മാന്നാര്‍: ജനവാസ കേന്ദ്രങ്ങത്തില്‍ ജനങ്ങളുടെ സുരക്ഷ പരിഗണിക്കാതെ നിര്‍മിക്കുന്ന സ്വകാര്യ മൊബൈല്‍ ടവറിനെതിരെ നാട്ടുകാരില്‍ പ്രതിഷേധം ശക്തം. മാന്നാര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ കേവുംപുറത്ത് ലക്ഷംവീട് കോളനിയിലെ നൂറോളം കുടുംബങ്ങളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. കുട്ടികളടക്കം അഞ്ഞൂറോളമാളുകള്‍ ടവറിന്റെ സമീപത്തായി താമസിക്കുന്നുണ്ട്. 

ചിറ്റക്കാട്ട് വക പുരയിടത്തില്‍ ടാറ്റാ സ്ഥാപിച്ച ടവറിന്റെ കാലാവധി കഴിഞ്ഞതിനാല്‍ ടവര്‍ ഇവിടെ നിന്നും നീക്കം ചെയ്യണമെന്ന് വസ്തു ഉടമ അധികൃതരെ അറിയിക്കുകയും ആഗസ്റ്റ്  30നകം നീക്കം ചെയ്യാമെന്നുള്ള ഉറപ്പ് അധികൃതര്‍ നല്‍കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ നില്‍ക്കുന്ന ടവറിന്റെ സമീപത്തുള്ള പുരയിടത്തില്‍ പുതിയ ടവര്‍ സ്ഥാപിക്കുന്നതിനുള്ള ലൈസന്‍സ് പഞ്ചായത്ത് സെക്രട്ടറി മൊബൈല്‍ ടവര്‍ കമ്പിനിക്ക് നല്‍കി. സമീപവാസികളുടെ അഭിപ്രായം കണക്കിലെടുക്കാതെയുള്ള ഈ നടപിടക്കെതിരെയാണ് നാട്ടുകാരുടെ പ്രതിഷേധം.

തൊട്ടടുത്ത് ബിഎസ്എന്‍എല്ലിന്റെ ടവര്‍ നില്‍ക്കുമ്പോഴാണ് ജനങ്ങളുടെ സുരക്ഷയെയും, ആരോഗ്യവും കണക്കിലെടുക്കാതെ വഴിവിട്ട നീക്കം നടത്തി പഞ്ചായത്തംഗം ടാറ്റാ ടവര്‍ കമ്പനിക്ക് ലൈസന്‍സ് വാങ്ങി നല്‍കിയെന്ന് നാട്ടുകാര്‍ ആരോപിച്ചു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് വസ്തു ഉടമ കരാര്‍ പുതുക്കി നല്‍കാത്ത സാഹചര്യത്തില്‍ പുതിയ ടവറിന്റെ നിര്‍മാണത്തിനുള്ള അനുമതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കും.

പ്രതീകാത്മക ചിത്രം