മുസ്ലിം ലീഗിനുമേലുള്ള നിങ്ങളുടെ വർഗീയത ആരോപണം വെറും പൂരപ്പറമ്പിലെ സീസൺ കച്ചവടം പോലെയാണ്

മലപ്പുറം: യുഡിഎഫ് വർഗീയ ധ്രുവീകരണം നടത്തുന്നതായുള്ള സജി ചെറിയാന്റെ വിവാദ പരാമർശത്തിന് ശക്തമായ ഭാഷയിൽ മറുപടിയുമായി മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ പി സ്മിജി. മുസ്ലിം ലീഗിനുമേലുള്ള നിങ്ങളുടെ വർഗീയത ആരോപണം വെറും പൂരപ്പറമ്പിലെ സീസൺ കച്ചവടം പോലെയാണ്. തരാ തരം മുസ്ലിം ലീഗിനെ വിമർശിച്ച് താങ്കളെ പോലുള്ളവർ പറഞ്ഞു കൊണ്ടേയിരിക്കുക. ഞങ്ങളെ മലപ്പുറം ഭാഷയിൽ പറഞ്ഞാൽ, അതൊക്കെ ഓത്തിച്ചാലിലെ അഴുക്കു വെള്ളം പോലെ ഒഴുകിപ്പോകും, അതൊന്നും ആരും ഗൗനിക്കില്ലെന്നാണ് മുസ്ലിം ലീഗിന്റെ യുവ നേതാവ് എ പി സ്മിജി ഫേസ്ബുക്ക് കുറിപ്പിൽ വിശദമാക്കുന്നത്. തലമുറകളിലൂടെ ഞങ്ങൾ അനുഭവിച്ച ജീവിത യാഥാർത്ഥ്യമാണ് മുസ്ലിം ലീഗിൻ്റെ മതേതരത്വം. മലപ്പുറം ജില്ലാ പഞ്ചായത്ത് യുഡിഎഫ് ക്യാൻഡിഡേറ്റ് ലിസ്റ്റ് കണ്ണട വെച്ച് നോക്കുന്നത് നന്നാവും അപ്പോഴേ കാണാത്തത് കാണൂ. കണ്ടിട്ടും കാണാത്തത് പോലെ നടിക്കുന്നവർക്ക് ഇവിടെ മരുന്നില്ല. അവർ വർഗ്ഗീയത പറഞ്ഞു നടക്കുമെന്നും എ പി സ്മിജി കുറിക്കുന്നു.

എ പി സ്മിജിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

സി.പി.എമ്മിൽ നിന്നും ബി.ജെ.പിയിലേക്കുള്ള ഒഴുക്ക് തടയാനാണോ സജി ചെറിയാൻ മുസ്ലിം വിരുദ്ധ പ്രസ്താവന നടത്തുന്നത് എന്ന് തോന്നിപ്പോവുന്നു..

ബഹുമാനപ്പെട്ട സജി ചെറിയാൻ,

ഇത്തരം മുറിവൈദ്യം കൊണ്ടൊന്നും ചികിത്സിച്ച് ഭേദമാക്കാൻ കഴിയുന്ന രോഗമല്ല സി.പി.എമ്മിനെ ബാധിച്ചിട്ടുള്ളത്..

തദ്ദേശ തെരഞെടുപ്പിന് ശേഷവും അത് മനസ്സിലാവാത്തത് താങ്കളുടെ അടിമ മനസ്സിൻ്റെ കുഴപ്പമാണ്..

പിന്നെ,

മുസ്ലിം ലീഗിനുമേലുള്ള നിങ്ങളുടെ വർഗീയത ആരോപണം വെറും പൂരപ്പറമ്പിലെ സീസൺ കച്ചവടം പോലെയാണ്.

തരാ തരം മുസ്ലിം ലീഗിനെ വിമർശിച്ച് താങ്കളെ പോലുള്ളവർ പറഞ്ഞു കൊണ്ടേയിരിക്കുക..

ഞങ്ങളെ മലപ്പുറം ഭാഷയിൽ പറഞ്ഞാൽ

അതൊക്കെ ഓത്തിച്ചാലിലെ അഴുക്കു വെള്ളം പോലെ ഒഴുകിപ്പോഴും അതൊന്നും ആരും ഗൗനിക്കില്ല,

ഞാൻ പറയുന്നത്

വെറും വാക്കല്ല,

തലമുറകളിലൂടെ ഞങ്ങൾ അനുഭവിച്ച ജീവിത യാഥാർത്ഥ്യമാണ് മുസ്ലിം ലീഗിൻ്റെ മതേതരത്വം..

മലപ്പുറം ജില്ലാ പഞ്ചായത്തിൻ്റെ ജനറൽ സീറ്റായ വൈസ് പ്രസിഡണ്ട് പദവിയിൽ ഇരുന്നു കൊണ്ട് അഭിമാനത്തോടെ ഞാൻ പറയുന്നു:

ബഹുമാനപ്പെട്ട സജി ചെറിയാൻ,

താങ്കളുടെ വാക്ക്

വെറും ഓത്തിച്ചാലിലെ അഴുക്കു വെള്ളം മാത്രം..

അത് ഒഴുകി വന്ന താങ്കളുടെ ഹൃദയത്തെ ശുദ്ധീകരിക്കണം,

ഇല്ലെങ്കിൽ വൈകാതെ മതേതര കേരളം താങ്കൾക്കുള്ള ചികിത്സാ കുറിപ്പടി എഴുതിത്തരും..

മലപ്പുറം ജില്ലാ പഞ്ചായത്ത് യുഡിഎഫ് ക്യാൻഡിഡേറ്റ് ലിസ്റ്റ് കണ്ണട വെച്ച് നോക്കുന്നത് നന്നാവും അപ്പോഴേ കണ്ണാത്തത് കണ്ണൂ……. കണ്ടിട്ടും കണ്ണാത്തത് പോലെ നടിക്കുന്നവർക്ക് ഇവിടെ മരുന്നില്ല…….. അവർ വർഗ്ഗീയത പറഞ്ഞു നടക്കും

'നിങ്ങൾ കാസർകോട് നഗരസഭ റിസൾട്ട് പരിശോധിച്ചാൽ മതി ആർക്കെല്ലാം എവിടെയെല്ലാം ഭൂരിപക്ഷമുണ്ടോ ആ സമുദായത്തിൽ പെട്ടവരേ ജയിക്കൂ. അങ്ങനെ കേരളം പോണോ? ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും അതല്ലേ സംഭവിക്കുന്നത്. മലപ്പുറം ജില്ലാ പഞ്ചായത്തിൽ ജയിച്ചു വന്നവരുടെ പേരെടുത്ത് വായിച്ചുനോക്ക്. എന്താണ് നമ്മുടെ രാജ്യത്തിന്‍റെ സ്ഥിതി. നിങ്ങളിത് ഉത്തർ പ്രദേശും മധ്യപ്രദേശുമാക്കാൻ നിൽക്കരുത്.' എന്നായിരുന്നു സജി ചെറിയാൻ നടത്തിയ വിവാദ പരാമർശം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം