വൈദ്യുതി വിച്ഛേദിച്ചു, വീടിന്റെ വാതിലുകൾ തകർത്തു. തുടർന്ന് ആറംഗ സംഘം വീട്ടിൽ കയറി ക്രൂരമായി മർദിക്കുകയായിരുന്നു

ചേര്‍ത്തല: മദ്യത്തിന്റെ പേരിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ആറംഗ സംഘം ഇതര സംസ്ഥാന തൊഴിലാളിയെ വീടുകയറി അക്രമിച്ചതായി പരാതി. പട്ടണക്കാട് അന്ധകാരനഴിയിലാണ് സംഭവം. തലക്കടിയേറ്റ ഇയാളെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പശ്ചിമ ബംഗാള്‍ സ്വദേശി ബിമൽ കുമാർ മിത്രയ്ക്കാണ് (34) പരിക്കേറ്റത്. 

വ്യാഴാഴ്ച രാത്രി 10.15 ഓടെയായിരുന്നു അക്രമം. പൊതുമാരമത്തു കരാറുകാരന്‍ പോട്ടച്ചിറ സുനിലിന്റെ തൊഴിലാളിയാണ് ബിമൽ കുമാർ മിത്ര. നാലു വര്‍ഷമായി അന്ധകാരനഴിയില്‍ താമസിക്കുന്ന ഇയാൾ സുനിലിന്റെ അന്ധകാരനഴിയിലെ കുടുംബ വീട്ടിലാണ് താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം രാത്രി വൈദ്യുതി ബന്ധം വിച്ഛേദിച്ച് വീടിന്റെ വാതിലുകള്‍ തകര്‍ത്തായിരുന്നു അക്രമം. മുറിയിലാകെ ചോരവാര്‍ന്ന നിലയിലായിരുന്നു. വീടിനും കേടുപാടുകള്‍ വരുത്തിയിട്ടുണ്ട്. 

അക്രമത്തില്‍ പരിക്കേറ്റ് അവശനായി കിടന്ന ഇയാളെ ആദ്യം തുറവൂര്‍ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു. പ്രദേശവാസികളായ ആറുപേരാണ് അക്രമി സംഘത്തിലുണ്ടായിരുന്നതെന്നാണ് പ്രാഥമികമായി കണ്ടെത്തിയിരിക്കുന്നത്. ഇവരെപ്പറ്റി ബിമല്‍കുമാര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം