സ്ഥാനാർഥി പ്രഖ്യാപനം പൂർത്തിയാക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് ജില്ലാ നേതൃത്വത്തെ എത്തിച്ചിരിക്കുകയാണ്. 53 സീറ്റുകളിൽ 12 എണ്ണത്തിൽ മാത്രമാണ് ഇതുവരെ സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ കഴിഞ്ഞിട്ടുള്ളത്.

പാലക്കാട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ പാലക്കാട് നഗരസഭയിലെ സീറ്റ് വിഭജനത്തെച്ചൊല്ലി കോൺഗ്രസിൽ തർക്കം രൂക്ഷം. ഗ്രൂപ്പ് പോരും പ്രാദേശിക തർക്കങ്ങളും കാരണം സ്ഥാനാർഥി പ്രഖ്യാപനം പൂർത്തിയാക്കാൻ കഴിയാത്ത അവസ്ഥയിലാണ് ജില്ലാ നേതൃത്വം. പാലക്കാട് നഗരസഭയിലെ ആകെ 53 സീറ്റുകളിൽ 10 സീറ്റുകൾ മുസ്ലിം ലീഗിനും 2 സീറ്റുകൾ മറ്റ് ഘടകകക്ഷികൾക്കും നൽകാൻ ധാരണയായിട്ടുണ്ട്. ശേഷിക്കുന്ന 42 സീറ്റുകളിലെ കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിലാണ് തർക്കം നിലനിൽക്കുന്നത്. ഇതുവരെ ആകെ 12 സീറ്റുകളിൽ മാത്രമാണ് സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കാൻ കഴിഞ്ഞിട്ടുള്ളത്.

പ്രശ്നം പരിഹരിക്കുന്നതിനായി ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ പ്രത്യേക കോർ കമ്മിറ്റി യോഗം ചേർന്നു. പാർട്ടിക്ക് വേണ്ടി സജീവമായി പ്രവർത്തിച്ചിരുന്ന പ്രധാന മണ്ഡലം പ്രസിഡൻ്റുമാർക്ക് സീറ്റ് നിഷേധിക്കപ്പെട്ടത് തർക്കം രൂക്ഷമാക്കാൻ കാരണമായി. കോൺഗ്രസ് നോർത്ത് മണ്ഡലം പ്രസിഡൻ്റ് രമേശ് പുത്തൂർ, ഈസ്റ്റ് മണ്ഡലം പ്രസിഡൻ്റ് സേവിയർ സെബാസ്റ്റ്യൻ എന്നിവർക്ക് സീറ്റ് ലഭിച്ചില്ല. ഇരുവരും സീറ്റ് ആവശ്യപ്പെട്ടിരുന്നെങ്കിലും ജില്ലാ നേതൃത്വം അംഗീകരിച്ചില്ല. ഇതിനെതിരെ പ്രാദേശിക തലത്തിൽ പ്രതിഷേധം ശക്തമാണ്.