ആകെ 22 കോച്ചുകളുള്ള ട്രെയിനില്‍ 12 എണ്ണം സ്ലീപ്പര്‍ ക്ലാസും എട്ടെണ്ണം ജനറല്‍ കോച്ചുകളുമാണ്. കൂടാതെ ഭിന്നശേഷിക്കാര്‍ക്ക് സുഗമമായി യാത്ര ചെയ്യാവുന്ന രണ്ട് ലഗേജ് വാനുകളും ട്രെയിനിലുണ്ടാകും.
മലപ്പുറം: നാഗര്‍കോവില്‍ - മംഗളൂരു അമൃത് ഭാരത് എക്സ്പ്രസിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ചു. ആഴ്ചയില്‍ ഒരു ദിവസം സര്‍വീസ് നടത്തുന്ന ഈ പുതിയ ട്രെയിന്‍ മലബാറിലെ യാത്രക്കാര്‍ക്ക് വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 16329 എന്ന നമ്പറില്‍ നാഗര്‍കോവിലില്‍ നിന്ന് ചൊവ്വാഴ്ചകളില്‍ പകല്‍ 11.40-ന് പുറപ്പെടുന്ന വണ്ടി ബുധനാഴ്ച രാത്രി 10.05-ഓടെ മംഗളൂരുവില്‍ എത്തും. തിരിച്ച് 16330 എന്ന നമ്പറില്‍ രാവിലെ എട്ടു മണിക്ക് മംഗളൂരുവില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ രാത്രി 10.05-ന് നാഗര്‍കോവിലില്‍ എത്തുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. ട്രെയിനിന്റെ വിശദമായ സമയക്രമം ഇന്ന് പുറത്തുവിടും.
നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് ആണെങ്കിലും ഈ ട്രെയിനില്‍ എസി കോച്ചുകള്‍ ഉണ്ടായിരിക്കില്ല. എങ്കിലും ആധുനികമായ സീറ്റിങ് സംവിധാനങ്ങള്‍, ചാര്‍ജിങ് പോയിന്റുകള്‍, സെന്‍സര്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ശുചിമുറികള്‍ തുടങ്ങിയ സവിശേഷതകള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആകെ 22 കോച്ചുകളുള്ള ട്രെയിനില്‍ 12 എണ്ണം സ്ലീപ്പര്‍ ക്ലാസും എട്ടെണ്ണം ജനറല്‍ കോച്ചുകളുമാണ്. കൂടാതെ ഭിന്നശേഷിക്കാര്‍ക്ക് സുഗമമായി യാത്ര ചെയ്യാവുന്ന രണ്ട് ലഗേജ് വാനുകളും ട്രെയിനിലുണ്ടാകും. സുരക്ഷയുടെ ഭാഗമായി എല്ലാ കോച്ചുകളിലും സിസിടിവി ക്യാമറകളും ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിക്കുന്നത് ഒഴിവാക്കാനുള്ള 'കവച്' സാങ്കേതികവിദ്യയും സജ്ജമാക്കിയിട്ടുണ്ട്.
അതേസമയം, ട്രെയിന്‍ സര്‍വീസ് ചൊവ്വാഴ്ചകളില്‍ മാത്രം ക്രമീകരിച്ചതിനെതിരെ യാത്രക്കാരുടെ ഇടയില്‍ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. ശനി, ഞായര്‍ ദിവസങ്ങളില്‍ സര്‍വീസ് നടത്തിയിരുന്നെങ്കില്‍ കൂടുതല്‍ യാത്രക്കാര്‍ക്ക് ഗുണകരമാകുമായിരുന്നു എന്നാണ് യാത്രക്കാരുടെ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നത്. ആഴ്ചയില്‍ ഒരു ദിവസമെന്നത് മാറ്റി കുറഞ്ഞത് നാല് ദിവസമെങ്കിലും സര്‍വീസ് നടത്തണമെന്നും ആവശ്യമുയരുന്നുണ്ട്. എസി കോച്ചുകള്‍ ഇല്ലെങ്കിലും സാധാരണക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ മികച്ച യാത്രാസൗകര്യം ഒരുക്കുന്ന ഈ പദ്ധതിക്ക് വലിയ സ്വീകാര്യത ലഭിക്കുമെന്നാണ് റെയില്‍വേ അധികൃതരുടെ കണക്കുകൂട്ടല്‍.


