സംഭവം നടക്കുന്ന സമയത്ത് പ്രായപൂര്‍ത്തിയായിട്ടില്ലാത്തയാളും അമല്‍കൃഷ്ണയും പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിക്കുകയും വള, കമ്മല്‍, മൂക്കുത്തി എന്നിവയും അമ്മയുടെ അക്കൗണ്ടില്‍നിന്ന് പിന്‍വലപ്പിച്ച പണവും കൈക്കലാക്കിയെന്നും പരാതിയില്‍ പറയുന്നു.
തൃശ്ശൂർ: പതിനാല് വയസ്സുകാരിയെ എം.ഡി.എം.എ. നല്‍കി ലൈംഗിക പീഡിപ്പിക്കുകയും കുഴല്‍പ്പണം കടത്താന്‍ മറയാക്കുകയും ചെയ്ത സംഭവത്തില്‍ സഹോദരങ്ങളും പ്രായപൂര്‍ത്തിയാകാത്ത ഒരാളും ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. കല്ലൂര്‍ ഭരത ഇഞ്ചോടി വീട്ടില്‍ അമല്‍ കൃഷ്ണ (20) ഇയാളുടെ പ്രായപൂര്‍ത്തിയാകാത്ത സുഹൃത്ത് എന്നിവരാണ് പോക്‌സോ നിയമപ്രകാരം അറസ്റ്റിലായത്. പെണ്‍കുട്ടിയെ കുഴല്‍പ്പണം തട്ടിയെടുക്കാന്‍ ഉപയോഗിച്ചുവെന്ന പരാതിയിലാണ് അമലിന്റെ സഹോദരന്‍ അതുല്‍ കൃഷ്ണ (25) യെ അറസ്റ്റു ചെയ്തത്.
പെണ്‍കുട്ടിയുമായി സൗഹൃദത്തിലുള്ള പ്രതികള്‍ 2023 മുതല്‍ പ്രണയം നടിച്ച്, മയക്കുമരുന്നിനടിമയാക്കി കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിച്ചു എന്നാണ് കേസ്. സംഭവം നടക്കുന്ന സമയത്ത് പ്രായപൂര്‍ത്തിയായിട്ടില്ലാത്തയാളും അമല്‍കൃഷ്ണയും പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിക്കുകയും വള, കമ്മല്‍, മൂക്കുത്തി എന്നിവയും അമ്മയുടെ അക്കൗണ്ടില്‍നിന്ന് പിന്‍വലപ്പിച്ച പണവും കൈക്കലാക്കിയെന്നും പരാതിയില്‍ പറയുന്നു. പീഡനത്തിനിരയായ പെണ്‍കുട്ടി അമ്മയോടൊപ്പം ഇരിങ്ങാലക്കുട വനിത പൊലീസ് സ്റ്റേഷനിലെത്തിയാണ് പരാതി നല്‍കിയത്.
പ്രായപൂര്‍ത്തിയാകാത്ത പ്രതി തന്നെയാണ് പെണ്‍കുട്ടിയെ അമല്‍ കൃഷ്ണയ്ക്ക് പരിചയപ്പെടുത്തിയത്. തുടര്‍ന്ന് ഇരുവരും മയക്കുമരുന്ന് നല്‍കുകയും പ്രണയം നടിച്ച് പീഡിപ്പിക്കുകയുമായിരുന്നു. ചാലക്കുടി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ അമല്‍കൃഷ്ണയെ റിമാന്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്തയാളെ ജൂവനൈല്‍ ഹോമിലയച്ചു.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
ഇതേ പെണ്‍കുട്ടിയെ മയക്കുമരുന്ന് നല്‍കി, തട്ടിക്കൊണ്ടുപോയി വയനാട്ടില്‍ എത്തിച്ച് കുഴല്‍പ്പണം തട്ടുന്നതിന് മറയാക്കിയെന്ന കേസിലാണ് അതുല്‍ കൃഷ്ണയെ അറസ്റ്റ് ചെയ്തത്. 2025 ജനുവരി മുതല്‍ ജൂലായ് വരെയുള്ള സമയത്ത് കല്‍പ്പറ്റയില്‍ കൊണ്ടുപോയാണ് കുഴല്‍പ്പണം തട്ടുന്നതിന് ഉപയോഗിച്ചത്. പുതുക്കാട് പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ എസ്.ഐ. ആര്‍. രാജേഷിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.







