കൊച്ചി: സ്വീകരണമുറികളിലും സ്റ്റേജ് ഷോകളിലും കുടുകുടെ ചിരിപ്പിച്ച മിമിക്രി കലാകാരന്‍മാര്‍ കര്‍ഷകരുടെ വേഷമണിയുന്നു. ലോക്ക്ഡൗണ്‍ പ്രതിസന്ധി മറികടക്കാന്‍ കൊച്ചി തട്ടാംപടിയില്‍ പ്രശസ്ത മിമിക്രി കലാകാരന്‍ കെഎസ് പ്രസാദിന്റെ നേതൃത്വത്തിലാണ് കൃഷി തുടങ്ങിയത്.
വര്‍ഷങ്ങളായി സ്റ്റേജ് ഷോകളിലും ചാനല്‍ പരിപാടികളിലും പരിചിതമായ മുഖം.

ലോക്ക്ഡൗണ് വരുമാനം നിലച്ചതോടെയാണ് കെഎസ് പ്രസാദ് പാടത്തേക്ക് ഇറങ്ങിയത്. വീട്ടില്‍ ചെറിയ രീതിയില്‍ കൃഷിയുണ്ട് എന്നാല്‍ മുഴുവന്‍ സമയ കര്‍ഷകനായത് ലോക്ക്ഡൗണ്‍ കാലത്താണ്. പ്രളയവും ലോക്ഡൗണും സ്റ്റേജ് ഷോകളെ ബാധിച്ചു. ഇനി ഡിസംബറോടെ മാത്രമേ പുതിയ പരിപാടികളുടെ ബുക്കിംഗ് തുടങ്ങുകയുള്ളൂ.

അതുവരെ ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ നല്ല മാതൃക കൃഷിയാണെന്നാണ് പ്രസാദിന് പറയാനുള്ളത്. കപ്പയും പയറും വെണ്ടയുമാണ് ആദ്യഘട്ടത്തില്‍ കൃഷി . തരിശായി കിടക്കുന്ന സ്ഥലം വിട്ടുനല്‍കാന്‍ ആളുകള്‍ തയാറായാല്‍ കൃഷി വിപുലമാക്കും. കൂടുതല്‍ കലാകാരന്‍മാര്‍ കൃഷി ചെയ്യാനുള്ള താത്പര്യവും അറിയിച്ചിട്ടുണ്ട്.

സര്‍ക്കാരിന്റെ സുഭിക്ഷകേരളം പദ്ധതിയുമായി സഹകരിച്ചാണ് കൃഷി. പ്രതിസന്ധി മറികടക്കാന്‍ മിമിക്രി കലാകാരന്‍മാരെ സഹായിക്കാന്‍ കേന്ദ്ര ,സംസ്ഥാന സര്‍ക്കാരുകളോട് കലാഭവന്‍ സഹായം ആവശ്യപ്പെട്ടിട്ടുമുണ്ട്.