ഐ.സി.യുവിനു മുമ്പില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന സന്തോഷ് പുലർച്ചെ അഞ്ചു മണിക്ക് ഉണര്‍ന്നപ്പോഴാണ് മൊബൈല്‍ നഷ്ടപ്പെട്ടത് അറിയുന്നത്.

തൃശൂര്‍: തൃശ്ശൂർ ജില്ലാ ആശുപത്രിയില്‍ മോഷ്ടാവിന്റെ വിളയാട്ടം. ഐ.സി.യുവില്‍ കിടക്കുന്ന അമ്മയ്ക്ക് കാവലിരുന്ന മകന്റെ 16,500 രൂപ വിലയുള്ള മൊബൈല്‍ ഫോൺ മോഷ്ടാവ് കവര്‍ന്നു. സാംസങ് എ-13 മോഡല്‍ മൊബൈൽ ഫോണാണ് നഷ്ടപ്പെട്ടത്. മോഷ്ടാവിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ആശുപത്രിയിൽ നിന്ന് പൊലീസിനു ലഭിച്ചു. കുട്ടനെല്ലൂര്‍ സ്വദേശിയായ ചെമ്പില്‍ സന്തോഷിന്റെ മൊബൈൽ ഫോണാണ് മോഷ്ടാവ് കവര്‍ന്നത്.

സോഡിയം കുറഞ്ഞതിനെ തുടര്‍ന്നാണ് സന്തോഷിന്റെ അമ്മ ദേവകിയെ കഴി‌ഞ്ഞ ദിവസം ജില്ലാ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ നാലു മണിയോടെയായിരുന്നു മോഷണം. ഐ.സി.യുവിനു മുമ്പില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന സന്തോഷ് പുലർച്ചെ അഞ്ചു മണിക്ക് ഉണര്‍ന്നപ്പോഴാണ് മൊബൈല്‍ നഷ്ടപ്പെട്ടത് അറിയുന്നത്. ഒപ്പം സഹോദരിയും, സഹോദരിയുടെ മകനും ഉണ്ടായിരുന്നെങ്കിലും മോഷണം നടക്കുമ്പോൾ അവരും ഉറക്കത്തിലായിരുന്നു. ആശുപത്രിയിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച പോലിസ് പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ മുമ്പും ഇവിടെ മോഷണത്തിന് പിടിയിലായിട്ടുണ്ട് എന്ന് ആശുപത്രി പരിസരത്തെ ഓട്ടോ ഡ്രൈവര്‍മാര്‍ പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം