പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം കൈവരിച്ച് നേപ്പാള്‍ സ്വദേശിനിയായ വിനീത. കൊടകര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാർഥിനിയായിരുന്ന വിനീത, നാല് വിഷയങ്ങളില്‍ 'എ' പ്ലസും രണ്ട് വിഷയങ്ങളില്‍ 'എ' ഗ്രേഡും നേടിയാണ് മിന്നിച്ചത്. 

തൃശൂര്‍: മറുനാടിന്റെ മകളാണെങ്കിലും കേരളത്തിന്റെ മണിമുത്താണ് നേപ്പാള്‍ സ്വദേശിയായ വിനീത. ജന്മനാടിന്റെ അതിരുകള്‍ക്കപ്പുറം കേരളത്തിന്റെ ഈ അക്ഷരമുറ്റത്ത് വന്ന് പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം കൈവരിച്ചിരിക്കുകയാണ് നേപ്പാള്‍ സ്വദേശിനിയായ ഈ മിടുക്കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജീവനമാര്‍ഗം തേടി മാതാപിതാക്കള്‍ കേരളക്കരയിലെത്തുമ്പോള്‍ ഈ നാടും ഭാഷയും അവര്‍ക്ക് തികച്ചും അപരിചിതമായിരുന്നു. എന്നാല്‍, അപരിചിതത്വത്തിന്റെ ആ വേലിക്കെട്ടുകളെ സ്‌നേഹത്തോടെയും കൗതുകത്തോടെയും അതിജീവിച്ച് മലയാളമെന്ന മാതൃഭാഷയെ നെഞ്ചോട് അവര്‍ ചേര്‍ത്തുപിടിച്ചു. കൊടകര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു പ്ലസ്ടു പഠനം പൂര്‍ത്തീകരിച്ചത്. നാല് വിഷയങ്ങളില്‍ 'എ' പ്ലസ് നേടി. രണ്ട് വിഷയങ്ങളില്‍ 'എ' ഗ്രേഡും നേടി.

കല്ലേറ്റുംകര എസ്റ്റേറ്റിലെ എഡി ആന്‍ഡ് സണ്‍സ് മിഠായി കമ്പനിയിലെ ജോലിക്കെത്തിയവരാണ് വിനീതയുടെ പിതാവ് ബര്‍ബഹാദും മാതാവ് പൂജയും. ഒന്നാം ക്ലാസ് മുതല്‍ നാലാം ക്ലാസുവരെ കല്ലേറ്റുംകര പള്ളിക്ക് കീഴിലുള്ള ഐജെ എല്‍പി സ്‌കൂളിലും അഞ്ചാം ക്ലാസുമുതല്‍ എസ്എസ്എല്‍സി വരെ കല്ലേറ്റുംകര ബിവിഎം സ്‌കൂളിലുമായിരുന്നു പഠനം പൂര്‍ത്തീകരിച്ചത്. എസ്എസ്എല്‍സിക്ക് മുഴുവന്‍ വിഷയത്തിലും 'എ' പ്ലസ് നേടിയിരുന്നു. പാഠ്യേതര രംഗത്തും വിനീത സജീവമായിരുന്നു.

ക്ലാസിക്കല്‍ നൃത്തങ്ങളില്‍ സമ്മാനങ്ങള്‍ ഏറെ നേടിയിട്ടുണ്ട്. ഹിന്ദി ഉപന്യാസ മത്സരത്തിലും പങ്കെടുത്തിട്ടുണ്ട്. സഹോദരന്‍ വിഷാല്‍ ഈ വര്‍ഷം പത്താം ക്ലാസിലും സഹോദരി ജാനകി ആറാം ക്ലാസിലുമാണ് പഠിക്കുന്നത്. ഇരുവരും കല്ലേറ്റുംകര ബിവിഎം സ്‌കൂളിലാണ് പഠനം.

ഇന്റസ്ട്രിയല്‍ എസ്റ്റേറ്റിലെ ഒറ്റമുറി വീട്ടിലാണ് ഈ കുടുംബത്തിന്റെ താമസം. ബികോം പഠനം നടത്തി ചാര്‍ട്ടേഡ് അക്കൗണ്ടന്റാവണമെന്നാണ് മോഹം. പ്രതിസന്ധികളുടെ കനല്‍വഴികള്‍ താണ്ടി അവള്‍ നേടിയെടുത്ത ഈ വിജയം കേവലമൊരു പരീക്ഷാഫലമല്ല, മറിച്ച് നിശ്ചയദാര്‍ഢ്യത്തിന്റെ പ്രകാശം പരത്തുന്ന ഒരു നേര്‍സാക്ഷ്യമാണ്.