കോഴിക്കോട് ഹൈലൈറ്റ് മാളിനടുത്തുള്ള സരോജ് റെസിഡന്‍സിയിലെ 108-ാം നമ്പര്‍ ഫ്‌ളാറ്റില്‍ രാത്രി എത്തിയ സംഘം ഡോര്‍ ചവിട്ടിത്തുറക്കുകയും മുഷ്ഫിക്കിനെ അടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു.

കോഴിക്കോട്: അധ്യാപകന്‍ താമസിച്ചിരുന്ന ഫ്‌ളാറ്റിന്റെ വാതില്‍ ചവിട്ടിത്തുറക്കുകയും മര്‍ദ്ദിച്ച് കവര്‍ച്ച നടത്തുകയും ചെയ്ത സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പാറമ്മല്‍ സ്വദേശി മുഹമ്മദ് ജാസിര്‍(22), പള്ളിത്താഴം സ്വദേശി മുഹമ്മദ് നിഹാല്‍(22), കുറ്റിക്കാട്ടൂര്‍ സ്വദേശി മുഹമ്മദ് സൂറകാത്ത്(24) എന്നിവരാണ് പന്തീരാങ്കാവ് പൊലീസിന്റെ പിടിയിലായത്. അധ്യാപകനായ മുഹമ്മദ് മുഷ്ഫിക്കിനെയാണ് സംഘം മര്‍ദ്ദിക്കുകയും കവര്‍ച്ച നടത്തുകയും ചെയ്തത്.

ഇക്കഴിഴിഞ്ഞ ന്യൂയര്‍ ദിവസം രാവിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. കോഴിക്കോട് ഹൈലൈറ്റ് മാളിനടുത്തുള്ള സരോജ് റെസിഡന്‍സിയിലെ 108-ാം നമ്പര്‍ ഫ്‌ളാറ്റില്‍ രാത്രി എത്തിയ സംഘം ഡോര്‍ ചവിട്ടിത്തുറക്കുകയും മുഷ്ഫിക്കിനെ അടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. ശബ്ദം പുറത്ത് കേള്‍ക്കാതിരിക്കാന്‍ ബ്ലൂ ടൂത്ത് സ്പീക്കറില്‍ ഉച്ചത്തില്‍ പാട്ട് വെച്ചായിരുന്നു ആക്രമണം. തുടര്‍ന്ന് 10,000 രൂപ, ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍, ഇന്‍ഡക്ഷന്‍ കുക്കര്‍ എന്നിവയുമായി കടന്നുകളയുകയായിരുന്നു.

ഫറോക്ക് എസിപി എ.എം സിദ്ദീഖിന്റെ നേതൃത്വത്തിലുള്ള ക്രൈം സ്‌ക്വാഡും പന്തീരാങ്കാവ് ഇന്‍സ്‌പെക്ടര്‍ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസും സംയുക്തമായാണ് ഇവരെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ മൂന്ന് പേരെയും റിമാന്റ് ചെയ്തു.