പിഴയ്ക്കായി കാത്തു നിന്നവര്‍ക്ക് ബോധവത്കരണവും കൂടെ ഹെല്‍മെറ്റും നല്‍കിയപ്പോഴാണ് പലരുടേയും ശ്വാസം നേരെ വീണത്.  നിയമം പാലിച്ച് എത്തിയവര്‍ക്ക് അനുമോദനവും സമ്മാനവും നല്‍കുകയും ചെയ്തു. 

മാവേലിക്കര: ഹെല്‍മെറ്റ് ഇല്ലാതെത്തിയ ഇരുചക്രവാഹന യാത്രികര്‍ക്ക് കിടിലൻ സമ്മാനവുമായി മോട്ടോർവാഹന വകുപ്പ്. പുതിയകാവ് ഭാഗത്ത് മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ വാഹന പരിശോധനയിലായിരുന്നു രസകരമായ സംഭവങ്ങള്‍. ഹെല്‍മെറ്റ് ഇല്ലാതെ നിയമം ലംഘിച്ച് എത്തിയവരെ പിഴയടിക്കാനായി മാറ്റി നിര്‍ത്തി. ഹെല്‍മെറ്റ് ധരിച്ച് എത്തിയവരെയും തടഞ്ഞുവെച്ചു. എംഎല്‍എയെയും ചെയര്‍മാനെയും എംവിഡി വിളിച്ചുവരുത്തി. 

പിഴയ്ക്കായി കാത്തു നിന്നവര്‍ക്ക് ബോധവത്കരണവും കൂടെ ഹെല്‍മെറ്റും നല്‍കിയപ്പോഴാണ് പലരുടേയും ശ്വാസം നേരെ വീണത്. നിയമം പാലിച്ച് എത്തിയവര്‍ക്ക് അനുമോദനവും സമ്മാനവും നല്‍കുകയും ചെയ്തു. മോട്ടോര്‍വാഹന വകുപ്പിന്റെ ശുഭയാത്ര സുരക്ഷിത യാത്ര പദ്ധതിയുടെ ഭാഗമായി നടത്തിയ ബോധവത്കരണ പരിപാടി മാവേലിക്കരക്കാര്‍ക്ക് കൗതുകമായി. ഹെല്‍മെറ്റ് നല്‍കിയവരോട് ഇനിയും ഹെല്‍മെറ്റ് ഇല്ലാതെ കണ്ടാല്‍ പിഴ ഉറപ്പായിരിക്കുമെന്ന താക്കീതും നല്‍കിയാണ് വിട്ടത്. 

എം.എസ്. അരുണ്‍കുമാര്‍ എംഎല്‍എ പരിപാടി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ കെ.വി. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. ആലപ്പുഴ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ ആന്റണി.കെ.സി ആമുഖ പ്രഭാഷണം നടത്തി. നഗരസഭ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍മാരായ അനിവര്‍ഗീസ്, സജീവ് പ്രായിക്കര, കൗണ്‍സിലര്‍ തോമസ് മാത്യു, മാവേലിക്കര ജോയിന്റ് ആര്‍.ടി.ഒ ഡാനിയോല്‍ സ്റ്റീഫന്‍, എം.വി.ഐ സുനില്‍.എസ് എന്നിവര്‍ സംസാരിച്ചു.

മോട്ടോര്‍ വാഹന വകുപ്പ് സ്ഥാപിച്ച എ.ഐ ക്യാമറകള്‍ ഉടന്‍ പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു, ഷൈമാസ് ഹോണ്ട, ഈസ്റ്റ് വെനീസ് ഹീറോ , ക്രീഡ് ബൈക്ക് ആക്‌സസറീസ് എന്നിവരാണ് എന്നിവരാണ് ഹെല്‍മെറ്റ് ഉള്‍പ്പടെയുള്ള സുരക്ഷാ സാമഗ്രികളും സമ്മാനങ്ങളും ബോധവത്കരണ പരിപാടിക്കായി വിതരണം ചെയ്തത്.