ഈ അമ്മ കാത്തിരുന്നത് ഒന്നും രണ്ടും വര്‍ഷമല്ല. നീണ്ട 25 വര്‍ഷമാണ്. അവസാനം ആ കാത്തിരിപ്പിന് അവസാനമായി.

തൃശൂര്‍: ഈ അമ്മ കാത്തിരുന്നത് ഒന്നും രണ്ടും വര്‍ഷമല്ല. നീണ്ട 25 വര്‍ഷമാണ്. അവസാനം ആ കാത്തിരിപ്പിന് അവസാനമായി. നിറകണ്ണുകളുമായി കാത്തിരുന്ന മകൻ ഒടുവിൽ തിരിച്ചെത്തി. കൊടകര വല്ലപ്പാടി ആന്തപ്പള്ളി വീട്ടില്‍ ലക്ഷ്മിയുടെ മകനായ 55 വയസുള്ള കൃഷ്ണനെയാണ് രണ്ടര പതിറ്റാണ്ടിന്‌ശേഷം കണ്ടെത്തിയത്.

കര്‍ഷകനായ ചന്ദ്രശേഖരന്റെയും കുടുംബിനിയായ ലക്ഷ്മിയുടെയും ആറു മക്കളില്‍ മൂന്നാമത്തെ മകനാണ് കൃഷ്ണന്‍. പത്താം ക്ലാസില്‍ പഠിക്കുന്ന കാലത്താണ് വീടുവിട്ടിറങ്ങിയത്. തുടര്‍ന്ന് ആന്ധ്രയില്‍ അമ്മാവനൊപ്പം വ്യാപാരസ്ഥാപനം നടത്തുകയായിരുന്നു. റോഡിന്റെ വികസനവുമായി ബന്ധപ്പെട്ട് വ്യാപാ രസ്ഥാപനം പൊളിച്ച് മാറ്റുകയും തുടര്‍ന്ന് വാഹന
സംബന്ധമായ ജോലികളില്‍ ഏര്‍പ്പെടുകയുമായിരുന്നു കൃഷ്ണന്‍. പിന്നീട് ഇദ്ദേഹം വാഹനാപകടത്തിൽ പെട്ടു.

1998ല്‍ ആയിരുന്നു വീട്ടുകാരുമായി അവസാനമായി ബന്ധപ്പെട്ടത്. പിന്നീട് വീട്ടുകാരുമായി യാതൊരു ബന്ധവുമില്ലാതിരുന്ന ഇദ്ദേഹത്തെ കണ്ടെത്താനായി വീട്ടുകാര്‍ ഏറെ പരിശ്രമങ്ങള്‍ നടത്തിയെങ്കിലും നിരാശ മാത്രമായിരുന്നു ഫലം. കഴിഞ്ഞദിവസം കൊടകര പൊലീസ് സ്റ്റേഷനില്‍ എത്തിയ ഫോണ്‍ കോളാണ് പതിറ്റാണ്ടുകള്‍ക്ക് ശേഷം മകനെ അമ്മയുടെ അടുത്തെത്തിച്ചത്. ഒടുവിൽ നഷ്ടപ്പെട്ട മകന്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ഉണ്ടെന്ന് അവർ അറിഞ്ഞു.

Read more:  മുട്ട് മാറ്റുന്നതിനിടെ സൺഷെയ്ഡിന്റെ കോൺക്രീറ്റ് സ്ലാബ് വീണ് കുടുങ്ങി, മണിക്കൂറുകൾ താങ്ങി നിർത്തി, ഒടുവിൽ രക്ഷ!

വെരിക്കോസ് വെയിനുമായി ബന്ധപ്പെട്ട് ചികിത്സയ്ക്ക് എത്തിയതായിരുന്നു കൃഷ്ണന്‍. വിവരങ്ങള്‍ ചോദിച്ച് മനസിലാക്കിയ ആശുപത്രി അധികൃതര്‍ കോട്ടയം പൊലീസുമായി ബന്ധപ്പെടുകയായിരുന്നു. കോട്ടയം പൊലീസ് കൊടകര പോലീസുമായി ബന്ധപ്പെട്ടു. കൊടകര വല്ലപ്പാടിയിലുള്ള കൃഷ്ണന്റെ സഹോദരി ഗീതയുമായി ബന്ധപ്പെട്ടു. പിന്നാലെ സഹേദരു ഗീതയും മറ്റു ബന്ധുക്കളും ചേര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ പോയി കൃഷ്ണനെ കൂട്ടിക്കൊണ്ടുവന്നു. സതി, വിജയന്‍, സൂരജ്, ലത എന്നിവര്‍ മറ്റു സഹോദരങ്ങളാണ്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം