നാദാപുരം പഞ്ചായത്ത് ഓഫീസ് ജീവനക്കാരനെ തടഞ്ഞ് വെച്ച് ചീത്ത വിളിക്കുകയും ഔദ്യോഗിക കൃത്യ നിർവഹണം തടസ്സപ്പെടുത്തുകയും ചെയ്ത കേസിലും ഇയാൾ പ്രതിയാണ്
കോഴിക്കോട്: ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നാദാപുരം തെരുവൻ പറമ്പ് ചിയ്യൂരിൽ പൊലീസുകാരെ ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി അറസ്റ്റിലായി. വിഷ്ണുമംഗലം സ്വദേശി കിഴക്കെ പറമ്പത്ത് കെ പി റഹീസിനെയാണ് (26) നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തത്. 2020 ലാണ് കേസിന് ആസ്പദമായ സംഭവം. 2018 ഫെബ്രുവരി ഒന്നിന് നാദാപുരം പഞ്ചായത്ത് ഓഫീസ് ജീവനക്കാരനെ തടഞ്ഞ് വെച്ച് ചീത്ത വിളിക്കുകയും ഔദ്യോഗിക കൃത്യ നിർവഹണം തടസ്സപ്പെടുത്തുകയും ചെയ്ത കേസിലും ഇയാൾ പ്രതിയാണ്. ഇരു കേസുകളിലും ജാമ്യത്തിലിറങ്ങി കോടതിയിൽ ഹാജരാവാതെ മുങ്ങി നടക്കുകയായിരുന്നു. പിടിയിലായ ഇയാളെ നാദാപുരം കോടതിയിൽ ഹാജരാക്കി. റഹീസിനെ കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
അതേസമയം കോഴിക്കോട് നിന്നും പുറത്തുവരുന്ന മറ്റൊരു വാർത്ത വിദേശത്ത് നിന്ന് വന്ന യുവാവിനെ തട്ടി കൊണ്ട് പോയി മർദ്ദിച്ച കേസിലെ പ്രതികളായ നാല് പേർ അറസ്റ്റിലായി എന്നതാണ്. പുള്ളാവൂർ മാക്കിൽ മുഹമ്മദ് ഉവൈസ് ( 22 ) , പുള്ളാവൂർ കടന്നാലിൽ മുഹമ്മദ് റഹീസ് ( 22 ) , പരപ്പൻ പൊയിൽ വലിയപറമ്പിൽ മീത്തലെ പനക്കോട് മുഹമ്മദ് ഷഹൽ ( 23 ) , ഉണ്ണികുളം പുതിയെടത്തു കണ്ടി ആദിൽ ( 23 ) എന്നിവരെയാണ് താമരശ്ശേരി ഇൻസ്‌പെക്ടർ സത്യനാഥൻ എൻ കെ യുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ജനുവരി 9 - ന് രാത്രി 9 മണിക്ക് ബഹ്‌റൈനിൽ നിന്നും കരിപ്പൂർ എയർ പോർട്ടിൽ ഇറങ്ങിയ മേപ്പയൂർ കാരയാട്ട് പാറപ്പുറത്തു ഷഫീഖിനെ കൊണ്ടോട്ടിയിൽ നിന്നും തട്ടിക്കൊണ്ടുപോയി താമരശ്ശേരി ലോഡ്ജിൽ തടങ്കലിൽ വെക്കുകയായിരുന്നു സംഘം. രണ്ടു ദിവസത്തിന് ശേഷം കാറിൽ കയറ്റി കട്ടാങ്ങൽ ഭാഗത്തേക്ക് കൊണ്ട് പോകുന്നതിനിടെ കുരുങ്ങാട്ടെ കടവ് പലതിനടുത്തു വെച്ച് കാറിൽ നിന്നും ഇറങ്ങി അടുത്തുള്ള ഹോട്ടലിലേക്ക് ഓടിക്കയറി ഷഫീക്ക് രക്ഷപ്പെട്ടു. ഇതിന് പിന്നാലെ പൊലീസ് എത്തി ഷഫീഖിനെ കൊണ്ട് പോയി മൊഴി രേഖപ്പെടുത്തി കേസ് എടുക്കുകയായിരുന്നു.
