Asianet News MalayalamAsianet News Malayalam

തനിച്ചല്ല, ലീഗും നാട്ടുകാരും ബന്ധുക്കളായി; 19 കാരിക്ക് ക്ഷേത്രത്തിൽ പന്തലൊരുങ്ങി, മിന്നുകെട്ട് കാവിൽ, സ്നേഹം!

പലരുടെയും അകമൊഴിഞ്ഞ സഹകരണത്തോടെ അഞ്ച് പവൻ സ്വർണ്ണവും വിവാഹ വസ്ത്രങ്ങളും ഗിരിജക്ക് വിവാഹ സമ്മാനമായി ലഭിച്ചു.

muslim league and malappuram people care for 19 year old girl marriage
Author
First Published Sep 11, 2022, 9:18 PM IST

മലപ്പുറം: ഗിരിജക്ക് സ്വന്തക്കാരും ബന്ധുക്കളുമെല്ലാം നാട്ടുകാരാണ്. ചെറുപ്പത്തിൽ തന്നെ വലിയോറ മനാട്ടിപ്പറമ്പ് റോസ് മാനർ അഗതിമന്ദിരത്തിലെ അന്തേവാസിയായി ഗിരിജ (19) യെത്തിയത് മുതൽ നാട്ടുകാരാണ് ഇവരുടെ എല്ലാം. ഞായറാഴ്ചയായിരുന്നു കല്യാണം. എടയൂരിലെ ബാലന്റെ മകൻ രാകേഷാണ് മിന്ന് ചാർത്തിയത്. പിതാവ് ഉപേക്ഷിച്ചതിനെ തുടർന്ന് അമ്മക്കും അനിയത്തിക്കൊപ്പം കഴിഞ്ഞ 10 വർഷമായി റോസ് മാനറലിലെ അന്തേവാസിയായി കഴിയുകയാണ് പാലക്കാട് സ്വദേശിയായ ഗിരിജ. വിവാഹ പ്രായമായതോടെ സ്ഥാപനം നിൽക്കുന്ന മനാട്ടി പറമ്പിലെ മുസ്ലിം ലീഗ് കമ്മിറ്റി മുന്നിട്ടിറങ്ങി നാട്ടുകാരുടെ സഹകരണത്തോടെ വിവാഹം അന്വേഷിച്ച് മംഗല്യ സ്വപ്നം പൂവണിയിക്കുകയായിരുന്നു. പലരുടെയും അകമൊഴിഞ്ഞ സഹകരണത്തോടെ അഞ്ച് പവൻ സ്വർണ്ണവും വിവാഹ വസ്ത്രങ്ങളും ഗിരിജക്ക് വിവാഹ സമ്മാനമായി ലഭിച്ചു.

സംഘാടകരാവട്ടെ അഞ്ഞൂറ് പേരെ വിളിച്ച് വരുത്തി പന്തലൊരുക്കി സദ്യയും നൽകി. പറമ്പിൽ പടി അമ്മാഞ്ചേരി കാവിലായിരുന്നു മിന്നുകെട്ട്. ക്ഷേത്രത്തിനു സമീപം തന്നെയാണ് വിവാഹ പന്തലും കെട്ടിയത്. വിവാഹകർമ്മത്തിന് എളമ്പുലക്കാട്ട് ആനന്ദൻ നമ്പൂതിരി നേതൃത്വം നൽകി. പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ, ഇടി മുഹമ്മദ് ബഷീർ എം പി,  പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ, ബ്ലോക്ക് പ്രസിഡന്റ് മണ്ണിൽ ബെൻസീറ , ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ പി ഹസീന ഫസൽ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എ പി ഉണ്ണികൃഷ്ണൻ , ടി പി എം ബഷീർ, ബ്ലോക്ക് അംഗം പറങ്ങോടത്ത് അസീസ്, വിവിധ രാഷ്ട്രിയപാർട്ടി പ്രതിനിധികളായ എം എം കുട്ടി മൗലവി, പി എ ചെറീത് , കെ രാധാകൃഷ്ണൻ , വ്യാപാരി  വ്യവസായി നേതാക്കളായ പി അസീസ് ഹാജി, എം കെ സൈനുദ്ദീൻ, വേങ്ങര പോലീസ് സി ഐ  പി കെ ഹനീഫ തുടങ്ങിയവർ ആശംസകളറിയിക്കാൻ വിവാഹ വേദിയിലെത്തി. ടി വി ഇഖ്ബാൽ, ഫത്താഹ് മുഴിക്കൽ , മങ്കട മുസ്തഫ, പറങ്ങോടത്ത് മൊയ്തീൻ, കെ സാദിഖ്, കെ മജീദ് , റോസ് മാനർ സൂപ്രണ്ട് ധന്യ കാടാമ്പുഴ തുടങ്ങിയവർ വിവാഹ സത്ക്കാരത്തിന് നേതൃത്വം നൽകി.

