കല്‍പ്പറ്റ: പുല്‍പ്പള്ളിയില്‍ കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച പഞ്ചായത്തംഗത്തിന്റെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ നിരവധി പേര്‍. പുല്‍പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലായി 127 പേരുടെ പട്ടികയാണ് ആരോഗ്യവകുപ്പ് തയ്യാറാക്കിയിരിക്കുന്നത്. പുല്‍പ്പള്ളിയില്‍ മാത്രം 97 പേരുമായി ഇദേഹത്തിന് പ്രാഥമിക സമ്പര്‍ക്കമുണ്ടായിട്ടുണ്ട്.

രോഗിയുടെ കുടുംബാംഗങ്ങളില്‍ ബുധനാഴ്ച കൊവിഡ് പരിശോധന നടത്തിയിരുന്നു. മറ്റുള്ളവര്‍ക്ക് ആന്റിജെന്‍ പരിശോധന നാളെയും തിങ്കളാഴ്ചയുമായി നടക്കും. ദ്വിതീയ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. പഞ്ചായത്തംഗവുമായി സമ്പര്‍ക്കം പുലര്‍ത്തിയ പാര്‍ട്ടി പ്രവര്‍ത്തകരും പഞ്ചായത്തംഗങ്ങളടക്കമുള്ളവരും നിരീക്ഷണത്തിലാണ്.

എന്നാല്‍ കണ്ടെയ്ന്‍‌മെന്റ് സോണായിട്ടുപോലും പുല്‍പ്പള്ളി ടൗണില്‍ ആളുകള്‍ കൂടുതലായി എത്തുന്നുണ്ടെന്ന് ആരോപണമുയരുകയാണ്. കഴിഞ്ഞദിവസങ്ങളില്‍ വന്‍തിരക്കാണ് ടൗണില്‍ അനുഭവപ്പെട്ടത്. മത്സ്യ, മാംസ മാര്‍ക്കറ്റ് അടച്ചതോടെ ഈ ഭാഗത്തെ തിരക്കിന് കുറവുണ്ടെങ്കിലും ബാങ്കുകളിലും പലചരക്ക് കടകളിലും ആളുകള്‍ കൂട്ടമായി എത്തുകയാണ്. മാസ്‌ക് കൃത്യമായി ധരിക്കാതെ ആളുകള്‍ നഗരത്തിലെത്തുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്.

പണിപ്പെട്ട് ലോക്ക് പൊട്ടിച്ചു, പക്ഷെ സ്റ്റാര്‍ട്ടായില്ല, സിസി ടിവിയില്‍ കുടുങ്ങി ബൈക്ക് മോഷ്ടാക്കള്‍