മൃതദേഹങ്ങൾ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റും. ഇവിടെ പോസ്റ്റ്‌മോര്‍ട്ടം നടത്തും

കാസർകോട്: ചീമേനി ചെമ്പ്രങ്ങാനത്ത് അമ്മയെയും രണ്ട് മക്കളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. സജന (36), മക്കളായ ഗൗതം (8), തേജസ് (4) എന്നിവരാണ് മരിച്ചത്. മക്കളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം സജന ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. മൃതദേഹങ്ങൾ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റും. കുട്ടികളുടെ രണ്ട് പേരുടേയും മൃതദേഹം കിടപ്പ് മുറിയിലായിരുന്നു. മുകളിലത്തെ നിലയില്‍ തൂങ്ങിയ നിലയിലായിരുന്നു സജനയുടെ മൃതദേഹം. കുടുംബ പ്രശ്നത്തെ തുടര്‍ന്ന് മക്കളെ കൊന്ന് സജന ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം.

എരുമപ്പെട്ടി വെള്ളാറ്റഞ്ഞൂരിലും സമാന സംഭവം നടന്നു. മൂന്ന് കുട്ടികളുമായി യുവതി കിണറ്റിൽ ചാടി. ഇതിൽ രണ്ട് കുട്ടികൾ മരിച്ചു. വെള്ളാറ്റഞ്ഞൂർ പൂന്തിരുത്തിൽ വീട്ടിൽ അഭിജയ്(7) ആദിദേവ് (6) എന്നിവരാണ് മരിച്ചത്. അമ്മ 29 വയസ്സുള്ള സയന ഒന്നര വയസ്സുള്ള മകൾ ആഗ്നിക എന്നിവർ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം.

മരിച്ച കുട്ടികളിൽ ഒരാളുടെ മൃതദേഹം വെള്ളറക്കാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും ഒരാളുടെ മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്. എരുമപ്പെട്ടി സബ് ഇൻസ്പെക്ടർ മഹേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. കുന്നംകുളം അഗ്നി രക്ഷാസേന സ്റ്റേഷൻ ഓഫീസർ ബി വൈശാഖിന്റെ നേതൃത്വത്തിലുള്ള അഗ്നി രക്ഷാസേനാസംഘം സ്ഥലത്തെത്തി. നാട്ടുകാരും അഗ്നി രക്ഷാസേന ഉദ്യോഗസ്ഥരും ചേർന്ന് ഏറെ നേരത്തെ പരിശ്രമത്തിനോടുവിലാണ് നാലുപേരെയും കിണറ്റിൽ നിന്നും പുറത്തെത്തിച്ചത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്