വീടിന് മുന്നിൽ പോത്തിനെ കെട്ടുന്നതിനെച്ചൊല്ലി തിരുവനന്തപുരത്ത് അയൽവാസികൾ തമ്മിൽ തല്ലി. ഷാജഹാനും ഷാനിഖും തമ്മിലാണ് സംഘർഷമുണ്ടായത്

തിരുവനന്തപുരം: വീടിനു മുന്നിൽ പോത്തിനെ കെട്ടുന്നതിനെച്ചൊല്ലി അയൽവാസികൾ തമ്മിൽ തല്ലി ആശുപത്രിയിലായി. പുല്ലമ്പാറ പേരുമല മൂഴിയിൽ സ്വദേശി ഷാജഹാൻ സമീപവാസിയായ ഷാനിഖ് എന്നിവരാണ് തമ്മിലടിച്ചത്. ഇരുവർക്കും പരുക്കേറ്റതിനാൽ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഷാനിഫ് ആണ് ആക്രമിച്ചതെന്ന് ഷാജഹാനും, ഷാജഹാൻ ആക്രമിച്ചതായി ഷാനിഫും പരാതി നൽകിയതായി വെഞ്ഞാറമൂട് പൊലീസ് അറിയിച്ചു.

ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. ഷാജഹാന്‍റെ വീടിനു മുന്നിൽ ഷാനിഫ് പോത്തിനെ കെട്ടിയിരുന്നത് ചോദ്യം ചെയ്താണ് തർക്കമുണ്ടായതെന്നും ഇതിൽ പരാതി നൽകിയതാണ് സംഘർഷത്തിൽ കലാശിച്ചതെന്നും പൊലീസ് പറയുന്നു. തടയാൻ വന്ന ഷാജഹാന്‍റെ ഭാര്യക്ക്‌ നേരെയും കയ്യേറ്റം ഉണ്ടായെന്നും വിവരമുണ്ട്. പരാതി ലഭിച്ചത് വൈകിയാണെന്നും നാളെ അന്വേഷിച്ച് തുടർനടപടി സ്വീകരിക്കുമെന്നും വെഞ്ഞാറമ്മൂട് പൊലീസ് പറഞ്ഞു.

ഒമാനിൽ നിന്ന് വാങ്ങി ഫ്ളാസ്‌കുകളിലുൾപ്പെടെ ഒളിപ്പിച്ച് നാട്ടിലെത്തിച്ചു; എംഡിഎംഎ കേസിൽ അറസ്റ്റ് രേഖപ്പെടുത്തി

അതിനിടെ മലപ്പുറത്ത് നിന്നും പുറത്തുവന്ന വാർത്ത നെടിയിരുപ്പിലെ വീട്ടില്‍നിന്ന് അരക്കോടി രൂപ വിലമതിക്കുവന്ന 1.665 കിലോഗ്രാം എം ഡി എം എ പിടികൂടിയ കേസില്‍ കൊണ്ടോട്ടി നെടിയിരുപ്പ് ചിറയില്‍ മുക്കൂട് മുള്ളന്‍മടക്കല്‍ ആഷിഖിന്റെ (27) അറസ്റ്റ് രേഖപ്പെടുത്തി എന്നതാണ്. കരിപ്പൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ എം അബ്ബാസലിയുടെ നേതൃത്വത്തിലുള്ള സംഘം, പ്രതി റിമാന്‍ഡില്‍ കഴിയുന്ന മട്ടാഞ്ചേരി സബ് ജയിലിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൊച്ചിയിലെ മയക്കുമരുന്ന് കേസുകളുമായി ബന്ധപ്പെട്ടാണ് ഇയാള്‍ സബ് ജയിലില്‍ കഴിയുന്നത്. ഇയാളെ ബുധനാഴ്ച മഞ്ചേരി എന്‍.ഡി.പി.എസ് കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങുമെന്ന് അന്വേഷണ സംഘം അറിയിച്ചു. കൊച്ചിയുടെ വിവിധ ഭാഗങ്ങളിലേക്ക് ഒമാനിൽ നിന്ന് എം.ഡി.എം.എ എത്തിച്ചതിന് മട്ടാഞ്ചേരി പൊലീസ് മാര്‍ച്ച് ഏഴിനാണ് ആഷിഖിനെ അറസ്റ്റ് ചെയ്തിരുന്നത്. തുടര്‍ന്ന് മാര്‍ച്ച് 10 ന് ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡാന്‍സാഫ് സംഘവും കരിപ്പൂര്‍ പൊലീസും ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ വന്‍ എം ഡി എം എ ശേഖരം കണ്ടെടുത്തിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം