യാത്രയ്ക്കിടെ വിദ്യാർഥിനിയുടെ തൊട്ടടുത്ത സീറ്റിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന ഫിറോസ് അപമര്യാദയായി പെരുമാറുകയായിരുന്നു.

കൽപ്പറ്റ: ബസ് യാത്രയ്ക്കിടെ വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയ യുവാവ് അറസ്റ്റിൽ. സുൽത്താൻബത്തേരി പൂമല തൊണ്ടൻമല ടി.എം ഫിറോസ് ( 38 ) നെയാണ് പനമരം പോലീസ് അറസ്റ്റു ചെയ്തത്. ബുധനാഴ്ച വൈകീട്ട് 4.30 ഓടെ മാനന്തവാടി – ബത്തേരി റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ്സിൽ വെച്ചായിരുന്നു സംഭവം. പനമരത്തേക്ക് യാത്ര ചെയ്യുകയായിരുന്ന പ്ലസ് ടു വിദ്യാർഥിനിക്ക് നേരെയായിരുന്നു അതിക്രമം. 

യാത്രയ്ക്കിടെ വിദ്യാർഥിനിയുടെ തൊട്ടടുത്ത സീറ്റിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന ഫിറോസ് അപമര്യാദയായി പെരുമാറുകയായിരുന്നു. തുടർന്ന് വിദ്യാർഥിനി ഇയാളെ കൈയ്യേറ്റം ചെയ്തു. ഇതോടെ യാത്രക്കാരും നാട്ടുകാരും ചേർന്ന് ഇയാളെ പനമരത്തെത്തിക്കുകയായിരുന്നു. വിദ്യാർഥിനി പനമരം പൊലീസിൽ പരാതി നൽകുകയും ചെയ്തു. പനമരം എസ്.ഐ പി.സി സജീവനും സംഘവും ചേർന്ന് ഇയാളെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു.