കരുണാകരൻ ജീവിച്ചിരുന്നെങ്കിൽ ആദ്യം ബിജെപിയിലേക്ക് പോകുമെന്നായിരുന്നു പത്മജ പറഞ്ഞത്. അത് തന്നെ കുഴിയിലേക്ക് എടുക്കുന്നത് വരെ മറക്കില്ല

കാഞ്ഞങ്ങാട്: കെപിസിസി പുനസംഘടന നടക്കാതെ കേരളത്തിലെ പ്രശ്നങ്ങൾ തീരില്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി. പരാതി കൊടുക്കാൻ ആർക്കും അവകാശമുണ്ട്, എന്നാൽ ഗ്രൂപ്പ് പ്രവർത്തനം വിഭാഗീയതയാണ്. എനിക്കും കുറേ പരാതിയും പരിഭവങ്ങളും ഉണ്ട്, കടിച്ചമർത്തി നിൽക്കുകയാണെന്നും രാജ്മോഹൻ ഉണ്ണിത്താൻ പ്രതികരിച്ചു. സർക്കാരും പാർട്ടിയും ഏകോപനമില്ലാത്തത് പാർട്ടിക്ക് നേതൃത്വം ഇല്ലാത്തതുകൊണ്ടാണ്. ഷാഫി പറമ്പിൽ എ ഗ്രൂപ്പല്ല. ഷാഫിയുടെ സമീപകാല നിലപാടിനെ കുറിച്ച് എല്ലാവർക്കും അറിയാം. ഉമ്മൻചാണ്ടിക്കൊപ്പം ഉണ്ടായവർക്ക് സീറ്റ് നേടി കൊടുക്കാൻ പോലും ഈ ഗ്രൂപ്പിന് സാധിച്ചിട്ടില്ല. കേന്ദ്ര നേതൃത്വമാണ് പ്രശ്നം പരിഹരിക്കേണ്ടത്. കെ സി വേണുഗോപാൽ എന്താണ് ഇടപെടാത്തത് എന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണം.കോൺഗ്രസിലേക്ക് തിരിച്ചുവരുന്നത് ബിജെപിയിൽ നിന്ന് പ്രതീക്ഷിച്ചത് കിട്ടാത്തവരാണെന്നും പത്മജയുടെ തിരിച്ചുവരവ് സംബന്ധിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എംപി പ്രതികരിച്ചത്. ബിജെപിയിലേക്ക് പോയപ്പോൾ കെ കരുണാകരനെ പോലും അപമാനിച്ചാണ് പത്മജ പോയത്. കരുണാകരൻ ജീവിച്ചിരുന്നെങ്കിൽ ആദ്യം ബിജെപിയിലേക്ക് പോകുമെന്നായിരുന്നു പത്മജ പറഞ്ഞത്. അത് തന്നെ കുഴിയിലേക്ക് എടുക്കുന്നത് വരെ മറക്കില്ല.

യൂത്ത് കോൺഗ്രസ് പുറത്ത് വിട്ട ലോയേഴ്സ് യൂണിയൻ മെമ്പർഷിപ്പ് വ്യാജമെന്നാണ് കാസർകോട് അഡീ. പബ്ലിക് പ്രോസിക്യൂട്ടർ വിവാദത്തിൽ രാജ്മോഹൻ ഉണ്ണിത്താൻ എംപി പ്രതികരിച്ചത്. യൂത്ത് കോൺഗ്രസിൻറെ വ്യാജ മെമ്പർഷിപ്പ് വന്നയിടമാണ് കാസർകോട്. മണ്ഡലം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികൾ നിർദ്ദേശിച്ച ആളാണ് വിദ്യാധരൻ നമ്പ്യാർ. ജില്ലാ കോൺഗ്രസ് കമ്മിറ്റി നൽകിയ ലിസ്റ്റിൽ മൂന്നാമൻ ആണ് വിദ്യാധരനെന്നും രാജ്മോഹൻ ഉണ്ണിത്താൻ പ്രതികരിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം