മൊണ്ടാനയിലെ ബില്ലിംഗ്സിലെ മൃഗസംരക്ഷണ കേന്ദ്രത്തിൽ എഫ്ബിഐ മെത്താംഫെറ്റാമൈൻ കത്തിച്ചതിനെ തുടർന്ന് പുക ശ്വസിച്ച് 14 ജീവനക്കാർക്ക് അസ്വസ്ഥതകളുണ്ടായി. മൃഗങ്ങളെ ദഹിപ്പിക്കാൻ ഉപയോഗിക്കുന്ന ഇൻസിനറേറ്ററാണ് മയക്കുമരുന്ന് നശിപ്പിക്കാൻ ഉപയോഗിച്ചത്. 

യുഎസിലെ മൊണ്ടാനയിലെ ബില്ലിംഗ്സിലെ ഒരു മൃഗസംരക്ഷണ കേന്ദ്രത്തിൽ വച്ച് യുഎസ് അന്വേഷണ ഏജന്‍സിയായ എഫ്ബിഐ മെത്താംഫെറ്റാമൈൻ കത്തിച്ചു. പിന്നാലെ ഇതിന്‍റെ പുക ശ്വസിച്ച് ജീവനക്കാരായ 14 പേര്‍ക്ക് അസ്വസ്ഥതകളുണ്ടായതിനെ തുടര്‍ന്ന് ഇവരെ ആശുപത്രിൽ പ്രവേശിപ്പിച്ചു. പിന്നാലെ എഫ്ബിഐയുടെ ലഹരി നിർമ്മാർജ്ജന രീതികൾക്കെതിരെ പരാതികളും ഉയർന്നു. നഗരത്തിലെ മൃഗ നിയന്ത്രണ വിഭാഗത്തിന്‍റെ കെട്ടിടവുമായി ബന്ധിപ്പിച്ച ഒരു പുകക്കുഴലില്‍ നിന്നുള്ള പുക യെല്ലോസ്റ്റോൺ വാലി ആനിമൽ ഷെൽട്ടറിലെ പതിനാല് ജീവനക്കാരും അബദ്ധവശാല്‍ ശ്വസിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.

ദയാവധത്തിന് വിധിക്കപ്പെട്ട മൃഗങ്ങളെ ദഹിപ്പിക്കാൻ സാധാരണയായി ഉപയോഗിക്കുന്ന ഇൻസിനറേറ്റർ, എഫ്ബിഐ പിടിച്ചെടുത്ത മയക്കുമരുന്ന് നശിപ്പിക്കാനും ഇടയ്ക്കിടെ ഉപയോഗിക്കാറുണ്ടെന്ന് സിബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ എഫ്ബിഐ മെത്താംഫെറ്റാമൈൻ കത്തിച്ച് കളയുന്നതിനിടെ നെഗറ്റീവ് എയർ പ്രഷർ മൂലം പുക കെട്ടിടത്തിനുള്ളിൽ തന്നെ നിറയുകയായിരുന്നു. ഈ സമയം അവിടെ ഏതാണ്ട് ഒരു കിലോഗ്രാമോളം മെത്താംഫെറ്റാമൈൻ കത്തിച്ച് കളയുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. വായുപ്രവാഹം തിരിച്ചുവിടാൻ ഉദ്ദേശിച്ചുള്ള എക്സ്ഹോസ്റ്റർ ഫാൻ ഈ സമയത്ത് ഉപയോഗയോഗ്യമല്ലായിരുന്നെന്നും അസിസ്റ്റന്‍റ് സിറ്റി അഡ്മിനിസ്ട്രേറ്റർ കെവിൻ ഇഫ്‌ലാൻഡ് പറഞ്ഞതായി റിപ്പോര്‍ട്ടുകൾ പറയുന്നു.

Scroll to load tweet…

അപകട മുന്നറിയിപ്പ് ഇല്ല

അതേസമയം ഉദ്യോഗസ്ഥര്‍ മയക്കുമരുന്ന് നശിപ്പിക്കുന്നതിനെ കുറിച്ച് കെട്ടിടത്തിലെ ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നില്ലെന്ന് ഷെൽട്ടർ എക്സിക്യൂട്ടീവ് ഡയറക്ടർ ട്രിനിറ്റി ഹാൽവർസൺ പറഞ്ഞു. സ്ഥാപനത്തിന്‍റെ എക്സിക്യൂട്ടീവ് ഡയറക്ടറായ തനിക്ക് പോലും അവിടെ എന്താണ് കത്തിക്കുന്നതെന്ന് അറിയില്ലായിരുന്നെന്ന് അദ്ദേഹം ബിബിസിയോട് പറഞ്ഞു. കടുത്ത തലവേദനയും തൊണ്ടവേദനയും അനുഭവപ്പെട്ടതായി പറഞ്ഞ ഹാൽവർസൺ മറ്റ് ജീവനക്കാര്‍ക്ക് തലകറക്കം, ചുമ, വിയർക്കൽ, ഓക്കാനം എന്നിവ അനുഭവപ്പെട്ടെന്നും തന്‍റെ ജീവനക്കാര്‍ക്കും മൃഗങ്ങൾക്കും മെത്തിന്‍റെ സാന്നിധ്യം സ്ഥിരീകരിച്ചെന്നും കൂട്ടിച്ചേര്‍ത്തു.

പ്രശ്നം രൂക്ഷമായതോടെ മനുഷ്യരെ കൂടാതെ കെട്ടിടത്തില്‍ നിന്നും ഏതാണ്ട് 75 ഓളം പൂച്ചകളെയും നായ്ക്കളെയും ഒഴിപ്പിച്ചു. പുക ഏറ്റവും കൂടുതൽ ബാധിച്ച ചില മൃഗങ്ങൾ ഇപ്പോഴും വെറ്ററിനറി നിരീക്ഷണത്തിലാണെന്നും മറ്റുള്ളവയെ ഫോസ്റ്റർ ഹോമുകളിലേക്ക് മാറ്റിയെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. ബില്ലിംഗ്സ് ക്ലിനിക്കിലെ ഹൈപ്പർബാറിക് ഓക്സിജൻ ചേമ്പറുകളിൽ വച്ച് 14 ജീവനക്കാർക്ക് മണിക്കൂറുകളോളം ചികിത്സ നൽകി. ചില തൊഴിലാളികൾക്ക് ഇപ്പോഴും നീണ്ടുനിൽക്കുന്ന ലക്ഷണങ്ങൾ ഉണ്ടെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. അതേസമയം ഷെൽട്ടറിന്‍റെ വെന്‍റിലേഷന്‍ ഇത്തരം ലഹരി വസ്തുക്കളുടെ പുക കടത്തിവിടുന്ന തരത്തിലല്ല പണിതതെന്നും അഭിപ്രായമുയര്‍ന്നു.