്ള കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. നാല് പേരുടെ നില അതീവ ഗുരുതരമെന്നാണ് വിവരം.
ആറ്റിങ്ങൽ ആലംകോട് ഇന്നോവ കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു കയറി അപകടം നടന്നു. കാർ ഡ്രൈവർ ലഹരി ഉപയോഗിച്ചിരുന്നതായി സംശക്കുന്നുവെന്ന് പൊലീസ് പറയുന്നു. പാലക്കാട് സ്വദേശി ഫ്രാൻസിസിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ കയ്യിൽ നിന്നും 9.32 ഗ്രാം കഞ്ചാവും 0.6 ഗ്രാം എംഡിഎംഎയും പിടികൂടി.
