136 ആദിവാസി ഊരുകളില്‍ 50 ഊരുകളില്‍ കിറ്റ് വിതരണം പൂര്‍ത്തിയാക്കി. ബാക്കിയുള്ളവ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി. 

തിരുവനന്തപുരം: ഓണത്തിനോടനുബന്ധിച്ച് ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാര്‍ക്ക് നല്‍കുന്ന ഓണക്കിറ്റ് വിതരണം 50 ശതമാനം പൂര്‍ത്തീകരിച്ചതായി മന്ത്രി ജി.ആര്‍ അനില്‍. അന്തേവാസികള്‍ക്ക് നാല് പേര്‍ക്ക് ഒരു കിറ്റ് എന്ന നിലയ്ക്കാണ് വിതരണം ചെയ്യുന്നത്. സംസ്ഥാനത്തെ 136 ആദിവാസി ഊരുകളില്‍ 50 ഊരുകളില്‍ കിറ്റ് വിതരണം പൂര്‍ത്തിയാക്കി. ബാക്കിയുള്ളവ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി അറിയിച്ചു. 

സംസ്ഥാനത്തെ എ.എ.വൈ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് നല്‍കുന്ന ഓണക്കിറ്റുകളുടെ വിതരണം എല്ലാ ജില്ലകളിലും പുരോഗമിക്കുകയാണെന്നും ജിആര്‍ അനില്‍ പറഞ്ഞു. ഇന്ന് 62,018 എ.എ.വൈ കാര്‍ഡ് ഉടമകള്‍ കിറ്റ് കൈപ്പറ്റി. മില്‍മ, സപ്ലൈകോ, കശുവണ്ടി വികസന കോര്‍പ്പറേഷന്‍ എന്നീ പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉത്പന്നങ്ങള്‍ ഭക്ഷ്യകിറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ മില്‍മയുടെ പായസം മിക്സ്, റെയ്ഡ്കോ തയ്യാറാക്കി നല്‍കുന്ന ശബരി കറി പൗഡറുകളില്‍ ചിലത് സമയബന്ധിതമായി ലഭ്യമാക്കുന്നതില്‍ കാലതാമസം നേരിട്ടു. ഈ സാഹചര്യത്തിലാണ് ലഭ്യമാകാത്ത ഇനങ്ങള്‍ക്ക് പകരമായി സമാന സ്വഭാവമുള്ള ഗുണമേന്‍മയുള്ള ഉത്പന്നങ്ങള്‍ കിറ്റില്‍ ഉള്‍പ്പെടുത്തുന്നതിന് നിര്‍ദ്ദേശം നല്‍കിയത്. ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായി മുഴുവന്‍ എ.എ.വൈ റേഷന്‍ കാര്‍ഡുടമകള്‍ക്കും ഓണക്കിറ്റുകള്‍ ലഭ്യമാക്കാന്‍ കഴിയുമെന്ന് മന്ത്രി അറിയിച്ചു. 

2022-23 കാലത്ത് സപ്ലൈകോ 7.31 ലക്ഷം മെട്രിക് ടണ്‍ നെല്ല് സംഭരിച്ചതായും മന്ത്രി അനില്‍ അറിയിച്ചു. നെല്ല് സംഭരണ കുടിശിക വിതരണം വേഗം പൂര്‍ത്തിയാക്കും. കര്‍ഷകര്‍ക്ക് നല്‍കാനുള്ള 2070.71 കോടി രൂപയില്‍ 738 കോടി സപ്ലൈകോ നേരിട്ട് കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നല്‍കി. 200 കോടി രൂപ കേരള ബാങ്ക് വഴിയും 700 കോടി വിവിധ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം വഴി പി.ആര്‍.എസ് ലോണായും നല്‍കിയിട്ടുണ്ട്. സര്‍ക്കാരില്‍ നിന്നും കിട്ടിയ 180 കോടി രൂപയില്‍ 72 കോടി രൂപ 50,000 രൂപയില്‍ താഴെ കുടിശികയുണ്ടായിരുന്ന 26,548 കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് വിതരണം ചെയ്തു. അന്‍പതിനായിരം രൂപയ്ക്ക് മുകളില്‍ കുടിശിക നല്‍കാനുണ്ടായിരുന്ന 27,791 കര്‍ഷകരുടെ കുടിശിക തുകയില്‍ 7.80 രൂപ നിരക്കില്‍ സംസ്ഥാന പ്രോത്സാഹന ബോണസ്, 12 പൈസ നിരക്കില്‍ കൈകാര്യ ചിലവ് എന്നിവ ഉള്‍പ്പെടെ കിലോയ്ക്ക് 7.92 രൂപ നിരക്കിലുള്ള തുക കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് നല്‍കി. ഇതിന് ശേഷം കിലോയ്ക്ക് 20.40 രൂപ നിരക്കിലുള്ള കുടിശിക തുക സ്റ്റേറ്റ് ബാങ്ക്, കാനറാ ബാങ്ക് എന്നിവ വഴി പി.ആര്‍.എസ് ലോണായി നല്‍കുന്ന നടപടി 24ന് ആരംഭിച്ചു. ഇതുവരെ ആകെ 3795 കര്‍ഷകര്‍ക്ക് 35.45 കോടി രൂപ പി.ആര്‍.എസ് ലോണായി വിതരണം ചെയ്തതായും മന്ത്രി അറിയിച്ചു. 

വാട്ട്സ്ആപ്പിൽ ലിങ്ക്, ക്ലിക്ക് ചെയ്ത യുവതിക്ക് പണി കിട്ടി; പോയത് 10 ലക്ഷം, രാജസ്ഥാന്‍ സ്വദേശിക്ക് ജാമ്യമില്ല

YouTube video player