മിന്നലുണ്ടായ സമയത്ത് വര്‍ഗീസ് കുളിമുറിയിലും പൊടിമോള്‍ അടക്കളയിലുമായിരുന്നു. വീടിന് ഏറ്റ മിന്നലിന്‍റെ ആഘാതത്തില്‍ വര്‍ഗീസ് കുളിമുറിയില്‍ തെറിച്ചുവീണു. ഭാര്യയ്ക്ക് ഇടത് കൈയ്ക്ക് പൊള്ളലുമേറ്റു.

മഴയില്ലാത്ത സമയത്തുണ്ടായ അപ്രതീക്ഷിത മിന്നലില്‍ നിന്ന് വീട്ടുകാരെ രക്ഷിച്ചത് മുറ്റത്ത് നിന്ന തെങ്ങ്. കൊല്ലം മാറനാട് രാജി ഭവനില്‍ ഗീവര്‍ഗീസിനും ഭാര്യ പൊടിമോളുമാണ് മിന്നലില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസ വൈകുന്നേരം ഏഴ് മണിയോടെയാണ് ഇടിമിന്നലുണ്ടായത്. മിന്നലുണ്ടായ സമയത്ത് വര്‍ഗീസ് കുളിമുറിയിലും പൊടിമോള്‍ അടക്കളയിലുമായിരുന്നു. വീടിന് ഏറ്റ മിന്നലിന്‍റെ ആഘാതത്തില്‍ വര്‍ഗീസ് കുളിമുറിയില്‍ തെറിച്ചുവീണു. ഭാര്യയ്ക്ക് ഇടത് കൈയ്ക്ക് പൊള്ളലുമേറ്റു.

വീടിന് ചുറ്റും കരിഞ്ഞ മണം വന്നിരുന്നു. എന്നാല്‍ അതെന്താണെന്ന് മനസിലാക്കാന്‍ പിന്നെയും വൈകി. വീടിന് ചേര്‍ന്നുണ്ടായ തെങ്ങിലാണ് മിന്നലിന്‍റെ ആദ്യ ആഘാതമുണ്ടായത്. ഈ തെങ്ങിന്‍റെ മണ്ട കരിഞ്ഞ് നിലത്ത് വീണു. സമീപത്തെ മറ്റൊരു തെങ്ങ് പിരിച്ചൊടിച്ച നിലയിലാണ്. വീടിന് അടുത്തുണ്ടായിരുന്ന പുളിയും കത്തി നശിച്ചു. വീട്ടിലെ വയറിംഗ് പൂര്‍ണമായും നശിക്കുകയും ഫാനുകള്‍ തകരാറിലുമായെങ്കിലും വീട്ടുകാര്‍ക്ക് നിസാര പരിക്കേറ്റതിന് തെങ്ങിന് നന്ദി പറയുകയാണ് ഗീവര്‍ഗീസ്.

കോട്ടയത്തും സമാന രീതിയില്‍ വീട്ടുകാര്‍ മിന്നലില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടിരുന്നു. കോട്ടയം ഭരണങ്ങാനം ചിറ്റാനപ്പാറയിലെ ജോസഫ് കുരുവിളയും കുടുംബവുമാണ് രക്ഷപ്പെട്ടത്. കനത്ത ഇടിമിന്നലിൽ ജോസഫിന്റെ വീട്ട് മുററത്ത് പാകിയിരുന്ന തറയോടുകൾ ഇളകി തെറിച്ചും ഭിത്തിക്ക് വിള്ളൽ വീണും വൻ നാശനഷ്ടമാണ് ഉണ്ടായത്. മിന്നൽ രക്ഷാ ചാലകം ഘടിപ്പിച്ച വീടായിട്ടും വീട്ടിലെ ഇലക്ട്രിക് സർക്യൂട്ടിനും കേടുപാടുണ്ടായി.

എർത്തിംഗിലെ പ്രശ്നങ്ങളാണ് ഇതിന് കാരണമെന്നാണ് നിഗമനം. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ഏതാനും ദിവസമായി ലഭിക്കുന്നത് തുലാവര്‍ഷത്തിന്‍റെ ഭാഗമായുള്ള മഴയാണെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിലെ കാലാവസ്ഥാ വിദഗ്ധര്‍ വിശദമാക്കുന്നത്. ഏതാനും ദിവസങ്ങളായി ഉച്ചയ്ക്ക് ശേഷം മിന്നലോടെ ശക്തമായ മഴയാണ് പെയ്യുന്നത്.