ഒഡീഷ തീരത്ത് തീവ്ര ന്യൂനമർദ്ദം, 24 മണിക്കൂറിൽ ശക്തി കുറയും; പക്ഷേ അതുവരെ ശക്തമായ മഴ സാധ്യത, 9 ജില്ലകളിൽ ജാഗ്രത

ഗിരിജയുടെ കല്യാണം കൂടിയതിന് ശേഷം പി കെ കുഞ്ഞാലിക്കുട്ടി ഫേസ്ബുക്കിൽ കുറിച്ചതിങ്ങനെ:

'ഇന്നത്തെ ദിവസത്തെ സന്തോഷത്തിന് സമാനതകളില്ല.
വേങ്ങര മനാട്ടിപ്പറമ്പ് റോസ് മനാർ ഷോർട്ട് സ്റ്റേ ഹോമിലെ പാലക്കാട്ടുകാരി ഗിരിജയുടെ കഴുത്തിൽ വേങ്ങര അമ്മാഞ്ചേരിക്കാവ് ഭഗവതി ക്ഷേത്ര സന്നിധിയിൽ വെച്ച് എടയൂരിലെ ബാലന്റെ മകൻ രാകേഷ് മിന്ന് ചാർത്തി.
വളരെ ചെറുപ്പത്തിൽ അമ്മയോടൊപ്പം റോസ് മനാറിലെത്തിയ ഗിരിജക്ക് പിന്നേ സ്വന്തക്കാരും, ബന്ധുക്കളുമൊക്കെ ഈ നാട്ടുകാരായിരുന്നു. അവളുടെ കല്യാണം അവർ ആഘോഷപൂർവ്വം കൊണ്ടാടുന്ന കാഴ്ചക്ക് ക്ഷേത്ര സന്നിധിയിൽ സാക്ഷ്യം വഹിക്കാനായത് ജീവിതത്തിലെ ഏറ്റവും ധന്യമായ അനുഭവങ്ങളിലൊന്നായി.
കല്യാണം വിളിച്ചതും, ഒരുക്കിയതും, അമ്പലപ്പറമ്പിൽ അതിഥികളെ സ്വീകരിച്ചതും, വലിയ പന്തലൊരുക്കി സദ്യ വിളമ്പിയതും വേങ്ങര മനാട്ടിപറമ്പിലെ മുസ്ലിം ലീഗ്, യൂത്ത് ലീഗ് പ്രവർത്തകർ. എല്ലാത്തിനും ചേർന്ന് നിന്ന് ക്ഷേത്ര ഭാരവാഹികൾ. സ്‌നേഹവും, പിന്തുണയുമായി ഒരു നാട് മുഴുവൻ കൂടിയപ്പോൾ കല്യാണം ഗംഭീരമായി.
എന്റെ നാടിന്റെ നന്മ മുഴുവൻ തെളിഞ്ഞു കണ്ട സുന്ദര മുഹൂർത്തത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷവും, അഭിമാനവുമുണ്ട്.
സ്‌നേഹത്തോടെ രാകേഷ് ഗിരിജ ദമ്പതികൾക്ക് മംഗളാശംസകൾ നേരുന്നു. ഒപ്പം എന്റെ പ്രിയപ്പെട്ട മുസ്ലിം ലീഗ് പ്രവർത്തകരോടൊപ്പം അഭിമാനത്തോടെ ചേർന്ന് നില്കുന്നു.'

തിരുവോണത്തിന് ബാറിൽ കൂട്ടത്തല്ല് നടത്തിയവർ രക്ഷപ്പെടും, കേസെടുക്കില്ല; പൊലീസിന് പറയാനുള്ളത്!

Follow Us:
Download App:
  • android
  • ios