ആലപ്പുഴ: കെട്ടിട നിർമ്മാണത്തിനിടയിൽ 11 കെവി ലൈനിൽ നിന്ന് ഷോക്കേറ്റ് ആലപ്പുഴയില്‍ ബംഗാൾ സ്വദേശിയായ തൊഴിലാളി മരിച്ചു. ബംഗാൾ ഉത്തർദിനാജ്പൂർ ജില്ലയിലെ ഗോപാൽനഗർ സ്വദേശി വസിം അക്രം (21) ആണ് മരിച്ചത്. മാന്നാർ കുരട്ടിശ്ശേരി ഷാജി നിവാസിൽ ഷാജഹാന്‍റെ വീടിന്‍റെ നിർമ്മാണ ജോലിക്കിടെയാണ് ഷോക്കേറ്റത്.

ഇരുനില വീടിന്‍റെ കോൺക്രീറ്റിനായി തട്ടടിക്കുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു ഇയാൾ. വസിം ഉൾപ്പടെ നാല് ഇതരസംസ്ഥാന തൊിലാളികളും നാല് നാട്ടുകാരായ തൊഴിലാളികളുമാണ് ജോലിക്കുണ്ടായിരുന്നത്. ഷോക്കേറ്റ് വീണ വസീമിനെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം മാന്നാറില്‍ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.