ബന്ധുവീട്ടില്‍ പോകാനായി എത്തിയ വേണു കല്ലാറില്‍ വെച്ച് ഗോപിയും മകന്‍ രാഹുലുമായി സംസാരിച്ചു. ഇരുവരും മദ്യലഹരിയിലായിരുന്നു...
ഇടുക്കി: മദ്യലഹരിയില്‍ (Drunken) മദ്ധ്യവയസ്‌കനെ ക്രൂരമായി മര്‍ദിച്ച അച്ഛനും മകനും അറസ്റ്റില്‍ (Arrest). കല്ലാര്‍ ചേരിക്കല്‍ ഗോപി (59), മകന്‍ രാഹുല്‍ (22) എന്നിവരെയാണ് കല്ലാര്‍ പാറയില്‍ വേണു (57) വിനെ മര്‍ദിച്ചതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്തത്. വേണുവിന്റെ നെഞ്ചിനും തലക്കും പരിക്കേറ്റിട്ടുണ്ട്. വലത് കൈക്ക് പൊട്ടലുമുണ്ട്. ഇയാൾ ഇപ്പോൾ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
കൂലിപ്പണിയെടുത്താണ് വേണു ഉപജീവനം നടത്തുന്നത്. ശനിയാഴ്ചകളില്‍ മദ്യപിക്കുന്ന പതിവുണ്ട്. രണ്ട് തവണ ഹൃദയാഘാതമുണ്ടായാളാണ് വേണു. സംഭവത്തെക്കുറിച്ച് വേണു പറയുന്നത് ഇങ്ങനെ: ശനിയാഴ്ച വൈകുന്നേരം വേണുവിന്റെ സുഹൃത്തുക്കളായ ഗോപിയും മകന്‍ രാഹുലും കല്ലാര്‍ ടൗണിലിരിക്കുന്ന സമയത്താണ് വേണു എത്തിയത്.
കുഴിത്തൊളുവിലുള്ള ബന്ധുവീട്ടില്‍ പോകാനായി എത്തിയ വേണു കല്ലാറില്‍ വെച്ച് ഗോപിയും മകന്‍ രാഹുലുമായി സംസാരിച്ചു. ഇരുവരും മദ്യലഹരിയിലായിരുന്നു. സംസാരിക്കുന്നതിനിടെ ഗോപിയെ മകനായ രാഹുല്‍ അസഭ്യം പറഞ്ഞു. മകന്‍ പിതാവിനെ അസഭ്യം പറഞ്ഞത് വേണു ചോദ്യം ചെയ്തതോടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഇരുവരുടെയും ആക്രമണത്തില്‍ ബോധരഹിതനായ വേണുവിനെ പ്രദേശവാസികള്‍ നെടുങ്കണ്ടം താലുക്കാശുപത്രിയില്‍ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ വേണുവിനെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
കേസെടുത്ത നെടുങ്കണ്ടം പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തു.
