വ്യാവസായിക ആവശ്യങ്ങൾക്കാണ് പാമ്പാടുംചോലയിൽ ഹെക്ടർ കണക്കിന് സ്ഥലത്ത് വാറ്റിൽ, പൈൻ മരങ്ങൾ വച്ചുപിടിപ്പിച്ചത്. ഇതോടെ ജല സ്രോതസുകൾ വറ്റിവരണ്ടു. കാട്ടുപോത്തുകളും കാട്ടാനകളുമെല്ലാം ഇവിടം വിട്ടൊഴിഞ്ഞിരുന്നു...

ഇടുക്കി: അധിനിവേശ മരങ്ങളും സസ്യങ്ങളും ഒഴിവാക്കി സ്വാഭാവിക പുൽമേടുകളാക്കുന്ന പദ്ധതി കൂടുതല്‍ സ്ഥലങ്ങളിലേക്ക്. മൂന്നാർ വനം വന്യജീവി വകുപ്പ് ഡിവിഷനു കീഴിലുളള പാമ്പാടുംചോല, പട്ടിയാങ്കൽ എന്നിവടങ്ങളിലെ പദ്ധതി വൻ വിജയമായതോടെയാണിത്.

വ്യാവസായിക ആവശ്യങ്ങൾക്കാണ് വർഷങ്ങൾക്ക് മുൻപ് സാമൂഹിക വനവത്കരണ പദ്ധതിയുടെ ഭാഗമായി പാമ്പാടുംചോലയിൽ ഹെക്ടർ കണക്കിന് സ്ഥലത്ത് വാറ്റിൽ, പൈൻ മരങ്ങൾ വച്ചുപിടിപ്പിച്ചത്. മരങ്ങൾ വളർന്നതോടെ മേഖലയിലെ ജല സ്രോതസുകൾ വറ്റിവരണ്ടു. ആവാസ വ്യവസ്ഥയ്ക്ക് മാറ്റം വന്നതോടെ കാട്ടുപോത്തുകളും കാട്ടാനകളും ഉൾപ്പെടെയുള്ള മൃഗങ്ങൾ ഇവിടം വിട്ടൊഴിഞ്ഞിരുന്നു.

2019ല്‍ പഴത്തോട്ടത്തുണ്ടായ കാട്ടുതീയില്‍ 38 ഹെക്ടറിലധികം സ്ഥലം കത്തിനശിച്ചിരുന്നു. ഇവിടുണ്ടായിരുന്ന വാറ്റിൽ, പൈൻ മരങ്ങൾ എന്നിവ കത്തിനശിച്ചതോടെയാണ് ഇവിടെ യുഎന്‍ഡിപി ഫണ്ട് ഉപയോഗിച്ച് പുല്‍മേടാക്കി മാറ്റാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ പദ്ധതി തയ്യാറാക്കിയത്. ഇതിനായി ഹരിത വസന്തം എന്ന പേരില്‍ ഇക്കോ ഡവലപ്‌മെന്റ് കമ്മിറ്റി രൂപീകരിച്ചായിരുന്നു പ്രവര്‍ത്തനം. ആദിവാസികളും പ്രദേശവാസികളുമായ ഇഡിസി അംഗങ്ങളാണ് പുല്‍മേടാക്കുന്ന പദ്ധതിക്കു നേതൃത്വം നല്‍കിയത്. 

കത്തിപ്പോയ മരങ്ങളുടെ കുറ്റികള്‍ പിഴുതു മാറ്റിയ ശേഷമാണ് പുല്ലു വച്ചുപിടിപ്പിച്ചത്. ആദ്യ വര്‍ഷം 15 ഹെക്ടറും തുടര്‍ന്നുള്ള രണ്ടു വര്‍ഷങ്ങളില്‍ 20 ഹെക്ടര്‍ വീതവും പുല്‍മേടാക്കി മാറ്റാനായി. പ്രദേശം സ്വാഭാവിക പുല്‍മേടായി മാറിയതോടെ കാട്ടുപോത്തും കാട്ടാനകളും മാനും ഉള്‍പ്പടെയുള്ള മൃഗങ്ങള്‍ പുല്‍മേടുകളിലെ നിത്യസന്ദര്‍ശകരായി മാറി. പ്രദേശത്തെ അരുവികള്‍ പുനരുജ്ജീവിച്ചതോടെ ചിലന്തിയാർ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിൽ ജലലഭ്യത വർധിച്ചു. 

പാമ്പാടുംചോലയിൽ അധിനിവേശ സസ്യങ്ങള്‍ വളര്‍ന്നു നില്‍ക്കുന്ന 350 ഹെക്ടറിലധികം സ്ഥലം ഇനിയുമുണ്ട്. നബാർഡ്, വൻകിട കമ്പനികളുടെ സിഎസ് ആർ ഫണ്ട് എന്നിവയുടെ സഹായം ലഭിക്കുന്ന മുറയ്ക്ക് ഈ പ്രദേശങ്ങളില്‍ കൂടി സ്വഭാവിക വനവും പുൽമേടുകളും വച്ചു പിടിപ്പിക്കുകയാണ് ലക്ഷ്യമെന്ന് വൈൽഡ് ലൈഫ് വാർഡൻ എസ്.വി വിനോദ് പറഞ്ഞു. 

നിലവില്‍ പുല്‍മേടുകളാക്കി മാറ്റിയ സ്ഥലത്ത് വിനോദ സഞ്ചാരികൾക്കായി ഇക്കോ ടൂറിസം പദ്ധതിയും തുടങ്ങിയിട്ടുണ്ട്. പൂര്‍ണമായും പ്രകൃതിദത്ത രീതിയില്‍ നിര്‍മിച്ച കോട്ടേജുകളിൽ നാലു കുടുംബത്തിന് താമസിക്കാൻ കഴിയും. ഇതോടൊപ്പം പുല്‍മേടുകളിലൂടെ മൂന്ന് മണിക്കൂര്‍ നീളുന്ന പ്രത്യേക ട്രക്കിംഗ് പരിപാടിയും വനംവകുപ്പ് നടത്തുന്നുണ്ട്.