മലപ്പുറത്ത് ചാലിയാർ പുഴയിൽ കാണാതായ യുവാവിനായുള്ള തെരച്ചിൽ ഇന്നും തുടരും. മമ്പാടി സ്വദേശി യാഷിക്കിനെ ആണ് കഴിഞ്ഞ ചൊവ്വാഴ്ച മുതൽ കാണാതായത്. മരത്തടികൾ പിടിക്കാനായി സുഹൃത്തുക്കളോടൊപ്പം പുഴയിൽ ചാടിയതിനിടെ യുവാവ് ഒഴുക്കിൽപെടുകയായിരുന്നു.
മലപ്പുറം: മലപ്പുറത്തെ ഓടായിക്കലിൽ ചാലിയാർ പുഴയിൽ ഒഴുക്കിൽപെട്ട യുവാവിനായുള്ള തെരച്ചിൽ നാലാം ദിവസമായ ഇന്നും തുടരും. കാണാതായ മമ്പാടി സ്വദേശിയായ യാഷിക്കിനായാണ് തെരച്ചിൽ തുടരുന്നത്. തിരുവാലി, നിലമ്പൂർ ഫയർ ഫോഴ്സ് യൂണിറ്റുകളുടെ നേതൃത്വത്തിലാണ് തെരച്ചിൽ നടക്കുന്നത്.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ഓടായിക്കല്‍ പാലത്തിനുതാഴെവെച്ചാണ് യാഷിക്ക് ഒഴുക്കിൽപെട്ടത്. ഒഴുകിവന്ന മരത്തടികൾ പിടിക്കാനായി സുഹൃത്തുക്കളോടൊപ്പം പുഴയിൽ ചാടിയതിനിടെ ആണ് അപകടമുണ്ടായത്. മരത്തടികൾ കരയ്ക്കടുപ്പിക്കാനായി ശ്രമം നടത്തുന്നതിനിടെ യാഷിക് ഒഴുക്കിൽപെടുകയായിരുന്നു.
വ്യാഴാഴ്ച വൈകിട്ട് വരെ പുഴയിൽ തെരച്ചിൽ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താൻ കഴിഞ്ഞില്ല. ഓടായിക്കൽ മുതൽ അരീക്കോട് വരെയുള്ള ചാലിയാർ പുഴയുടെ ഭാഗത്താണ് വ്യാഴാഴ്ച തെരച്ചിൽ നടത്തിയത്. ഡിങ്കി ബോട്ടുകൾ ഉപയോഗിച്ച് തീരത്തോട് ചേർന്ന ഭാഗങ്ങളിലാണ് തെരച്ചിൽ നടക്കുന്നത്. യാഷിക്കിനെ കണ്ടെത്തുംവരെ തെരച്ചിൽ തുടരാനാണ് അധികൃതരുടെ തീരുമാനം. ഇആർഎഫ് പ്രവർത്തകരും തെരച്ചിലിൻ്റെ ഭാഗമാകുന്നുണ്ട്.


