21 അംഗങ്ങള്‍ ഉള്ള പഞ്ചായത്തില്‍ 11 അംഗങ്ങളുടെ പിന്തുണയോടെ എല്‍ഡിഎഫില്‍ നിന്നും ഭരണം പിടിച്ചെടുക്കാമെന്ന ആത്മവിശ്വാസത്തോടെ എത്തിയ കോണ്‍ഗ്രസിന് നിരാശപ്പെടേണ്ടി വന്നു

ഫോട്ടോ: പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട എല്‍ഡിഎഫിലെ ജ്യോതി സതീഷ്‌കുമാർ, യുഡിഎഫ് സ്ഥാനാർഥി ദീപാ രാജ്കുമാർ

മൂന്നാര്‍: അടിമുടി നാടകീയത നിറഞ്ഞ സംഭവവികാസങ്ങള്‍ക്കൊടുവില്‍ മൂന്നാര്‍ ഗ്രാമപഞ്ചായത്ത് ഭരണം എല്‍ഡിഎഫ് നിലനിര്‍ത്തി. അവിശ്വാസ പ്രമേയ ചര്‍ച്ചയ്‌ക്കൊടുവില്‍ നടന്ന വോട്ടെടുപ്പില്‍ തുല്യനില വന്നതോടെ നടത്തിയ നറുക്കെടുപ്പിലൂടെ പ്രസിഡന്റിനെ നിശ്ചയിക്കേണ്ടി വന്നു. എല്‍ഡിഎഫിലെ ജ്യോതി സതീഷ്‌കുമാറാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. 21 അംഗങ്ങള്‍ ഉള്ള പഞ്ചായത്തില്‍ 11 അംഗങ്ങളുടെ പിന്തുണയോടെ എല്‍ഡിഎഫില്‍ നിന്നും ഭരണം പിടിച്ചെടുക്കാമെന്ന ആത്മവിശ്വാസത്തോടെ എത്തിയ കോണ്‍ഗ്രസിന് നിരാശപ്പെടേണ്ടി വന്നു. അതേസമയം ഭാഗ്യത്തിന്റെ അകമ്പടിയോടെ എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തുകയും ചെയ്തു. 

ഒരു വോട്ട് അസാധുവായതോടെ ഇടതു മുന്നണിക്കും കോണ്‍ഗ്രസിനും പത്ത് അംഗങ്ങളുടെ പിന്തുണയാണ് ഉണ്ടായിരുന്നത്. മൂന്നാം വാര്‍ഡ് അംഗമായ ദീപ രാജ്കുമാറിന്റെ വോട്ട് അസാധുവായതാണ് കോണ്‍ഗ്രസിന് തിരിച്ചടിയായത്. തുടര്‍ന്ന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വരണാധികാരിയായ ദേവികുളം ബ്ലോക്ക് ഡവലപ്പ്‌മെന്റ് ഓഫീസര്‍ ഉമര്‍ ഫറൂഖിന്റെ പിഴവ് മൂലം നാടകീയ സംഭവങ്ങളാണ് മൂന്നാറില്‍ പഞ്ചായത്തില്‍ അരങ്ങേറിയത്. ഒന്നില്‍ കൂടുതല്‍ പേര്‍ മത്സരിക്കാനുണ്ടെങ്കില്‍ ആദ്യം നറുക്കെടുക്കുന്ന ആളെ ഒഴിവാക്കി എതിരാളിയെ വിജയിയായി പ്രഖ്യാപിക്കുന്നതായിരിക്കും എന്നുള്ള വരണാധികാരിയുടെ അറിയിപ്പാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയത്. ഇത്തരത്തില്‍ ആദ്യം നറുക്കു വീണ സിപിഐയിലെ ജ്യോതിയെ ഒഴിവാക്കി കോണ്‍ഗ്രസിന്റെ ഭാഗമായി മത്സരിച്ച ദീപ രാജ്കുമാറിനെ പ്രസിഡന്റായി പ്രഖ്യാപിക്കുകയും ചെയ്തു. ദീപ വിജയിച്ചതായി വരണാധികാരി പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസുകാര്‍ മൂന്നാര്‍ ടൗണിലൂടെ ആഘോഷപ്രകടനം നടത്തി. 

പഞ്ചായത്ത് രാജ് ആക്ടില്‍ സൂചിപ്പിക്കുന്ന വിധത്തിലല്ല തെരഞ്ഞെടുപ്പ് നടന്നതെന്ന വാദവുമായ് എല്‍ഡിഎഫ് പഞ്ചായത്ത് ഓഫീസിനു മുന്നില്‍ പ്രതിഷേധം ഉയര്‍ന്നതോടെ വരണാധികാരി പഞ്ചായത്ത് രാജ് ആക്ടിലെ തിരഞ്ഞെടുപ്പ് ചട്ടം വിശദമായ പരിശോധന നടത്തുകയും തനിക്ക് പിഴവ് പറ്റിയതായി അംഗീകരിക്കുകയും ചെയ്തു. നറുക്കെടുപ്പ് നടത്തുമ്പോള്‍ തെരഞ്ഞെടുപ്പ് അടിസ്ഥാനമാക്കുന്ന എ, ബി, സി എന്നീ തരം തിരിച്ചിട്ടുള്ള വകുപ്പുകളില്‍ സി വകുപ്പു പ്രകാരം ആദ്യം നറുക്ക് വീഴുന്ന വ്യക്തിയാണ് പ്രസിഡന്റ് ആകേണ്ടതെന്നുള്ള സൂചന അടിസ്ഥാനത്തില്‍ വിഷയം തെരഞ്ഞെടുപ്പ് കമ്മീഷനെ അറയിക്കുകയായിരുന്നു. ആദ്യം തെരഞ്ഞെടുക്കപ്പെട്ട ദീപയുടെ പ്രസിഡന്റ് സ്ഥാനം അംഗീകരിച്ച് കഴിഞ്ഞിരുന്നതിനാല്‍ ഇലക്ഷന്‍ കമ്മീഷന്‍ ഇടപെട്ടാണ് വിജയിയെ തിരൂമാനിക്കേണ്ടി വന്നത്. 

വൈകിട്ട് അഞ്ചു മണിയോടെ ഇ-മെയില്‍ വഴിയായി പഞ്ചായത്ത് കമ്മിറ്റി വിളിച്ചുകൂട്ടി ജ്യോതിയെ വിജയിയായി പ്രഖ്യാപിക്കുവാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍രെ നിര്‍ദ്ദേശം വന്നതോടെയാണ് ഒരു ദിവസം മുഴുവന്‍ നീണ്ടു നിന്ന നാടകീയസംഭവങ്ങള്‍ക്ക് പരിസമാപ്തിയായത്.