അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് മോട്ടോർ വാഹന വകുപ്പാണ് കേസെടുത്തത്. കാറും ആംബുലൻസും മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു.

ആലപ്പുഴ: ആലപ്പുഴയിൽ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് രോഗിയുമായി പോയ ആംബുലൻസ് തടഞ്ഞ് യുവാക്കൾ വെല്ലുവിളി നടത്തിയ സംഭവത്തിൽ ആംബുലൻസ് ഡ്രൈവർക്കെതിരെയും കേസ്. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് മോട്ടോർ വാഹന വകുപ്പാണ് കേസെടുത്തത്. കാറും ആംബുലൻസും മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു. ആംബുലൻസ് ഡ്രൈവറുടെ ഭാഗത്തും പിഴവുണ്ടെന്നും ദൃശ്യങ്ങൾ പൂർണമായി പരിശോധിച്ചതിൽ നിന്നാണ് ഇക്കാര്യം വ്യക്തമായതെന്നും മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി. കാറും ആംബുലൻസും റോഡ് യാത്രക്കാർക്ക് ഭീതി സൃഷ്ടിക്കുംവിധം ആയിരുന്നു യാത്ര നടത്തിയത്.

ആനയടിയിൽ നിന്ന് രോഗിയുമായി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോവുകയായിരുന്നു ആംബുലൻസ്. ആംബുലൻസിന് സൈഡ് കൊടുക്കാതെ കുറെ ദൂരം കാർ ഓടിച്ച് യുവാക്കൾ അഭ്യാസ പ്രകടനം നടത്തി. തുടർന്നാണ് വാഹനത്തിന് കുറുകെ കാർ നിർത്തിയിട്ട് യാത്ര തടസപ്പെടുത്തി വെല്ലുവിളി നടത്തിയത്. സംഭവത്തിൽ കാര്‍ യാത്രക്കാര്‍ക്കെതിരെ മോട്ടോർ വാഹന വകുപ്പ് നേരത്തെ കേസെടുത്തിരുന്നു. അപകടകരമായി വാഹനമോടിച്ചതിനാണ് മോട്ടോർ വാഹന വകുപ്പ് കേസെടുത്തിരിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്