ഭരണം നഷ്ടപ്പെടാതിരിക്കുവാന്‍ ഇടതുമുന്നണി നടത്തിയ അണിയറ നീക്കങ്ങളാണ് പ്രസിഡന്റി രാജിയില്‍ കലാശിച്ചത്. കോണ്‍ഗ്രസില്‍ നിന്നും കൂറുമാറിയെത്തുന്ന അംഗത്തിന് പ്രസിഡന്റ് സ്ഥാനം നല്‍കാൻ വേണ്ടിയാണ് നിലവിലെ പ്രസിഡന്റ് രാജി വെച്ചതെന്നാണ് സൂചന.

മൂന്നാര്‍: ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രവീണ രവികുമാർ രാജിവച്ചു. തുടർഭരണം നിലനിർത്താൻ കോൺഗ്രസ് അംഗത്തെ സിപിഐയിലേക്കെത്തിച്ച് പ്രസിഡന്റ് സ്ഥാനം നൽകുന്നതിനാണ് രാജിയെന്നാണ് സൂചന. ചൊവ്വാഴ്ച ഉച്ചയോടെയാണ് പാർട്ടിയുടെ തീരുമാനപ്രകാരം പ്രവീണ രവികുമാർ രാജിക്കത്ത് മൂന്നാർ പഞ്ചായത്ത് സെക്രട്ടറിക്ക് നൽകിയത്. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണവും ജോലിയുടെ ആവശ്യത്തിനുമായാണ് രാജിയെന്ന് പ്രവീണ പറഞ്ഞെങ്കിലും രാഷ്ട്രീയ കുതിരക്കച്ചവടവും അധികാര വടംവലിയും കാരണമാണ് രാജിയെന്നാണ് സൂചന. 

ഭരണം നഷ്ടപ്പെടാതിരിക്കുവാന്‍ ഇടതുമുന്നണി നടത്തിയ അണിയറ നീക്കങ്ങളാണ് പ്രസിഡന്റി രാജിയില്‍ കലാശിച്ചത്. കോണ്‍ഗ്രസില്‍ നിന്നും കൂറുമാറിയെത്തുന്ന അംഗത്തിന് പ്രസിഡന്റ് സ്ഥാനം നല്‍കാൻ വേണ്ടിയാണ് നിലവിലെ പ്രസിഡന്റ് രാജി വെച്ചതെന്നാണ് സൂചന. 21 അംഗങ്ങളുള്ള ഗ്രാമ പഞ്ചായത്തില്‍ കഴിഞ്ഞ തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ 11 അംഗങ്ങളുമായി കോണ്‍ഗ്രസ് ഭരണം പിടിച്ചെടുത്തിരുന്നു. കോണ്‍ഗ്രസിലെ മണിമൊഴി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 2021 ഡിസംബറില്‍ 18-ാം വാര്‍ഡായ നടയാറില്‍ നിന്നും വിജയിച്ച പ്രവീണ സിപിഐയില്‍ ചേരുകയും കോണ്‍ഗ്രസില്‍ നിന്നമെത്തിയ രണ്ട് അംഗങ്ങളുടെ പിന്‍ബലത്തോടെ എല്‍ഡിഫ് ഭരണം പിടിച്ചെടുക്കുകയും ചെയ്തു. 11 ല്‍ നിന്നും ഒമ്പതു അംഗങ്ങളായി കുറഞ്ഞ കോണ്‍ഗ്രസിന് ഭരണം നഷ്ടപ്പെട്ടു. ഭരണം നിലനിര്‍ത്താനും അട്ടിമറിക്കാനും ഇരുമുന്നണികളും മത്സരിച്ചതോടെ കൂറുമാറ്റവും ചാക്കിട്ടുപിടുത്തവും പതിവായി. ഭൂരിപക്ഷം തെളിയിക്കാനും പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയം നല്‍കാനും കോണ്‍ഗ്രസ് നീക്കം നടത്തുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഒരം​ഗം കൂടി എല്‍ഡിഎഫിലേക്ക് ചേക്കേറിയത്. 

കഴിഞ്ഞ 18 മാസം കൊണ്ട് പഞ്ചായത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ കഴിഞ്ഞുവെന്നും മൂന്നാറിന്റെ വിവിധ വികസന പ്രവര്‍ത്തനങ്ങളില്‍ മുഖ്യ പങ്ക് വഹിച്ചതില്‍ വളരെ സന്തോഷമുണ്ടെന്നും പ്രവീണാ രവികുമാര്‍ പ്രതികരിച്ചു. മൂന്നാറിന്റെ മാലിന്യ പ്രശ്‌നങ്ങള്‍ പരിഹരിച്ച് സൗന്ദര്യവല്‍ക്കരണം യാഥാര്‍ത്ഥ്യമാക്കാനും പഴയ മൂന്നാറില്‍ മിനി സൈക്കിള്‍ ഗാര്‍ഡന്‍ സഞ്ചാരികള്‍ക്കായി നിര്‍മിക്കാന്‍ സാധിച്ചെന്നും അവര്‍ പറഞ്ഞു.