തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഷ്ട്രീയ വിരോധത്താൽ സിപിഎം പ്രവർത്തകർ തകർത്ത വീടിന്റെ മതിൽ, പയ്യന്നൂരിലെ നിയുക്ത എംഎൽഎ വി കുഞ്ഞികൃഷ്ണൻ പുനർനിർമ്മിച്ചു നൽകി. തിരഞ്ഞെടുപ്പ് സമയത്ത് നൽകിയ വാഗ്ദാനം വിജയത്തിന് ശേഷം പാലിച്ച അദ്ദേഹം, മധുരം നൽകി സ്നേഹം പങ്കിട്ടാണ് മടങ്ങിയത്
കണ്ണൂർ: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സി പി എം പ്രവർത്തകർ തകർത്ത മതിൽ, പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണന്റെ നേതൃത്വത്തിൽ പുനർനിർമ്മിച്ചു നൽകി. കുഞ്ഞികൃഷ്ണന് വേണ്ടി ചുവരെഴുതിയ വീടിന്റെ മതിലാണ് രണ്ടുമാസം മുൻപ് രാഷ്ട്രീയ വിരോധത്താൽ തകർത്തത്. പയ്യന്നൂർ കാറമേലിലെ കെ പി രേഖയുടെ വീടിനുമുന്നിലെ വലിയ മതിലാണ് ഒരു രാത്രി പൊളിച്ചത്. വി കുഞ്ഞികൃഷ്ണന് വേണ്ടി വോട്ട് അഭ്യർത്ഥിച്ചുള്ള ചുവരെഴുത്ത് വന്നതോടെ ആദ്യം അത് മായ്ച്ച് ടി ഐ മധുസൂദനന് വേണ്ടി സി പി എം പ്രവർത്തകർ മാറ്റി എഴുതി. തർക്കമായതോടെ പൊലീസ് എത്തി ടാർപോളിൻ വലിച്ചുകെട്ടി മതിൽ മറച്ചു. പിന്നീട് കണ്ടത് രാത്രിയിൽ പൊളിച്ചിട്ട മതിലാണ്. പ്രചാരണ സമയത്ത് തന്നെ ഉടമയ്ക്ക് വി കുഞ്ഞി കൃഷ്ണൻ നൽകിയ ഉറപ്പാണ് തെരഞ്ഞെടുപ്പിന് വിജയത്തിന് പിന്നാലെ പാലിച്ചത്.

സ്നേഹം പങ്കിട്ട് മടക്കം
മതിൽ കെട്ടുന്ന ചടങ്ങിനെത്തിയ എല്ലാവർക്കും പായസവും നൽകി സ്നേഹവും പങ്കിട്ടാണ് നിയുക്ത എം എൽ എ വി കുഞ്ഞികൃഷ്ണൻ മടങ്ങിയത്. നേരത്തെ വി കുഞ്ഞി കൃഷ്ണൻ അനുകൂലി പ്രസന്നന്റെ ബൈക്ക് കത്തിച്ചപ്പോൾ പത്തു രൂപ ചാലഞ്ചിലൂടെ പയ്യന്നൂരിലെ ജാഗ്രത കൂട്ടായ്മ പുതിയ ഇരുചക്രവാഹനം വാങ്ങി നൽകിയിരുന്നു. രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ തിരഞ്ഞെടുപ്പ് സമയത്ത് ചെയ്ത അതിക്രമങ്ങൾക്ക് സൽ പ്രവർത്തികളിലൂടെയുള്ള മധുരമായ പ്രതികാരമാണ് വി കുഞ്ഞീകൃഷ്ണനും അനുയായികളും തുടരുന്നത്. പയ്യന്നൂരിലെ ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പെന്നതടക്കമുള്ള ആരോപണങ്ങൾ ടി ഐ മദുസൂദനനെതിരെ ഉയർത്തിയാണ് കുഞ്ഞികൃഷ്ണൻ സി പി എമ്മിൽ കലാപക്കൊടി ഉയർത്തിയത്. പിന്നാലെ സി പി എം കുഞ്ഞികൃഷ്ണനെ പുറത്താക്കിയതോടെ പയ്യന്നൂരിൽ അദ്ദേഹം സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുകയായിരുന്നു. യു ഡി എഫ് പിന്തുണയും പ്രഖ്യാപിച്ചതോടെ കുഞ്ഞികൃഷ്ണൻ സി പി എമ്മിന്‍റെ പയ്യന്നൂർ കോട്ടയിൽ വിജയക്കൊടി നാട്ടിയാണ് നിയമസഭയിലേക്ക് എത്തുന്നത്.

