നട്ടുകൾ കൊണ്ടുള്ള കപ്പിന്റെ മാതൃക ഒരുക്കിയ ബംഗളുരു ലുലു മാൾ അടുത്തിടെ ലോക റെക്കോര്‍ഡില്‍ ഇടം പിടിയ്ക്കുകയും ചെയ്തിരുന്നു. 

തിരുവനന്തപുരം : ലോകകപ്പ് ക്രിക്കറ്റ് ആവേശത്തിന്റെ ഭാഗമായി ലോഹ നട്ടുകൾ കൊണ്ട് നിർമ്മിച്ച ഏറ്റവും വലിയ ലോകകപ്പ് മാതൃക തലസ്ഥാനത്തെ ലുലു മാളില്‍ പ്രദര്‍ശിപ്പിച്ചു. 16185 നട്ടുകൾ ഉപയോഗിച്ച് ലുലു ഇവന്റ്സ് ടീമാണ് കപ്പ് നിർമ്മിച്ചത്. നട്ടുകൾ കൊണ്ടുള്ള കപ്പിന്റെ മാതൃക ഒരുക്കിയ ബംഗളുരു ലുലു മാൾ അടുത്തിടെ ലോക റെക്കോര്‍ഡില്‍ ഇടം പിടിയ്ക്കുകയും ചെയ്തിരുന്നു. 

10 അടി ഉയരവും 370 കിലോയോളം ഭാരവുമുള്ള കപ്പ് തിരുവനന്തപുരം ലുലുമാളിലെ ഗ്രാന്‍ഡ് ഏട്രിയത്തിലാണ് പ്രദര്‍ശിപ്പിച്ചിരിയ്ക്കുന്നത്. ക്രിക്കറ്റ് ലോകകപ്പ് 2023ന്റെ അതേ മാതൃകയിലാണ് നട്ടുകൾ കൊണ്ടുള്ള ഈ കപ്പും. മാളിലെത്തുന്നവർക്ക് മനോഹരമായ ദൃശ്യവിസ്മയം കൂടിയാണ് ഈ ലോകകപ്പ് മോഡൽ. ലുലു ഇവന്റസ് ടീമിലെ നാല് പേര്‍ ചേര്‍ന്ന് 12 ദിവസം നീണ്ട പ്രയത്നം കൊണ്ടാണ് ലോകകപ്പ് നിർമ്മിച്ചത്. 16185 നട്ടുകൾ ഓരോന്നായി ചേർത്ത് വെൽഡ് ചെയ്യുകയായിരുന്നു.

Read also: വണ്ടിയോടിക്കണം, ടിക്കറ്റ് കൊടുക്കണം, ഒപ്പം ലോകകപ്പും കാണണം! ക്രിക്കറ്റ് ജ്വരം കെഎസ്ആര്‍ടിസി ബസ്സിലും

അതേസമയം മില്‍മ ഉത്പന്നങ്ങള്‍ ഗള്‍ഫിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ വഴി വില്‍ക്കാന്‍ കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷനും (കെസിഎംഎംഎഫ്-മില്‍മ) ലുലു ഗ്രൂപ്പ് ഇന്‍റര്‍നാഷണലുമായി ധാരണാപത്രം ഒപ്പിട്ടു. വ്യവസായമന്ത്രി പി രാജീവ്, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫ് അലി, മില്‍മ ചെയര്‍മാന്‍ കെ.എസ് മണി എന്നിവരുടെ സാന്നിദ്ധ്യത്തില്‍ കെ.സി.എം.എം.എഫ് എം.ഡി ആസിഫ് കെ യൂസഫും ലുലു ഗ്രൂപ്പ് ഡയറക്ടര്‍ സലിം എം എയുമാണ് ധാരണാപത്രത്തില്‍ ഒപ്പിട്ടത്. ഡൽഹി പ്രഗതി മൈതാനില്‍ നടക്കുന്ന വേള്‍ഡ് ഫുഡ് ഇന്ത്യ 2023 സമ്മേളനത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു ചടങ്ങ്.

തുടക്കത്തില്‍ മില്‍മയുടെ അഞ്ച് ഉത്പന്നങ്ങളാണ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ഉള്‍പ്പെടുത്തുന്നത്. നെയ്യ്, പ്രീമിയം ഡാര്‍ക്ക് ചോക്ലേറ്റ്, ഗോള്‍ഡന്‍ മില്‍ക്ക് മിക്സ് പൗഡര്‍(ഹെല്‍ത്ത് ഡ്രിങ്ക്), ഇന്‍സ്റ്റന്‍റ് പനീര്‍ ബട്ടര്‍ മസാല, പാലട പായസം മിക്സ് എന്നിവയാണ് ലഭിക്കുക. പാലും തൈരും മാത്രമായാല്‍ വാണിജ്യപരമായി മുന്നോട്ടു പോകാനാകില്ലെന്ന തിരിച്ചറിവില്‍ നിന്നാണ് മില്‍മ മൂല്യവര്‍ധിത ഉത്പന്നങ്ങളിലേക്ക് ശ്രദ്ധതിരിച്ചതെന്ന് കെ.എസ് മണി പറഞ്ഞു. പാല്‍ അധിഷ്ഠിതമായ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ക്ക് വിദേശത്ത് വര്‍ധിച്ചു വരുന്ന വിപണി പൂര്‍ണമായും ഉപയോഗപ്പെടുത്താന്‍ ലുലുവുമായുള്ള സഹകരണത്തിലൂടെ സാധിക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...