സ്വര്‍ണ- ചെമ്പ് ലോഹസങ്കര നാനോക്ലസ്റ്ററുകള്‍ ഉപയോഗപ്പെടുത്തി പുത്തന്‍തലമുറ ലൈറ്റ് എമിറ്റിങ് ഡയോഡ് (എല്‍.ഇ.ഡി.) സാങ്കേതിക വിദ്യയില്‍ കുതിച്ചുചാട്ടം സാധ്യമാക്കുന്ന കണ്ടുപിടുത്തമാണ് നടത്തിയിരിക്കുന്നത്

മലപ്പുറം: എൽഇഡി ബൾബ് രംഗത്ത് സാങ്കേതികവിദ്യയുമായി കാലിക്കറ്റ് സർവകലാശാല ഗവേഷകർ. എല്‍.ഇ.ഡി സാങ്കേതികവിദ്യയില്‍ പുതുതലമുറ ഗവേഷണത്തിലാണ് കാലിക്കറ്റ് സര്‍വകലാശാലയിലെ ഗവേഷകര്‍. സ്വര്‍ണ- ചെമ്പ് ലോഹസങ്കര നാനോക്ലസ്റ്ററുകള്‍ ഉപയോഗപ്പെടുത്തി പുത്തന്‍തലമുറ ലൈറ്റ് എമിറ്റിങ് ഡയോഡ് (എല്‍.ഇ.ഡി.) സാങ്കേതിക വിദ്യയില്‍ കുതിച്ചുചാട്ടം സാധ്യമാക്കുന്ന കണ്ടുപിടുത്തം നടത്തിയിരിക്കുന്നത് സര്‍വകലാശാല നാനോസയന്‍സ് ആൻഡ് ടെക്‌നോളജി വിഭാഗം ഗവേഷകരാണ്.

യൂണിവേഴ്‌സിറ്റി സ്മാര്‍ട്ട് മെറ്റീരിയല്‍സ് ലാബിലെ ഡോ. ഷിബു സിദ്ധാര്‍ഥ്, ഇദ്ദേഹത്തിന് കീഴില്‍ ഗവേഷണം പൂർത്തിയാക്കിയ ഡോ. റിവല്‍ ജോസ് എന്നിവരുടെ നേതൃത്വത്തില്‍ വികസിപ്പിച്ചെടുത്ത ഈ നാനോക്ലസ്റ്റര്‍ അധിഷ്ഠിത എല്‍.ഇ.ഡി ചുവപ്പ് നിറത്തിന്റെ പാരമ്യത്തിലാണ് പ്രകാശിക്കുക. 12.6 ശതമാനം ബാഹ്യക്വാണ്ടം ക്ഷമതയും നല്‍കുന്നുണ്ട്.

മെറ്റീരിയല്‍ സയന്‍സിലെ സുപ്രധാന ജേണലുകളിലൊന്നായ അഡ്വാന്‍സ്ഡ്‌ മെറ്റീരിയല്‍സില്‍ ഗവേഷണ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാലിക്കറ്റില്‍നിന്ന് ഈ ജേണലിലുള്ള ആദ്യ പ്രസിദ്ധീകരണമെന്ന നിലയില്‍ ഗവേഷണ വഴികളില്‍ നാഴികക്കല്ലായിരിക്കുകയാണ് ഈ കണ്ടുപിടുത്തം. ഈ എല്‍.ഇ.ഡി. തീര്‍ത്തും പ്രകൃതി സൗഹൃദവും ചെലവ് കുറഞ്ഞതുമാണെന്നതും ഉപയോഗ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു. ഐ.ഐ.എസ്.സി ബംഗളൂരു, ഐ.ഐ.ടി മദ്രാസ്, ടാംപെരെ യൂനിവേഴ്സിറ്റി (ഫിന്‍ലാന്‍ഡ്), ഹോക്കൈഡോ യൂനിവേഴ്സിറ്റി (ജപ്പാന്‍) എന്നിവയുള്‍പ്പെടെ പ്രമുഖ ദേശീയ, അന്തര്‍ദേശീയ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ഗവേഷണം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം