പാലക്കാട് വടക്കഞ്ചേരിയിൽ ലോട്ടറിക്കടയിൽ വൻകവർച്ച. 60000 രൂപയുടെ ലോട്ടറിയും 5000 രൂപയുമാണ് കവർന്നത്.
പാലക്കാട്: പാലക്കാട് വടക്കഞ്ചേരിയിൽ ലോട്ടറിക്കടയിൽ വൻകവർച്ച. 60000 രൂപയുടെ ലോട്ടറിയും 5000 രൂപയുമാണ് കവർന്നത്. മോഷ്ടാവിന്റെ ദൃശ്യം സിസിടിവിയിൽ വ്യക്തമായിട്ടുണ്ട്. ഇന്ന് രാവിലെ കടയുടമ എത്തിയപ്പോഴാണ് കടയുടെ പൂട്ട് പൊളിച്ച നിലയിൽ കാണുന്നത്. വടക്കഞ്ചേരി ബസ് സ്റ്റാന്റിന് മുന്നിലെ വിനായക ലോട്ടറി ഏജൻസിയിലാണ് കവർച്ച നടന്നിരിക്കുന്നത്. തുടർന്ന് ഉടമ പൊലീസിൽ വിവരമറിയിച്ചു. കടയുടെ ഷട്ടറിന്റെ പൂട്ട് പൊളിച്ച നിലയിലാണ്.
കഴിഞ്ഞ ഒരാഴ്ചക്കിടെ ലോട്ടറിക്കടയോട് ചേർന്നുള്ള പച്ചക്കറി കടയിൽ മോഷണം നടന്നിരുന്നു. ഈ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് പൊലീസ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഈ ദൃശ്യങ്ങളിലുളള മോഷ്ടാവ് തന്നെയാണ് ലോട്ടറി കടയിലും മോഷണം നടത്തിയതെന്നാണ് പൊലീസിന്റെ അനുമാനം. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് വടക്കഞ്ചേരി പൊലീസും അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്നത്. പച്ചക്കറി കടയിൽ പണമൊന്നും സൂക്ഷിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ പച്ചക്കറി കടയുടെ ഉടമ പൊലീസിൽ പരാതി നൽകിയിരുന്നില്ല. തുടർന്ന് ഇന്ന് നടന്ന മോഷണത്തിലാണ് സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിരിക്കുന്നത്. മോഷ്ടാവിനായുള്ള അന്വേഷണം ഊർജിതപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.


