മലപ്പുറത്ത് നിന്ന് ഹിമാലയത്തിലേക്കൊരു യാത്ര. ബൈക്കോ കാറോ ഉപയോഗിച്ചല്ല, ഉന്തുവണ്ടി തള്ളിയൊരു യാത്ര

മലപ്പുറം: മലപ്പുറത്ത് നിന്ന് ഹിമാലയത്തിലേക്കൊരു യാത്ര. ബൈക്കോ കാറോ ഉപയോഗിച്ചല്ല, ഉന്തുവണ്ടി തള്ളിയൊരു യാത്ര. മലപ്പുറം വൈലത്തൂർ ഈങ്ങാപ്പടലിൽ മുജ്തബയും കുറ്റിപ്പുറം കുണ്ടുതടത്തിൽ ശ്രീരാഗുമാണ് ആരും പരീക്ഷിക്കാത്ത ഒരു ഹിമാലയൻ യാത്ര നടത്തിയത്. തിരൂൾ ഫൈൻ ആർട്‌സ് കോളജിലെ ഒരേ ക്ലാസിൽ പഠിച്ച ഇവർ കോഴ്‌സ് കഴിഞ്ഞ് നിൽക്കുന്ന സമയത്താണ് യാത്ര തുടങ്ങിയത്. 

ഡിസംബർ ഏഴിന് തുടങ്ങിയ യാത്ര കഴിഞ്ഞ ദിവസം ഹിമാലയത്തിലെത്തി. ഒരാൾ ഉന്തുവണ്ടി തള്ളുമ്പോൾ മറ്റെയാൾ അത് കെട്ടിവലിച്ച് സഹായിക്കും. ഇങ്ങനെയായിരുന്നു യാത്ര. കൂടാതെ കാണുന്നതെല്ലാം ചായാചിത്രങ്ങളാക്കും. പോട്രേറ്റ്, ലൈഫ് സ്‌കെച്ച് എന്നിവയും ഈകൂട്ടുകാർ വരച്ചെടുത്തിട്ടുണ്ട്. 11 സംസ്ഥാനങ്ങൾ കടന്നാണ് ഇവർ ലഡാക്കിലെ ലേയിൽ എത്തിയത്. ഉന്തുവണ്ടിയിൽ നിറയെ യാത്രാ സാധനങ്ങളായിരുന്നു. 

Read more:  ആരെന്നോ എന്തെന്നോ അറിയാതെ ശാന്തിഭവനിലെത്തി, വീടും കുടുംബവും തിരിച്ചറിഞ്ഞ് തിരികെ...

ഉപ്പു മുതൽ കർപ്പൂരം വരെ ഉന്തുവണ്ടിയിലാക്കി. കൂടാതെ ചെറിയൊരു സ്റ്റൗ, ഡ്രസ്സ്, ടെൻറ് എന്നിവയും ഉന്തുവണ്ടിയിൽ സെറ്റാക്കിയിരുന്നു. അപകടങ്ങളൊഴിവാക്കാൻ ആളുകളുള്ളിടത്ത് ടെൻറ് അടിച്ചായിരുന്നു താമസം. വീട്ടുകാരുടെ സമ്മതത്തോടെയാണ് ഇരുവരും യാത്ര തിരിച്ചത്. ഏഴ് മാസത്തിനിടയിൽ നിരവധി അനുഭവങ്ങൾക്ക് പുറമെ ഒത്തിരി സുഹൃത്തുക്കളെ കൂടി ലഭിച്ചുവെന്ന് ഇവർ പറയുന്നു. 

Read more: പറുദീസയിലെ ഈ കനി ഊരൂട്ടമ്പലത്തെ നയനത്തിലും, ഗാഗ് ഫ്രൂട്ടെന്ന വിസ്മയം

പലരുടെയും പോർട്രേറ്റ് ചിത്രങ്ങൾ വരച്ചുകൊടുത്തിട്ടുമുണ്ട്. ഒരാഴ്ച മുമ്പ് കർദുംഗ്ല പാസിൽ ഇവർ ഉന്തുവണ്ടി തള്ളിക്കയറി. രണ്ട് ദിവസത്തിനുള്ളിൽ മണാലിയിലേക്ക് യാത്ര തിരിക്കും. അവിടെ നിന്ന് ട്രെയിനിൽ വീടുകളിലേക്ക് മടക്കയാത്ര. എന്നാൽ ഇത്രയും ദിവസം തങ്ങൾക്കൊപ്പമുണ്ടായിരുന്ന അർബാനയെ അവിടെ ഉപേക്ഷിക്കാൻ ഇവർ തയാറല്ല. നാട്ടിലേക്ക് മടങ്ങുമ്പോൾ ഇതും കൊണ്ടുവരും. ഇവിടെ എത്തിയാൽ യാത്രയ്ക്കിടെ വരച്ച ചിത്രങ്ങൾ പ്രദർശനത്തിനു വയ്ക്കാനും പദ്ധതിയുണ്ട്.