ഇടുക്കി: കൊവിഡ് 19നെ തുടര്‍ന്നുള്ള സമ്പൂര്‍ണ്ണ അടച്ചിടലിനെ തുടര്‍ന്ന് വലിയ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ് മൂന്നാറിലെ ഹോട്ടലുടമകള്‍. മറ്റ് മേഖലകളെ അപേക്ഷിച്ച് വിനോദ സഞ്ചാരികള്‍ എത്തിയില്ലെങ്കില്‍ മൂന്നാറിലെ ഹോട്ടലുകളില്‍ കച്ചവടമില്ല. ഇക്കാരണം കൊണ്ടു തന്നെ ലോക്ക് ഡൗണ്‍ ഇളവ് ലഭിച്ചിട്ടിട്ടും മൂന്നാറിലെ ഭൂരിഭാഗം ഹോട്ടലുകളും അടഞ്ഞ് തന്നെ കിടക്കുകയാണ്.

പാഴ്സലുകള്‍ നല്‍കാനായി തുറന്നു പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളില്‍ നടക്കുന്നത് നാമമാത്ര കച്ചവടം മാത്രമാണ്. മൂന്നാറിന്റെ വ്യാപാരമേഖല പതിയെ പതിയെ സാധാരണ നിലയിലേക്ക്  മടങ്ങുമ്പോഴും കാര്യമായ ചലനങ്ങള്‍ ഒന്നും ഉണ്ടാകാത്ത വിഭാഗമാണ് മൂന്നാറിലെ ഹോട്ടല്‍ വ്യവസായം. അപ്രതീക്ഷിതമായെത്തിയ കൊവിഡ് ഭീതിയും സമ്പൂര്‍ണ്ണ അടച്ചിടലും മൂന്നാറിലെ ചെറുകിട വന്‍കിട ഹോട്ടല്‍ ഉടമകളെ ഒരേ പോലെ പ്രതിസന്ധിയിലാക്കി.

മറ്റ് മേഖലകളെ അപേക്ഷിച്ച് വിനോദ സഞ്ചാരികളാണ് മൂന്നാറിലെ ഹോട്ടല്‍ വ്യവസായത്തിന്റെ നട്ടെല്ല്. സഞ്ചാരികളുടെ വരവ് നിലച്ചിരിക്കുന്ന സാഹചര്യത്തില്‍ എങ്ങനെ മുമ്പോട്ട് പോകുമെന്ന ആശങ്ക ഹോട്ടല്‍ ഉടമകള്‍ പങ്ക് വെക്കുന്നു.  ചെറുകിട ഹോട്ടലുടമകള്‍ പലരും വലിയ കടബാധ്യതതയുടെ വക്കിലാണ്.

ഉടമകള്‍ക്കു പുറമെ മൂന്നാറിലെ ഹോട്ടല്‍ മേഖലയില്‍ പണിയെടുത്തിരുന്ന തൊഴിലാളികളും ദുരിതബാധിതര്‍ തന്നെ.തൊഴിലും വരുമാനവുമില്ലാതായതോടെ കുടുംബം പുലര്‍ത്താന്‍ പലരും പെടാപ്പാടുപെടുന്നു. ഇളവുകളുടെ പശ്ചാത്തലത്തില്‍ തോട്ടം മേഖലകളില്‍ നിന്നാളുകള്‍ ടൗണിലെത്തിയാലും വിനോദസഞ്ചാര മേഖല ഉണര്‍വ്വ് കൈവരിച്ചാലെ മൂന്നാറിന്റെ ഹോട്ടല്‍ വ്യവസായവും സാധരണനിലയിലേക്കെത്തൂ.