ബസ് കസ്റ്റഡിയിലെടുത്തതോടെ ഇതില്‍ യാത്ര ചെയ്തവരെ മറ്റൊരു ടൂറിസ്റ്റ് ബസ് എത്തിച്ച് യാത്ര തുടരാനുള്ള സംവിധാനം ഏര്‍പ്പെടുത്തിക്കൊടുക്കുകയായിരുന്നു ആര്‍ ടി ഒ ഉദ്യോഗസ്ഥര്‍

കല്‍പ്പറ്റ: കോഴിക്കോട് നിന്ന് നിറയെ യാത്രക്കാരുമായി ചുരം കയറിയെത്തി ബസ് മോട്ടോര്‍ വാഹന വകുപ്പിന്റെ പിടിയില്‍. കഴിഞ്ഞ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റില്ലാതെയും റോഡ് ടാക്‌സ് അടക്കാതെയും സര്‍വീസ് നടത്തിയ വടകരയില്‍ നിന്നെത്തിയ ബസാണ് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം കല്‍പ്പറ്റയില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. 2021 മാര്‍ച്ചില്‍ ബസിന്റെ ഫിറ്റ്‌നസ് സര്‍ട്ടിക്കറ്റിന്റെ കാലാവധി കഴിഞ്ഞതാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പറഞ്ഞു.

ബസ് കസ്റ്റഡിയിലെടുത്തതോടെ ഇതില്‍ യാത്ര ചെയ്തവരെ മറ്റൊരു ടൂറിസ്റ്റ് ബസ് എത്തിച്ച് യാത്ര തുടരാനുള്ള സംവിധാനം ഏര്‍പ്പെടുത്തിക്കൊടുക്കുകയായിരുന്നു ആര്‍ ടി ഒ ഉദ്യോഗസ്ഥര്‍. ഓട്ടം വിളിച്ച ആളുകൾക്ക് ബസിന്റെ സുരക്ഷ സംബന്ധിച്ച കാര്യങ്ങളൊന്നും അറിയില്ലായിരുന്നു. ഏതായാലും അല്‍പ്പനേരം ആശങ്കയിലായെങ്കിലും പുതിയ വാഹനം മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെ ഏര്‍പ്പാടാക്കി നല്‍കിയതോടെ യാത്രക്കാരുടെ ആശങ്ക വിട്ടൊഴിഞ്ഞു.

വേണ്ടത്ര സുരക്ഷയില്ലാത്ത വാഹനത്തിലായിരുന്നു വടകരയില്‍ നിന്ന് ഇതുവരെ തങ്ങള്‍ യാത്ര ചെയ്തതെന്ന അങ്കലാപ്പിലായിരുന്നു യാത്രക്കാരില്‍ ചിലര്‍. ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ (നോര്‍ത്ത്) ആര്‍. രാജീവിന്റെ നിര്‍ദേശാനുസരണം എന്‍ഫോഴ്സ്മെന്റ് എം വി ഐമാരായ എസ്. അജിത്കുമാര്‍, എം. കെ സൈദാലിക്കുട്ടി, എ എം വി ഐമാരായ എ ഷാനവാസ്, എം സുനീഷ്, എം വി റെജി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

യാത്രക്കാരുടെ സുരക്ഷയില്‍ വീഴ്ച വരുത്തുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആര്‍. രാജീവ് അറിയിച്ചു. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള രേഖകള്‍ പുതുക്കാത്ത വാഹനങ്ങള്‍ നിയമം ലംഘിച്ച് റോഡിലിറക്കിയാല്‍ കനത്ത പിഴ ഈടാക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം, സർക്കാർ വാഹനങ്ങളുടെ ദുരുപയോഗം തടയാൻ മോട്ടാർ വാഹന വകുപ്പ് നടപടി സ്വീകരിച്ച് വരികയാണ്. സർക്കാർ വാഹനങ്ങള്‍ക്ക് പുതിയ നമ്പർ സീരീസ് നൽകാൻ തീരുമാനിച്ചു.

സ്വകാര്യ വാഹനങ്ങളിൽ സർക്കാർ ബോർഡ് വയ്ക്കാനുള്ള ഉദ്യോഗസ്ഥർക്കുള്ള അധികാരം പരിമിതിപ്പെടുത്താനും സർക്കാർ ആലോചിക്കുന്നുണ്ട്. സംസ്ഥാനത്ത് എത്ര സർക്കാർ വാഹനങ്ങളുണ്ടെന്ന കണക്കിപ്പോള്‍ മോട്ടോർ വാഹന വകുപ്പിന്റെ കൈവശമില്ല. സർക്കാർ വാഹനങ്ങള്‍ പ്രത്യേക സീരിയസിൽ രജിസ്റ്റർ ചെയ്യാത്തുകൊണ്ടാണ് കൃത്യമായ കണക്ക് സൂക്ഷിക്കാൻ കഴിയാത്തത്.

മൂന്നു തരത്തിലാണ് പുതിയ നമ്പർ സീരിയസ് ക്രമീകരിക്കാൻ ശുപാർശ തയ്യാറാക്കിയിരിക്കുന്നത്. കെ.എൽ-15 നിലവിൽ കെഎസ്ആർടിസിക്കുള്ളതാണ്. സർക്കാർ വാഹനങ്ങള്‍ക്കിനി കെ.എൽ-15 എഎ രജിസ്ട്രേഷനായിരിക്കും. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കെഎൽ-15 എബിയും, അർദ്ധ സർക്കാർ- സർക്കാർ നിയന്ത്രിത സ്ഥാപനങ്ങളുടെ നമ്പർ കെഎൽ15-എസിയിലുമായിരിക്കും. 

രഹസ്യ വിവരം, പൾസൾ ബൈക്കിൽ ക്യൂൻസ് ക്ലബ്ബ് ബ്രാണ്ടിയുടെ 32 കുപ്പികൾ; മാഹി മദ്യം കടത്തിയവർ എക്സൈസ് വലയിൽ