Asianet News MalayalamAsianet News Malayalam

ആംബുലൻസ് ആശുപത്രിയായി; ഇടുക്കിയിൽ തമിഴ്നാട് സ്വദേശിനിക്ക് വാഹനത്തിനുള്ളിൽ സുഖപ്രസവം

എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ രഞ്ജിത്ത് കെ ബാലൻ നടത്തിയ പരിശോധനയിൽ പ്രസവം എടുക്കാതെ മുന്നോട്ട് പോകാൻ കഴിയില്ല എന്നും മനസിലാക്കി. തുടർന്ന് ഇതിനു വേണ്ട സജ്ജീകരണങ്ങൾ ആംബുലൻസിൽ ഒരുക്കി. 10.40ന് രഞ്ജിത്തിൻ്റെ പരിചരണത്തിൽ ചന്ദ്ര കുഞ്ഞിന് ജന്മം നൽകി. 

native of tamilnadu gave birth inside ambulance in idukki
Author
First Published Nov 2, 2022, 5:58 PM IST

ഇടുക്കി: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ തമിഴ്‌നാട്  സ്വദേശിനിക്ക് കനിവ്‌ 108 ആംബുലൻസിനുള്ളിൽ സുഖ പ്രസവം. തമിഴ്‌നാട് സ്വദേശിയും നിലവിൽ ഇടുക്കി ആനയിറങ്കൽ ശങ്കരപാണ്ടിമെട്ട് താമസവുമായ  സെന്തിൽ കുമാറിന്റെ ഭാര്യ ചന്ദ്ര (32) ആണ് ആംബുലൻസിനുള്ളിൽ പെൺ കുഞ്ഞിന് ജന്മം നൽകിയത്.  

ബുധനാഴ്ച രാവിലെ ഒൻപതരയോടെ ചന്ദ്രയ്ക്ക് രക്തസ്രാവം അനുഭവപ്പെട്ടതിനെ തുടർന്ന് സമീപ  വാസികൾ വിവരം ആശാ പ്രവർത്തകയായ ദേവിയെ അറിയിച്ചു. ദേവി ഉടൻ കനിവ് 108 ആംബുലൻസിന്റെ സഹായം തേടുകയായിരുന്നു. കൺട്രോൾ റൂമിൽ നിന്ന് ഉടൻ അത്യാഹിത സന്ദേശം ശാന്തൻപാറ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലൻസിനു കൈമാറി. ഉടൻ ആംബുലൻസ് പൈലറ്റ് പ്രദുൽ ചന്ദ്രൻ, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ രഞ്ജിത്ത് കെ ബാലൻ എന്നിവർ സ്ഥലത്തെത്തി ചന്ദ്രയുമായി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലേക്ക് തിരിച്ചു.   

ആംബുലൻസ് കള്ളിപ്പാറ എത്തുമ്പോഴേക്കും ചന്ദ്രയുടെ ആരോഗ്യനില കൂടുതൽ വഷളായി. തുടർന്ന് എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ രഞ്ജിത്ത് കെ ബാലൻ നടത്തിയ പരിശോധനയിൽ പ്രസവം എടുക്കാതെ മുന്നോട്ട് പോകാൻ കഴിയില്ല എന്നും മനസിലാക്കി. തുടർന്ന് ഇതിനു വേണ്ട സജ്ജീകരണങ്ങൾ ആംബുലൻസിൽ ഒരുക്കി. 10.40ന് രഞ്ജിത്തിൻ്റെ പരിചരണത്തിൽ ചന്ദ്ര കുഞ്ഞിന് ജന്മം നൽകി. അമ്മയും കുഞ്ഞുമായുള്ള പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി രഞ്ജിത്ത് ഇരുവർക്കും വേണ്ട പ്രഥമ ശുശ്രൂഷ നൽകി. തുടർന്ന് ആംബുലൻസ് പൈലറ്റ് പ്രദുൽ ഇരുവരെയും നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.

Read Also: കട്ടപ്പന സർക്കാർ കോളേജിൽ പ്രിൻസിപ്പലിനെ പൂട്ടിയിട്ടു; സംഭവം എസ്എഫ്ഐ സമരത്തിനിടെ

 

Follow Us:
Download App:
  • android
  • ios