അമ്മ ജോലിക്ക് കയറിയ അതേ ഓഫീസില്‍ തനിക്കും ആദ്യ ജോലി ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് വൃന്ദ.
മാന്നാര്‍: മാതാവ് ആദ്യമായി ജോലിയില്‍ പ്രവേശിച്ച പഞ്ചായത്തില്‍ തന്നെ മകള്‍ക്കും ആദ്യ ജോലി. കായംകുളം പുള്ളിക്കണക്ക് കുമാര ഭവനത്തില്‍ ബിന്ദുവിന്റെയും കേരള ബാങ്ക് ചൂനാട് ശാഖയിലെ ജീവനക്കാരന്‍ ബാബുവിന്റെയും മകള്‍ വൃന്ദ ബാബുവാണ്, മാതാവ് ആദ്യമായി ജോലിയില്‍ പ്രവേശിച്ച മാന്നാര്‍ പഞ്ചായത്തില്‍ എല്‍ഡി ക്ലര്‍ക്ക് ആയി ജോലിക്ക് കയറിയത്.
2013 മാര്‍ച്ച് മാസത്തിലാണ് ബിന്ദു ആദ്യമായി സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്നത്. തുടര്‍ന്ന് 2017 വരെ മാന്നാര്‍ പഞ്ചായത്തില്‍ ജോലിയില്‍ തുടര്‍ന്നു. ഇതേ ഓഫീസിലാണ് മകള്‍ക്കും ആദ്യമായി ജോലിയില്‍ പ്രവേശിക്കാനുള്ള ഭാഗ്യം ലഭിച്ചത്. അമ്മ ജോലിക്ക് കയറിയ അതേ ഓഫീസില്‍ തനിക്കും ആദ്യ ജോലി ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് വൃന്ദ പ്രതികരിച്ചു.
നാക്കിലമ്പാട് കോളനിയിലെ ജീര്‍ണിച്ച വീടുകള്‍; പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം
കോഴിക്കോട്: പുതുപ്പാടി നാക്കിലമ്പാട് ആദിവാസി കോളനിയിലെ തകര്‍ന്നു വീഴാറായ വീടുകള്‍ പരിശോധിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. കോഴിക്കോട് കളക്ടര്‍ക്കും ജില്ലാ പട്ടികജാതി - പട്ടികവര്‍ഗ ഓഫീസര്‍ക്കുമാണ് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജുനാഥ് ഉത്തരവ് നല്‍കിയത്. മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. മാധ്യമങ്ങളുടെ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. സെപ്തംബറില്‍ കോഴിക്കോട് കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.
പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ കാക്കവയല്‍ കക്കാട് പ്രദേശത്താണ് കോളനി സ്ഥിതി ചെയ്യുന്നത്. തകര്‍ന്ന് വീഴാറായ കെട്ടിടങ്ങളാണ് ഇവിടെയുള്ളതെന്ന് നാട്ടുകാര്‍ പറയുന്നു. ഒന്നിനും വാതിലുകളില്ല. ചോര്‍ച്ച കൂടിയതോടെ ടാര്‍പ്പായ കൊണ്ട് മേല്‍ക്കൂര മറച്ചാണ് താമസക്കാര്‍ കഴിയുന്നത്. വരാന്തയ്ക്ക് മുന്നില്‍ ചവിട്ടുപടി ഇല്ലാത്തതു കാരണം വയോധികര്‍ മുറ്റത്തിറങ്ങുന്നത് നിരങ്ങിയാണ്. വാട്ടര്‍ ടാങ്ക് ഉണ്ടെങ്കിലും പൈപ്പ് കണക്ഷനില്ല. പണിയ സമുദായത്തില്‍പെട്ടവര്‍ താമസിക്കുന്ന ഇവിടെ വര്‍ഷങ്ങള്‍ക്കു മുമ്പ് നിര്‍മ്മിച്ച പത്തു വീടുകളും തകര്‍ച്ചയുടെ വക്കിലാണെന്ന് നാട്ടുകാര്‍ പറയുന്നു. പണം അടയ്ക്കാത്തത് കാരണം വീടുകളിലേയ്ക്കുള്ള വൈദ്യുതി കണക്ഷന്‍ റദ്ദാക്കി. സര്‍ക്കാരിന്റെ ഭവന പദ്ധതിക്ക് വര്‍ഷങ്ങളായി അപേക്ഷ നല്‍കിയെങ്കിലും ലഭിച്ചിട്ടില്ല. കോളനിയിലെ എല്ലാ കുടുംബങ്ങള്‍ക്കുമായി ഉള്ളത് പട്ടികവര്‍ഗ വികസന വകുപ്പ് മൂന്നു ലക്ഷം മുടക്കി നിര്‍മ്മിച്ച ഒരേയൊരു ശൗചാലയമാണ്. കോളനിയില്‍ വാഹനമെത്താന്‍ റോഡില്ലാത്തതിനാല്‍ രോഗികളെ എടുത്തു കൊണ്ടു പോകണം. തകര്‍ന്ന വീടുകള്‍ പുനര്‍ നിര്‍മ്മിക്കാന്‍ പഞ്ചായത്തോ, പട്ടികവര്‍ഗ വകുപ്പോ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. തകര്‍ന്ന വീടുകള്‍ പുനരുദ്ധരിക്കാന്‍ കഴിയില്ലെന്നും പുതിയവ നിര്‍മ്മിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
പാലക്കാട് കൈക്കുഞ്ഞിന് വാക്സീൻ മാറി കുത്തിവെച്ച നഴ്സിനെതിരെ നടപടി; സസ്പെന്റ് ചെയ്തു

