കോയമ്പത്തൂരിൽ നിന്ന് കെഎസ്ആർടിസി ബസിലാണ് മെത്താഫിറ്റമിൻ കടത്തിയിരുന്നത്. 211 ഗ്രാം മെത്താഫിറ്റമിൻ ഷെമീറിന്റെ കൈവശം ഉണ്ടായിരുന്നു.

വാളയാർ: 20 ലക്ഷം രൂപ വില മതിക്കുന്ന മെത്താഫിറ്റമിനുമായി യുവാവ് പിടിയിൽ. ചാവക്കാട് സ്വദേശി ഷെമീറിനെയാണ് വാളയാർ എക്സൈസ് ചെക്ക് പോസ്റ്റിൽ പിടികൂടിയത്. കോയമ്പത്തൂരിൽ നിന്ന് കെഎസ്ആർടിസി ബസിലാണ് മെത്താഫിറ്റമിൻ കടത്തിയിരുന്നത്. 211 ഗ്രാം മെത്താഫിറ്റമിൻ ഷെമീറിന്റെ കൈവശം ഉണ്ടായിരുന്നു. ചാവക്കാട് ചില്ലറ വിൽപനയ്ക്ക് കൊണ്ടു പോവുകയായിരുന്നു മാരക ലഹരി വസ്തു. കഴിഞ്ഞ ദിവസം മഞ്ചേരിയില്‍ വന്‍ രാസലഹരി വേട്ട നടന്നിരുന്നു. വില്‍പനക്കായി സൂക്ഷിച്ച 30 ഗ്രാം എം.ഡി.എം. എയുമായി രണ്ടുപേരെയാണ് മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. തൃപ്പന ച്ചി പാലക്കാട് സ്വദേശി പൊറ്റയില്‍ വീട്ടില്‍ മലയന്‍ ഷാഹുല്‍ ഹമീദ് (37), കാരാപറമ്പ് കൂട്ടാവ് സ്വദേശി കാണപറമ്പത്ത് വീട്ടില്‍ സജ്മീര്‍ (33) എന്നിവരാണ് പിടിയിലായത്.

സമാന സംഭവങ്ങളിൽ കേരളത്തിൽ വർധന 

മറ്റൊരു സംഭവത്തിൽ നെടുമങ്ങാട് കരകുളം മുല്ലശ്ശേരി ഭാഗത്ത് കഞ്ചാവ് വിൽപ്പന നടത്തിവന്നിരുന്ന മുല്ലശ്ശേരി പതിയനാട് വീട്ടിൽ അഭിജിത്തിനെ (35) ഒന്നേകാൽ കിലോ കഞ്ചാവുമായി ഡാൻസാഫ് ടീം പിടികൂടി. പതിയനാട് ക്ഷേത്രത്തിന് സമീപം വച്ചാണ് ഇയാളെ അറസ്റ് ചെയ്തത്. കൈയ്യിലും ബാഗിലുമായി ചെറു പൊതികളിലായി സൂക്ഷിച്ചിരുന്ന ഒന്നേകാൽ കിലോ കഞ്ചാവാണ് പിടികൂടിയത്. തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി കെഎസ് സുദർശന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നാർക്കോട്ടിക് സെൽ, നെടുമങ്ങാട് ഡാൻസാഫ് ടീം ആണ് ഇയാളെ പിടികൂടിയത്. നെടുമങ്ങാട് പൊലീസിന് കൈമാറിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം