മൂന്നാറില്‍ മണ്ണിടിച്ചിലിന് കാരണമായത് മണ്ണുമാന്തിയന്ത്രങ്ങള്‍ ഉപയോഗിച്ച് നടത്തിയ അനധികൃത നിര്‍മ്മാണങ്ങള്‍. മൂന്നാര്‍, ആനച്ചാല്‍, കുഞ്ചുതണ്ണി, പള്ളിവാസല്‍ എന്നിവിടങ്ങളില്‍ കാലവര്‍ഷത്തില്‍ മണ്ണിടിച്ചിലിന് കാരണമാക്കിയത് വന്‍മലകള്‍ ഇടിച്ച് നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍.  

ഇടുക്കി: മൂന്നാറില്‍ മണ്ണിടിച്ചലിന് കാരണമായത് മണ്ണുമാന്തിയന്ത്രങ്ങള്‍ ഉപയോഗിച്ച് നടത്തിയ അനധികൃത നിര്‍മ്മാണങ്ങള്‍. മൂന്നാര്‍, ആനച്ചാല്‍, കുഞ്ചുതണ്ണി, പള്ളിവാസല്‍ എന്നിവിടങ്ങളില്‍ കാലവര്‍ഷത്തില്‍ മണ്ണിടിച്ചിലിന് കാരണമാക്കിയത് വന്‍മലകള്‍ ഇടിച്ച് നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍.

പള്ളിവാസലില്‍ ടണല്‍ കടന്നുപോകുന്ന ഭാഗങ്ങളില്‍ പ്ലംജൂഡി റിസോര്‍ട്ട് നിര്‍മ്മിക്കുന്നതിനായി ട്രില്ലിംങ്ങ് അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ മലയിടിയുന്നതിന് പ്രധാന കാരണമായി. നല്ലതണ്ണി സ്‌കൂളിന് സമീപത്ത് മലകള്‍ തുരന്ന് കമ്പനി, റോഡുകള്‍ നിര്‍മ്മിച്ചത് നാല് പേരുടെ ജീവന്‍ നഷ്ടപ്പെടാന്‍ ഇടയാക്കി. 

മൂന്നാര്‍ മുരുകന്‍ അമ്പലത്തിന് സമീപത്തെ വന്‍മലകള്‍ ഇടിച്ചുള്ള നിര്‍മ്മാണങ്ങള്‍ ഈ ഭാഗങ്ങളിലെ കുന്നുകള്‍ ഇടിയുന്നതിന് പ്രധാന കാരണമായി. പഴയ മൂന്നാര്‍ മൂലക്കടയ്ക്ക് സമീപത്ത് ബഹുനില കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനായി നടത്തിയ നിര്‍മ്മാണങ്ങള്‍ പലതും സുരക്ഷാ ഭീഷണിയ്ക്കിടയാക്കി. ഇത്തരം കെട്ടിടങ്ങള്‍ക്ക് സമീപത്തുള്ള നൂറുകണക്കിന് ആളുകളെയാണ് സര്‍ക്കാരിന്‍റെ നേത്യത്വത്തില്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റേണ്ടി വന്നത്. 

മൂന്നാര്‍ ഗവ. ആര്‍ട്ട്‌സ് കോളേജിന് സമീപത്തെ വന്‍മലകള്‍ സര്‍ക്കാരിന്‍റെ അനുമതിയില്ലാതെ ഇടിച്ചുനിരത്തി കെട്ടിടങ്ങള്‍ നിര്‍മ്മിച്ചിരുന്നു. ഇത്തരം നിര്‍മ്മാണങ്ങള്‍ കുട്ടികളുടെ സുരക്ഷയ്ക്ക് ഭീക്ഷണിയാണെന്ന് പലവട്ടം റിപ്പോര്‍ട്ട് ചെയ്യ്തിട്ടും നടപടികള്‍ ഉണ്ടായില്ല. നിലവില്‍ കോളേജ് പ്രവര്‍ത്തിക്കുന്ന ഭൂമിയില്‍ യാതൊരുവിധ കെട്ടിടനിര്‍മ്മാണങ്ങളും അനുവധിക്കരുതെന്ന ഉത്തരവ് മറികടന്നാണ് വിദ്യാഭ്യാസ വകുപ്പ് നിര്‍മ്മാണങ്ങള്‍ നടത്തിയത്. 

മല തട്ടുകളായി ഇടിച്ച് നിരത്തി നാലുകെട്ടിടങ്ങളാണ് ഇത്തരത്തില്‍ നിര്‍മ്മിച്ചത്. സംഭവത്തില്‍ നടപടി സ്വീകരിക്കണമെന്ന് ദേവികുളം സബ് കളക്ടര്‍ക്കും തഹസില്‍ദ്ദാര്‍ക്കും പരാതികള്‍ നല്‍കിയെങ്കിലും തുടര്‍നടപടികളുണ്ടായില്ല. സര്‍ക്കാര്‍ വകുപ്പിന്‍റെ നിര്‍മ്മാണങ്ങള്‍ തടയാന്‍ കഴിയില്ലെന്നായിരുന്നു അധികൃതരുടെ നിലപാട്. 

കാലവര്‍ഷം തിമിര്‍ത്ത് പെയ്യുമ്പോഴും ഇവിടങ്ങളില്‍ മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗപ്പെടുത്തിയുള്ള നിര്‍മ്മാണങ്ങള്‍ തുടരുകയായിരുന്നു. കനത്ത മഴയില്‍ ഇത്തരത്തില്‍ പുതിയതായി നിര്‍മ്മിച്ച രണ്ട് കെട്ടിടങ്ങള്‍ ഇല്ലാതായതോടെ വിദ്യാര്‍ത്ഥികളുടെ പഠനം അനിശ്ചിതമായി നീണ്ടുപോയി. ജിയോളജിക്കല്‍ വകുപ്പിന്‍റെ നിരോധനം നിലനില്‍ക്കെ, സര്‍ക്കാരിന്‍റെ കോടികള്‍ നശിപ്പിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നിയനടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 

മഴ പെയ്തിറങ്ങിയെങ്കിലും പലയിടങ്ങളിലും മണ്ണിടിച്ചില്‍ ഭീതിയിലാണ് കഴിയുന്നത്. മൂന്നാറില്‍ അനധികൃതമായി നിര്‍മ്മിച്ച 10 -ഓളം ബഹുനില കെട്ടിടങ്ങള്‍ ഇപ്പോഴും അപകട ഭീഷണിയിലാണ്. ഇത്തരം കെട്ടിടങ്ങള്‍ സംബന്ധിച്ച് റവന്യു വകുപ്പ് ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. എം.ജി കോളനിയില്‍ ഇത്തരം കെട്ടിടങ്ങള്‍ക്കെതിരെ അസോസിയേഷന്‍ അംഗങ്ങള്‍ രംഗത്തെത്തുകയും പുതിയ നിര്‍മ്മാണങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതായി നോട്ടീസ് വിതരണം നടത്തി.

സ്വകാര്യ ലാഭത്തിനായി ജനവാസ മേഖലകളിലടക്കം നിര്‍മ്മാണങ്ങള്‍ നടത്തിയതാണ് മൂന്നാറിലെ ദുരന്തങ്ങള്‍ക്ക് കാരണം. മലയിടിച്ചത് മൂലം ഭൂപ്രകൃതിയുടെ ഘടനയില്‍ മാറ്റങ്ങള്‍ ഉണ്ടാക്കിയ വന്‍കിട മുതലാളിമാര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സന്ദര്‍ശകരുടെ പേരില്‍ റിസോര്‍ട്ട് മാഫിയ നടത്തുന്ന അനധികൃത നിര്‍മ്മാണങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ കഴിഞ്ഞാല്‍ തുടര്‍ന്നുള്ള ദുരന്തങ്ങള്‍ ഒഴിവാക്കുവാന്‍ സാധിക്കുമെന്നും നാട്ടുകാർ പറഞ്ഞു.