കല്‍പ്പറ്റ: മതിയായ രേഖകളില്ലാതെ കടത്തിയ 34 ലക്ഷം രൂപയുമായി മധുര സ്വദേശിയെ മുത്തങ്ങ എക്‌സൈസ് അറസ്റ്റ് ചെയ്തു. മുരുകേശന്‍ (53)ആണ് എക്‌സൈസ് ഇന്റലിജന്‍സ് വിംഗും സ്‌പെഷ്യല്‍ സ്‌ക്വാഡും സംയുക്തമായി നടത്തിയ വാഹനപരിശോധനക്കിടെ പിടിയിലായത്.

വൈകുന്നേരം നാല് മണിയോടെ എത്തിയ കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരനായിരുന്നു ഇയാള്‍. പ്രത്യേക തരം സഞ്ചിയിലാക്കി അരയിലായിരുന്നു ഇത്രയും പണം മുരുകേശന്‍ സൂക്ഷിച്ചിരുന്നത്. ബംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന ബസില്‍ പണം കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം കെ സുനിലിന്റെ നേതൃത്വത്തില്‍ കെ ജി സന്തോഷ്, ടി എസ് ബിനീഷ്, രമേശ്, കെ വി ഷാജിമോന്‍, പി കെ പ്രഭാകരന്‍, കെ ബി ബാബുരാജ്, എം സി സനൂപ്, എം സുരേഷ്, പി സി. ചാക്കോ, ബീരാന്‍കോയ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.