Asianet News MalayalamAsianet News Malayalam

സാധാരണക്കാര്‍ക്കൊപ്പം ക്യൂ നിന്ന് ടിക്കറ്റെടുത്ത്, രാജമലയുടെ സൗന്ദര്യം ആസ്വദിച്ച് മന്ത്രിയും കുടുംബവും

പ്രത്യേക പാസ് എടുത്ത് സൗജന്യമായി ഔദ്യോഗിക വാഹനത്തിൽ സന്ദർശക സോണിലെത്തിക്കാമെന്ന് കൂടെയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞെങ്കിലും മന്ത്രി അത് നിഷേധിച്ചു. 
 

Minister and family enjoying the beauty of Rajamala along with common people
Author
First Published Oct 7, 2022, 1:54 PM IST


മൂന്നാർ: സുരക്ഷാ ഉദ്യോഗസ്ഥ പടയോ വി വി ഐ പി പരിവേഷങ്ങളില്ലാതെ ക്യൂവിൽ കാത്ത് നിന്ന് ടിക്കറ്റെടുത്ത് സാധാരണക്കാർക്കൊപ്പം ബസിൽ യാത്ര ചെയ്ത് ഒഡീഷ മന്ത്രി. സര്‍ക്കാറിന്‍റെ സൗജന്യങ്ങള്‍ക്ക് വേണ്ടി വാശിപിടിക്കുന്ന രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥ പ്രമുഖരുമുള്ള നാട്ടിലാണ് അതില്‍ നിന്നെല്ലാം വ്യത്യസ്തനായി, സാധാരണക്കാര്‍ക്കൊപ്പം യാത്ര ചെയ്ത് ഒരു സംസ്ഥാനത്തിന്‍റെ മന്ത്രി വ്യത്യസ്തനായത്. ഒഡീഷ ഭക്ഷ്യ സഹകരണ ഉപഭോക്തൃ ക്ഷേമ വകുപ്പ് മന്ത്രി അത്തനുസബീ സാക്ഷി നായകാണ് കുടുംബസമേതം രാജമല സന്ദർശിച്ചത്. ഇന്നലെ രാവിലെയാണ് മന്ത്രിയും കുടുംബവും സർക്കാരിന്‍റെ ഔദ്യോഗിക വാഹനത്തിൽ പൊലീസ് അകമ്പടിയോടെ രാജമല അഞ്ചാംമൈലിലെത്തിയത്. 

പ്രത്യേക പാസ് എടുത്ത് സൗജന്യമായി ഔദ്യോഗിക വാഹനത്തിൽ സന്ദർശക സോണിലെത്തിക്കാമെന്ന് കൂടെയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞെങ്കിലും അത് വേണ്ടെന്ന് പറഞ്ഞ മന്ത്രി, വാഹനത്തിൽ നിന്നിറങ്ങി ടിക്കറ്റ് കൗണ്ടറിലെത്തി മറ്റ് വിനോദ സഞ്ചാരികൾക്കൊപ്പം ക്യൂവിൽ നിന്ന് അകമ്പടി വന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് ഉൾപ്പെടെയുള്ള ടിക്കറ്റ് വാങ്ങുകയായിരുന്നു. 

ഇതിന് ശേഷം പൊലീസ് ഉദ്യോസ്ഥർക്കൊപ്പം വനം വകുപ്പിന്‍റെ സഞ്ചാരികളെ കൊണ്ട് പോകുന്ന ബസിൽ കയറി സന്ദർശക സോണിലെത്തുകയായിരുന്നു. മറ്റ് സന്ദര്‍ശകര്‍ക്കൊപ്പം അദ്ദേഹം രാജമലയുടെ സൗന്ദര്യം ആസ്വദിച്ച് വരയാടുകളെയും കണ്ട് മടങ്ങി. മന്ത്രിയും കുടുംബവും ബസിൽ യാത്ര തുടങ്ങിയതറിഞ്ഞ് അസി.വൈൽഡ് ലൈഫ് വാർഡൻ ജോബ്.ജെ.നേര്യം പറമ്പിൽ പിന്നാലെയെത്തി ഒദ്യോഗിക വാഹനത്തിലോ, വനം വകുപ്പിന്‍റെ പ്രത്യേക വാഹനത്തിലോ യാത്ര ചെയ്യാൻ ക്ഷണിച്ചു. എന്നാല്‍ ഈ ക്ഷണവും മന്ത്രി നിരസിച്ചു. 

ബുധനാഴ്ചയാണ് മന്ത്രിയും കുടുംബവും സ്വകാര്യ സന്ദർശനത്തിനായി മൂന്നാറിലെത്തിയത്. പോതമേട്ടിലെ സ്വകാര്യ റിസോർട്ടിലാണ് അദ്ദേഹം താമസിക്കുന്നത്. ഇന്ന് കുടുംബസമേതം അദ്ദേഹം കൊച്ചിയിലേക്ക് മടങ്ങും. രാജമല സന്ദർശനത്തിനെത്തുന്ന ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും തങ്ങളുടെ വാഹനത്തിൽ സൗജന്യമായി ഉദ്യാനത്തിൽ കൂടി യാത്ര ചെയ്യണമെന്നാവശ്യപ്പെട്ട് പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് പതിവാണെന്നും എന്നാല്‍, ഇതിൽ നിന്നെല്ലാം വ്യത്യസ്തമായാണ് ഒഡീഷ മന്ത്രിയും കുടുംബവും ഇന്നലെ രാജമല സന്ദർശിച്ച് മടങ്ങിയതെന്ന് വനം വകുപ്പ് ജീവനക്കാർ പറഞ്ഞു.
 

Follow Us:
Download App:
  • android
  • ios