സാധാരണഗതിയിൽ പപ്പായ ഒരു ഞെട്ടിൽ ഒരു കായയാണ് ഉണ്ടാകാറുള്ളത്. എന്നാൽ ഇവിടെ ഒരു ഞെട്ടിൽ ആറ് പപ്പായകൾ വരെയാണ് കൂട്ടമായി തൂങ്ങിക്കിടക്കുന്നത്. ചില ഞെട്ടുകളിൽ അഞ്ചും നാലുമെല്ലാം കായകൾ കാണാം.

ഇടുക്കി: പപ്പായയുടെ ഒരു ഞെട്ടിൽ എത്ര കായകളുണ്ടാകും? സാധാരണഗതിയിൽ പപ്പായയുടെ ഒരു ഞെട്ടിൽ ഒരു കായയാണ് ഉണ്ടാകാറുള്ളത്. എന്നാൽ ഈ പതിവ് തെറ്റിച്ചുകൊണ്ട് ഇടുക്കി ഡൈമുക്കിലുള്ള സിനിമാ നടനും ഫോട്ടോഗ്രാഫറുമായ രമേഷ് കുമാറിന്റെ വീട്ടുമുറ്റത്ത് നിൽക്കുന്ന പപ്പായ മരം കൗതുകക്കാഴ്ചയാവുകയാണ്. ഒരു ഞെട്ടിൽ ആറ് പപ്പായകൾ വരെയാണ് കൂട്ടമായി തൂങ്ങിക്കിടക്കുന്നത്. ചില ഞെട്ടുകളിൽ അഞ്ചും നാലുമെല്ലാം കായകൾ കാണാം.

ജോലിക്കായി പോയ സമയത്ത് രമേഷ് വാങ്ങിയ ഒരു പഴുത്ത പപ്പായയിൽ നിന്നുള്ള കുരു വീട്ടുമുറ്റത്ത് പാകിയാണ് ഈ പപ്പായ ചെടി വളർത്തിയത്. വെറും എട്ട് മാസം കൊണ്ടാണ് മരം കായ്ക്കാൻ തുടങ്ങിയത്. ചാണകപ്പൊടി മാത്രമാണ് വളമായി നൽകിയിട്ടുള്ളത്. മിക്ക ഞെട്ടുകളിലും ഒന്നിൽ കൂടുതൽ കായകൾ ഉണ്ടാകുന്നതാണ് പ്രത്യേകത. ആളുകൾ കായകൾ പറിച്ചു കൊണ്ടുപോകാതിരിക്കാൻ ഇപ്പോൾ മരം മറച്ചു കെട്ടിയിരിക്കുകയാണ്.

അപൂർവ കാഴ്ച കേട്ടറിഞ്ഞ് കാണാനും ഫോട്ടോയെടുക്കാനുമായി നിരവധിപേർ രമേഷ് കുമാറിന്റെ വീട്ടിലേക്ക് എത്തുന്നുണ്ട്. കായയുടെ ഉൾവശവും സാധാരണ പപ്പായകളിൽ നിന്നും വ്യത്യസ്തമാണെന്ന് വീട്ടുകാർ പറയുന്നു.

വീഡിയോ കാണാം 

YouTube video player