ഇടുക്കി: മൂന്നാറിനെ പ്ലാസ്റ്റിക്ക് വിമുക്തമാക്കാന്‍ ഹരിത ചെക്ക് പോയിന്റുകള്‍. മൂന്നാര്‍ പഞ്ചായത്തും ഹരിത കേരള മിഷനും സംയുക്തമായാണ് പഴയ മൂന്നാര്‍ ഹെഡ്‌വര്‍ക്‌സ് ജലാശയത്തിന് സമീപത്ത് പരിശോധനകള്‍ കര്‍ശനമാക്കാന്‍ ഹരിത ചെക്ക്‌പോന്റുകള്‍ സ്ഥാപിച്ചത്. ആദ്യഘട്ടത്തില്‍ വിനോദസഞ്ചാരികള്‍ കയ്യില്‍ സൂക്ഷിക്കുന്ന പ്ലാസ്റ്റിക്ക് ഉല്പന്നങ്ങള്‍ ശേഖരിച്ചശേഷം സൗജന്യമായി തുണി സഞ്ചികള്‍ നല്‍കും. സന്ദര്‍ശകരെ ബോധവത്കരണം നടത്തിയാണ് സഞ്ചികള്‍ വിതരണം ചെയ്യുന്നത്. 

ഈ മഞ്ഞും മലയും നമ്മുക്ക് സ്വന്തം പ്ലാസ്റ്റിക്കിനോട് വിടപറയാമെന്ന തലക്കെട്ടോടെ കുടുംമ്പശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തിൽ തയ്യറാക്കിയ സഞ്ചികളാണ് സൗജന്യമായി നല്‍കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ദേവികുളം സബ് കളക്ടര്‍ പ്രേംകൃഷ്ണൻ നിര്‍വ്വഹിച്ചു. മൂന്നാറിലേക്ക് പ്രവേശിക്കുന്ന പെരിയവാര, ദേവികുളം മേഘലകളിലും ജനുവരിയോടുകൂടി ചെക്ക് പോയിന്റുകള്‍ നിലവില്‍ വരും. പ്രകൃതിയെ സംരക്ഷിക്കുന്നതോടൊപ്പം സന്ദര്‍ശകരില്‍ അവബോധം വളത്തുകയെന്ന ലക്ഷ്യത്തോടെ എന്‍.എസ്.എസ് വിദ്യാര്‍ത്ഥികളുടെ നേത്യത്വത്തില്‍ ഫ്‌ളാഷ് മൂവും സംഘടിപ്പിച്ചു. 

മൂന്നാറിലെ വീടുകള്‍ കേന്ദ്രീകരിച്ച് മൂന്നാര്‍ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പരിശോധനകള്‍ ആരംഭിച്ചു കഴിഞ്ഞു. തമിഴ്‌നാട്ടില്‍ നിന്നും എത്തുന്ന പ്ലാസ്റ്റിക്ക് ബാഗുകള്‍ കണ്ടെത്തുന്നതിന് പ്രത്യേക സ്‌കോടും മൂന്നാറിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധന ആരംഭിച്ചിട്ടുണ്ട്. ജനുവരി 1 മുതല്‍ പ്ലാസ്റ്റിക്ക് ഉല്പന്നങ്ങള്‍ കണ്ടെത്തിയാല്‍ പതിനായിരം മുതല്‍ ഇരുപത്തിയയ്യായിരം വരെ പിഴ ചുമത്തുമെന്ന് പഞ്ചായത്ത് സെക്രട്ടറി അജിത്ത് കുമാര്‍ പറഞ്ഞു.