പരോളിലിറങ്ങിയ ശേഷം വർഷങ്ങളായി ഒളിവിൽ കഴിയുകയായിരുന്ന കൊലക്കേസ് പ്രതിയെ ആലപ്പുഴ നോർത്ത് പൊലീസ് പിടികൂടി. ആലപ്പുഴ സ്വദേശി മാമച്ചൻ എന്നറിയപ്പെടുന്ന മാത്യു ആണ് പിടിയിലായത്.
ആലപ്പുഴ: പരോളിലിറങ്ങി 13 വർഷമായി ഒളിവിൽ കഴിയുകയായിരുന്ന കൊലക്കേസ് പ്രതി പിടിയിൽ. മലപ്പുറം പെരിന്തൽമണ്ണ സ്റ്റേഷൻ പരിധിയിൽ യുവതിയെ കൊലപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്ന കേസിലെ പ്രതിയായ ആലപ്പുഴ അവലുക്കുന്ന് രാമവർമ്മ കട്ടിക്കാട് വീട്ടിൽ മാമച്ചൻ എന്നറിയപ്പെടുന്ന മാത്യു ആണ് ആലപ്പുഴ നോർത്ത് പൊലീസിന്റെ പിടിയിലായത്.
2013ൽ തിരുവനന്തപുരം നെട്ടുകൽത്തേരി തുറന്ന ജയിലിൽ നിന്ന് 15 ദിവസത്തെ സാധാരണ പരോളിൽ ഇറങ്ങിയ ഇയാൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. സ്പെഷ്യൽ ബ്രാഞ്ച് എസ്ഐമാരായ കെ ടി രാജീവ്, അജിത് കുമാർ എന്നിവർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് തുമ്പോളി റെയിൽവേ സ്റ്റേഷന് സമീപത്തുനിന്നാണ് പ്രതിയെ പിടികൂടിയത്.
ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷൻ എഎസ്ഐ വിനോദ്, സിപിഒമാരായ ലിജോ, അമൽദേവ്, കൃഷ്ണമൂർത്തി എന്നിവരടങ്ങിയ സംഘം കസ്റ്റഡിയിലെടുത്ത പ്രതിയെ തിരുവനന്തപുരം നെട്ടുകൽത്തേരി തുറന്ന ജയിലിൽ പ്രവേശിപ്പിച്ചു.


