അമിത പ്രകാശ ലൈറ്റുകള്‍; രജിസ്ട്രേഷനും ലൈസന്‍സും റദ്ദാക്കുമെന്ന് മുന്നറിയിപ്പ്

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.jpg
First Published 11, Feb 2019, 7:16 PM IST
motor department against vehicle high beam light
Highlights

രാത്രിയിൽ ലൈറ്റ് ഡിം ചെയ്യാതെയും അമിത പ്രകാശം വമിക്കുന്ന ലൈറ്റുകൾ ഘടിപ്പിച്ചും വാഹനമോടിക്കുന്നത് സംബന്ധിച്ച് നിരവധി പരാതികൾ ഉയർന്നതോടെയാണ് നടപടികൾ കർശനമാക്കാൻ വകുപ്പ് തീരുമാനിച്ചത്. ഹെവി വാഹനം ഓടിക്കുന്നവർക്ക് ചെറു വാഹനങ്ങളെ കണ്ടാൽ ലൈറ്റ് ഡിം ചെയ്യാൻ മടിയാണെന്നാണ് ഭൂരിഭാഗം വാഹന യാത്രക്കാരുടെയും പരാതി

കോഴിക്കോട്: അമിത പ്രകാശമുള്ള ഹെഡ് ലൈറ്റുകളുമായി നിരത്തിലോടുന്ന  വാഹനങ്ങൾക്കെതിരെ നടപടി ശക്തമാക്കാനൊരുങ്ങി സംസ്ഥാന മോട്ടോർ വാഹന വകുപ്പ്. പ്രകാശ തീവ്രത കൂടിയ ഹെഡ് ലൈറ്റ് ഘടിപ്പിച്ച  വാഹനങ്ങളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദു ചെയ്യുകയും വാഹനം ഓടിച്ചയാളുടെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതുൾപ്പടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

രാത്രിയിൽ ലൈറ്റ് ഡിം ചെയ്യാതെയും അമിത പ്രകാശം വമിക്കുന്ന ലൈറ്റുകൾ ഘടിപ്പിച്ചും വാഹനമോടിക്കുന്നത് സംബന്ധിച്ച് നിരവധി പരാതികൾ ഉയർന്നതോടെയാണ് നടപടികൾ കർശനമാക്കാൻ വകുപ്പ് തീരുമാനിച്ചത്. ഹെവി വാഹനം ഓടിക്കുന്നവർക്ക് ചെറു വാഹനങ്ങളെ കണ്ടാൽ ലൈറ്റ് ഡിം ചെയ്യാൻ മടിയാണെന്നാണ് ഭൂരിഭാഗം വാഹന യാത്രക്കാരുടെയും പരാതി. ഇരുചക്ര വാഹനങ്ങളടക്കം ചെറു വാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്കാണ് ഇതു കൂടുതൽ പ്രശ്നങ്ങൾ  സൃഷ്ടിക്കുന്നത്. 

ഏതു വാഹനമായാലും, രാത്രിയിൽ എതിർ ദിശയിൽ വാഹനം വരുമ്പോൾ ലൈറ്റ് ഡിം ചെയ്യണമെന്നാണ് മോട്ടോർ വാഹന വകുപ്പ് ചട്ടം. എന്നാൽ ഇത് പലപ്പോഴും പാലിക്കപ്പെടുന്നില്ല. എതിർ ദിശയിൽ നിന്ന് വാഹനത്തിന്റെ പ്രകാശം നേരെ കണ്ണിലേക്ക് അടിക്കുമ്പോൾ  വാഹനമോടിക്കുന്നവർക്ക് റോഡ് കാണാനാവാതെ വരികയും ഇത് അപകടങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു. ബ്രൈറ്റ്  ലൈറ്റിനാൽ ഉണ്ടാകുന്ന അപകടങ്ങൾ വാഹന നിയമ ലംഘന അപകടങ്ങളിൽ വളരെ കൂടുതലാണെന്നും മോട്ടോർ വാഹനവകുപ്പ് ചൂണ്ടിക്കാട്ടുന്നു. 

ലൈറ്റ് ഡിം ചെയ്യാത്തതുമൂലം എതിരെ വരുന്ന ഡ്രൈവർമാർക്ക് നിമിഷനേരത്തേക്ക് കാഴ്ച്ച നഷ്ടപ്പെടുന്നതിനാൽ കാൽ നട യാത്രക്കാരും അപകടത്തിൽ പെടുന്ന സാഹചര്യമുണ്ട്. ഓട്ടോമോട്ടീവ് ഇൻഡസ്ട്രി സ്റ്റാൻഡേർഡ് പ്രകാരം ഇരട്ടഫിലമെന്റുള്ള ഹാലജൻ ബൾബുകളുടെ ഹൈബീം 60 ഉം ലോ ബീം 55 വാട്സും അധികരിക്കാൻ പാടില്ല. പ്രധാന കാർ നിർമാതാക്കളെല്ലാം 55-60 വാട്സ് ഹാലജൻ ബൾബുകളാണ് ഉപയോഗിക്കുന്നത്. എച്ച്.ഐ.ഡി (ഹൈ ഇന്റൻസിറ്റി ഡിസ്ചാർജ് ലാമ്പ്) ലൈറ്റുകളിൽ 35 വാട്സിൽ അധികമാകാനും പാടില്ലെന്നാണ് ചട്ടം. എന്നാൽ ചട്ടങ്ങൾ ലംഘിച്ച് ഇറക്കുമതി ചെയ്യുന്ന തീവ്രതയുള്ള എച്ച്.ഐ.ഡി ലൈറ്റുകൾ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതായി വകുപ്പ് കണ്ടെത്തിയിരുന്നു. 

വാഹന നിർമാതാക്കൾ നൽകുന്ന ഹെഡ് ലൈറ്റ് ബൾബ് മാറ്റി പ്രത്യേക വയറിങ് കിറ്റോടെ ലഭിക്കുന്ന എച്ച്.ഐ.ഡി ലൈറ്റുകളാണ് പലരും ഘടിപ്പിക്കുന്നത്. ഓഫ് റോഡ് മേഖലകളിലും റാലികളിലും ഓടുന്ന വാഹനങ്ങൾക്കായി പ്രത്യേകം തയാറാക്കിയിട്ടുള്ള ഉയർന്ന പ്രകാശ തീവ്രതയുള്ള ലൈറ്റുകളാണ് ഇവ. ഇത്തരം ലൈറ്റുകൾ നിരത്തിലേക്ക് എത്തുന്നത് അപകടസാധ്യത വൻതോതിൽ വർധിപ്പിക്കുന്നതായും നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മോട്ടോർ വാഹന വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

loader