Asianet News MalayalamAsianet News Malayalam

മസ്ജിദിനുള്ളിലെ കിളിക്കൊഞ്ചല്‍; കൂടൊരുക്കി, കൂട്ടിരുന്ന് ഉസ്താദും വിശ്വാസികളും 

ആദ്യം അകന്നു നിന്നെങ്കിലും സഹായിക്കാനുള്ള ശ്രമമാണെന്ന് ബുള്‍ ബുളുകള്‍ ക്രമേണ തിരിച്ചറിയുകയായിരുന്നു. പതിയെ മസ്ജിദിന് മുകളില്‍ കൂടൊരുക്കാനുള്ള ശ്രമം കാര്‍ഡ് ബോര്‍ഡ് ബോക്സിലേക്ക് ബുള്‍ ബുളുകള്‍ മാറ്റി. നാരുകളും ഇലകളും വള്ളികളുമായി ചെറിയൊരു കൂട് പതിയെ കാര്‍ഡ് ബോര്‍ഡ് ബോക്സിലൊരുങ്ങി.

Muslim church in kasargod gives shelter for a pair of bulbul birds
Author
First Published Nov 24, 2022, 8:09 PM IST

അതിജീവനത്തിന് പ്രകൃതി കണ്ടെത്തുന്ന പല മാര്‍ഗങ്ങളും നാം കാണാറുണ്ട്. ചുള്ളി കമ്പുകള്‍ ഉപേക്ഷിച്ച് വയറുകള്‍ കൊണ്ട് കൂടൊരുക്കുന്ന കാക്കകള്‍ മുതല്‍ കുറഞ്ഞ ഇടത്തിനുള്ളില്‍ കോളനികളായി കഴിയുന്ന പക്ഷികള്‍ വരെ ഇത്തരത്തില്‍ പ്രകൃതിയുടെ പല അതിജീവന ടെക്നിക്കുകളും നമ്മുക്ക് കാണിച്ച് തരാറുണ്ട്. അത്തരത്തിലുള്ള ഒരു അതിജീവനത്തിനാണ് കഴിഞ്ഞ പത്ത് മാസത്തോളമായി കാഞ്ഞങ്ങാട്ടെ ബദരിയ മസ്ജിദ് സാക്ഷിയാവുന്നത്. കാഞ്ഞങ്ങാട്ടെ കോട്ടച്ചേരി കവലയിലെ മസ്ജിദിനുള്ളില്‍ രണ്ട് അതിഥികള്‍ എത്തിയിട്ട് മാസം പത്ത് കഴിയുന്നു.

രണ്ട് ഇരട്ടത്തലച്ചി(ബുള്‍ ബുളുകള്‍) പക്ഷികളാണ് ഇവിടുത്തെ താരങ്ങള്‍. സാധാരണ മനുഷ്യരുടെ കയ്യെത്തുന്ന ദൂരത്ത് കൂട് വയ്ക്കുന്ന പതിവ് ബുള്‍ ബുള്‍ പക്ഷികള്‍ക്കില്ല. എന്നാല്‍  നാരും പീലികളുമെല്ലാം ഉപയോഗിച്ച് രണ്ട് ബുള്‍ ബുളുകള്‍ മസ്ജിദില്‍ കൂട് കൂട്ടാന്‍ ശ്രമിക്കുന്നത് ഉസ്താദ് ഖയ്യൂമിന്‍റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. എന്നാല്‍ പ്രാരംഭാവസ്ഥയിലുള്ള കൂട് നിരവധി തവണ നിലത്ത് വീണ് ചിതറുന്നത് കണ്ടതോടയാണ് ഒരു കൈ സഹായം ഉസ്താദ് നല്‍കിയത്. ഇതോടെ ജനലിലെ ഏറ്റവും മുകളിലായി ഒരു കാര്‍ഡ് ബോര്‍ഡ് ബോക്സ് സ്ഥാപിച്ചു നല്‍കുകയായിരുന്നു ഉസ്താദ് ചെയ്തത്.

ആദ്യം അകന്നു നിന്നെങ്കിലും സഹായിക്കാനുള്ള ശ്രമമാണെന്ന് ബുള്‍ ബുളുകള്‍ ക്രമേണ തിരിച്ചറിയുകയായിരുന്നു. പതിയെ മസ്ജിദിന് മുകളില്‍ കൂടൊരുക്കാനുള്ള ശ്രമം കാര്‍ഡ് ബോര്‍ഡ് ബോക്സിലേക്ക് ബുള്‍ ബുളുകള്‍ മാറ്റി. നാരുകളും ഇലകളും വള്ളികളുമായി ചെറിയൊരു കൂട് പതിയെ കാര്‍ഡ് ബോര്‍ഡ് ബോക്സിലൊരുങ്ങി. ഏറെതാമസമില്ലാതെ പെണ്‍പക്ഷി മുട്ടയിട്ടു. കുഞ്ഞുങഅങളുമായി. പറക്കാനുള്ള ആദ്യപാഠങ്ങള്‍ മസ്ജിദിലെ ഫാനുകളിലും ലൈറ്റുകളിലുമായാണ് ഈ ബുള്‍ ബുള്‍ കുഞ്ഞുങ്ങള്‍ പഠിച്ചത്. പറക്കാനായതോടെ കുഞ്ഞിക്കിളികള്‍ തങ്ങളുടെ ആകാശം തേടി പോയി എങ്കിലും അമ്മക്കിളിയും അച്ഛന്‍ കിളിയും മസ്ജിദിനുള്ളില്‍ തുടരുകയായിരുന്നു.

കൂടൊക്കെ ഒന്നു കൂടി ഉഷാറാക്കി വീണ്ടും അടയിരിക്കുകയാണ് ഇവര്‍. കിളികളേയും കൂടിനേയും ഒരു തരത്തിലും ശല്യം ചെയ്യാതിരിക്കാന്‍ മസ്ജിദിലെത്തുന്ന വിശ്വാസികളും ഉസ്താദും ഏറെ ശ്രദ്ധിച്ചിരുന്നു. ഇവയുടെ സുരക്ഷയേക്കരുതി മസ്ജിദില്‍ ഇപ്പോള്‍ ഫാന്‍ ഇടാറില്ലെന്നും ഉസ്താദ് പറയുന്നു. പക്ഷേ ഇടയ്ക്കൊക്കെ ബുള്‍ ബളുകള്‍ ചെറിയ കുറുമ്പൊക്കെ കാണിക്കാറുണ്ട്. ചില വിശ്വാസികള്‍ക്ക് ബുള്‍ ബുളിന്‍റെ കൊത്ത് കിട്ടുകയും ചെയ്തു. എന്നാല്‍ കൂടൊരുക്കാന്‍ സഹായിച്ച ഉസ്താദിനോട് ഒരു തരത്തിലുമുള്ള ശല്യത്തിന് ബുള്‍ബുളുകള്‍ പോകാറില്ല. 


 

Follow Us:
Download App:
  • android
  • ios