ഇടുക്കി: മൂന്നാര്‍ ടൗണിന്റെ ചിരപരിചിത മുഖമായിരുന്ന പഞ്ചാംഗം ഓര്‍മ്മയായി. കഴിഞ്ഞ ദിവസം പുലര്‍ച്ചെ നാലു മണിയോടെ ചെങ്കുളം മേഴ്‌സി ഹോമില്‍ വച്ചായിരുന്നു മരിച്ചത്. കഴിഞ്ഞ ഓഗസ്റ്റില്‍ ഒരു വീഴ്ചയില്‍ നട്ടെല്ലിന് പരിക്കേറ്റതിനെ തുടര്‍ന്ന് അനങ്ങാന്‍ പറ്റാതായതോടെ ചെങ്കുളത്തെ ഹോമില്‍ എത്തിക്കുകയായിരുന്നു. 

ജീവിതകാലം മുഴുവന്‍ മൂന്നാര്‍ ടൗണിലെ കടത്തിണ്ണകളില്‍ തന്നെ കഴിച്ചുകൂട്ടിയ പഞ്ചാംഗം അര നൂറ്റാണ്ടിലധികമായി മൂന്നാര്‍ ടൗണിലുള്ള  വ്യാപാരികള്‍ക്കും പ്രദേശവാസികള്‍ക്കും പരിചിത മുഖമാണ്. മൂന്നാര്‍ കൊടും തണുപ്പില്‍ വിറച്ചിരുന്ന ഒരു കാലത്ത് മൂന്നാറിലെ ഹോട്ടലുകള്‍ക്കും വീടുകള്‍ക്കും മരത്തടിയിലെ കരി എത്തിച്ചു നല്‍കിയായിരുന്നു ഉപജീവനം.

നട്ടെല്ലിന് ക്ഷതം സംഭവിച്ച് മൂന്നാര്‍ ടൗണിലെ ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ അനങ്ങുവാന്‍ പോലും വയ്യാതെ മൂന്നു ദിവസം കിടന്ന കിടപ്പില്‍ ആയതോടെ ലിറ്റില്‍ സ്റ്റാര്‍ യുടെ നേതൃത്വത്തിലായിരുന്നു ഹോമിലാക്കിയത്. ഇന്നലെ രാവിലെ 10 മണിയ്ക്ക് ചെങ്കുളത്ത് സംസ്‌കാരം നടത്തി.