എംഎൽഎ കാലാവധി അവസാനിക്കുന്ന മുറയ്ക്ക് കാറ് വിറ്റ് കുറച്ച് കടം വീട്ടാമെന്നും, വീടുവിറ്റ് മറ്റെവിടെയെങ്കിലും മാറാനും ആണ് മുകുന്ദൻ ആലോചിക്കുന്നത്.
തൃശൂർ: ചിതലരിച്ച് ജീർണിച്ച കഴുക്കോലുകൾ, പൊട്ടിപ്പൊളിഞ്ഞ ഓടുകൾ, ഒരു മഴ പെയ്താൽ വെള്ളം മുഴുവൻ വീട്ടിലാണ്. തൃശ്ശൂർ ജില്ലയിലെ നാട്ടിക നിയോജകമണ്ഡലത്തിലെ എം.എൽ.എ. ആയ സി.സി. മുകുന്ദന്റെ വീടിന്റെ അവസ്ഥയാണ്. അന്തിക്കാട് കവലയിൽനിന്ന് ഒരുകിലോമീറ്റർ അകലെ ഗവ. ആശുപത്രി റോഡിനു സമീപമുള്ള അഞ്ചര സെന്റിലാണ് സി.പി.ഐ. നേതാവ് കൂടിയായ എം.എൽ.എയുടെ കൊച്ചുവീട്. കാലപ്പഴക്കമുള്ള ഈ ഓടിട്ടവീട് ഇപ്പോൾ ജപ്തി ഭീഷണിയിലും കൂടിയാണ്.
സഹകരണ സംഘത്തിൽ നിന്ന് വായ്പ എടുത്തതിന്റെ 18 ലക്ഷത്തിലധികം രൂപ കടക്കാരനാണ് മുകുന്ദൻ. എംഎൽഎ കാലാവധി അവസാനിക്കുന്ന മുറയ്ക്ക് കാറ് വിറ്റ് കുറച്ച് കടം വീട്ടാമെന്നും, വീടുവിറ്റ് മറ്റെവിടെയെങ്കിലും മാറാനും ആണ് മുകുന്ദൻ ആലോചിക്കുന്നത്. മേൽക്കൂര ചോർന്നൊലിച്ച് വീടിനുള്ളിൽ കെട്ടിനിന്ന വെള്ളം കഴിഞ്ഞദിവസം എംഎൽഎ ഒന്ന് വീഴ്ത്തി. പ്രധാനവാതിൽ തുറന്ന് ഹാളിനുള്ളിൽ പ്രവേശിച്ച എം.എൽ.എ. തറയിൽ വെള്ളം കിടന്നതാറിയാതെ വീഴുകയായിരുന്നു. കാലിൽ വേദനയും നീരുമുള്ളതിനാൽ സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടി. ഡോക്ടർമാർ 15 ദിവസം വിശ്രമം നിർദ്ദേശിച്ചിട്ടുണ്ട്.
വിഎസ് അച്യുതാനന്ദന് അന്തിമോപചാരം അർപ്പിച്ച് വീട്ടിലെത്തിയതായിരുന്നു അദ്ദേഹം. കനത്ത മഴയിൽ പെയ്ത വെള്ളം മൊത്തം വീട്ടിൽ ഉണ്ടായിരുന്നു. വീട്ടിലെത്തിയ എംഎൽഎ ഹാളിൽ തെന്നിവീണ് കാൽമുട്ടിനു പരുക്കേറ്റ് കിടപ്പിലായി. വിഎസിന്റെ സംസ്കാരച്ചടങ്ങിൽ പങ്കെടുത്ത് തിരിച്ചെത്തി വീട്ടിലേക്കു കയറുമ്പോഴാണ് കാലിടറി വീണത്. പണ്ടൊരു ചെറിയ കുടിലായിരുന്നു. പിന്നീട് ഓട് മേഞ്ഞു. ഓടിട്ട വീടിന്റെ ഹാളും കിടപ്പുമുറികളും ഇപ്പോൾ മഴ പെയ്താൽ ചോർന്നൊലിക്കും. മുന്നിലെ വരാന്തയുടെയും അടുക്കളയുടെയും മേൽക്കൂരകൾ കോൺക്രീറ്റ് ചെയ്തതിനാൽ അവിടം ചോരില്ല.
2015ൽ മകളുടെ വിവാഹ ആവശ്യങ്ങൾക്കായി കാരമുക്ക് സഹകരണബാങ്കിൽ നിന്ന് വായ്പയെടുത്തിരുന്നു. ആറ് ലക്ഷമാണ് അന്നെടുത്തത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനിടെ വായ്പ പുതുക്കിയതോടെ എല്ലാം കൂടി 18 ലക്ഷം രൂപയായി. അതാണ് ഇപ്പോൾ ജപ്തിയുടെ വക്കിൽ എത്തിനിൽക്കുന്നത്. എംഎൽഎ ആയതു കൊണ്ട് മാത്രം വീട് ജപ്തി ചെയ്യുന്നില്ല എന്ന് മാത്രം. എം.എൽ.എയായപ്പോൾ വീടൊന്ന് പുതുക്കണമെന്ന് കരുതിയെങ്കിലും വാങ്ങിയ കാറിന്റെ തിരിച്ചടവ് കഴിഞ്ഞേ എംഎൽഎ ഓണറിയം ലഭിക്കുകയുള്ളൂ.
കാർ വാങ്ങാനായി സർക്കാർ അനുവദിച്ച 10 ലക്ഷത്തിന്റെ തിരിച്ചടവായി മാസംതോറും 28,000 കെട്ടണം. ഒപ്പം ബാങ്ക് വായ്പയും അടയ്ക്കണം. അതോടെ വരുമാനംമുട്ടും. രണ്ടുതവണ പഞ്ചായത്തംഗമായിരുന്ന ഭാര്യ രാധികയ്ക്ക് വരുമാനമൊന്നുമില്ല. രണ്ടുപെൺമക്കളും താത്‌കാലികജീവനക്കരാണ്. അന്തിക്കാട് ചെത്തുതൊഴിലാളി സഹകരണസംഘത്തിൽ അറ്റൻഡറായിരുന്നു മുകുന്ദൻ. ഈയിനത്തിൽ തുച്ഛമായ പെൻഷനുണ്ട്. എംഎൽഎ എന്നനിലയിലുള്ള ഓണറേറിയമുണ്ട്. പക്ഷേ, ഇതൊന്നും രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ആവുന്നില്ല. ഒരു പഞ്ചായത്ത് അംഗം പോലും അല്ലാത്ത രാഷ്ട്രീയക്കാർ കോടികളുടെ ആഡംബര വീട്ടിൽ താമസിക്കുമ്പോഴാണ് ഒരു എംഎൽഎ ഏതു നിമിഷവും ജപ്തി ചെയ്യാവുന്ന ഒരു വീട്ടിൽ അന്തിയുറങ്ങുന്നത്.


